വികസന വിരോധികളുടെ വിരട്ടൽ നടക്കില്ല : മുഖ്യമന്ത്രി

തിരുവനന്തപുരം : ഗെയിൽ വിരുദ്ധ സമരത്തിനെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വികസന വിരോധികളുടെ വിരട്ടലിന് സർക്കാർ വഴങ്ങില്ലെന്നും നാടിന്‍റെ വികസനത്തിന് ചിലർ തടസം നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വികസന വിരോധികളുടെ സമ്മർദ്ദത്തിനോ വിരട്ടലിനോ വഴങ്ങി സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനായി ആസൂത്രണം ചെയ്ത പദ്ധതികൾ നിർത്തിവെക്കാനോ ഉപേക്ഷിക്കാനോ മരവിപ്പിക്കാനോ സർക്കാർ ഉദ്ദേശിക്കുന്നില്ല. നാടിന്റെ വികസനത്തിനായി ചിലർ തടസം നിൽക്കുകയാണ്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് നമ്മുടെ നാട്ടിൽ തൊഴിൽ ലഭിക്കാത്ത സാഹചര്യമാണ് ഉള്ളത്. എന്ത് വികസനം കൊണ്ടുവന്നാലും എതിർക്കാൻ ഒരു വിഭാഗം മുന്നിട്ടിറങ്ങുകയാണ്. എന്നാൽ വികസന വിരോധികളുടെ സമരത്തിൽ പദ്ധതികൾ നിർത്തുന്ന കാലം മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിനിെട മുക്കത്ത് ഗെയിൽ പൈപ്പ് ലൈൻ പദ്ധതിക്കെതിരെ സമരം നടത്തുന്നവരുമായുള്ള ചർച്ചയിലേക്ക് സമരസമിതി അംഗങ്ങളേയും സർക്കാർ ഔദ്യോഗികമായി ക്ഷണിച്ചു. നാളെ വൈകീട്ട് നാലിന് കോഴിക്കോട് കളക്ടറേറ്റിലാണ് ചർച്ച. സമര സമിതിയിലെ രണ്ട് പ്രതിനിധികളോട് ചർച്ചയിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെടാൻ വ്യവസായമന്ത്രി എ.സി മൊയ്തീൻ ജില്ലാ കളക്ടറോട് നിർദേശിച്ചു. നേരത്തെ, സർവകക്ഷിയോഗത്തിലേക്ക് സമരസമിതിയെ ക്ഷണിച്ചിരുന്നില്ല. ചർച്ചയിൽ പങ്കെടുക്കുമെന്ന് ഗെയിൽ വിരുദ്ധ സമരസമിതി അറിയിച്ചു. ഗെയിൽ പൈപ്പ് ലൈൻ പണി പൂർണമായും നിറുത്തിവയ്ക്കാതെ സർക്കാരുമായി യാതൊരു വിധ ചർച്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിലായിരുന്നു നേരത്തെ സമരസമിതി.