കുരുന്ന് പ്രതിഭകളുടെ വർണ്ണ വിസ്മയങ്ങൾക്ക് തിരി തെളിഞ്ഞു

മനാമ: കുരുന്ന് പ്രതിഭകളുടെ ചിന്തകളും ഭാവനകളും വർണ്ണങ്ങളുടെ ഭാവനകളായി വിരിയുന്ന സ്പെക്ട്ര വർണ്ണോത്സവ് 2017ന് ഇന്നലെ രാവിലെ ഇന്ത്യൻ സ്‌കൂൾ ജഷൻമാൾ ഹാളിൽ തിരി തെളിഞ്ഞു. ഇന്ത്യൻ എംബസി സെക്കൻസ് സെക്രട്ടറി പി.കെ ചൗധരി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, സെക്രട്ടറി ഷെമിലി പി. ജോൺ, കേരളീയ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വീരമണി, ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ പളനി സ്വാമി, ഐ.സി.ആർ.എഫ് ചെയർമാൻ ഭഗവാൻ അസർപോട്ട, സെക്രട്ടറി അരുൾ ദാസ് തുടങ്ങിയവരും സംസാരിച്ചു. ഐ.സി.ആർ.എഫ് അംഗങ്ങൾ, ഫൈബർ കാസ്‌ലെ പ്രതിനിധി അനീഷ്, സ്പെക്ട്ര കൺവീനർമാരായ യു.കെ മേനോൻ, റോസ്ലിൻ, ബഹ്‌റൈനിലെ വിവിധ സംഘടനാ പ്രതിനിധികളും സംബന്ധിച്ചു.
വിവിധ പ്രായത്തിലുള്ള കുട്ടികളുടെ മത്സരം രാവില 7:45 മുതൽ ആരംഭിച്ചു. 5−-8 വയസുവരെയുള്ള കുട്ടികളുടെ വിഭാഗത്തിൽ 350ഓളം പേർ മാറ്റുരച്ചു. വിവിധ വിഭാഗങ്ങളിലായി 1400ൽപരം കുട്ടികൾ ഇന്ന് വൈകീട്ട് 5 മണിയാകുന്പോഴേയ്ക്കും അവരുടെ സർഗ്ഗ ഭാവനകൾ കടലാസുകളിലേയ്ക്ക് പകർത്തും. കഴിഞ്ഞ തവണത്തേതിനേക്കാൾ 150ഓളം വിദ്യാർത്ഥികൾ കൂടുതൽ ഇത്തവണ മത്സരിക്കാൻ എത്തി എന്നതും, ഇന്ത്യൻ സ്‌കൂൾ, ഏഷ്യൻ സ്‌കൂൾ, ന്യൂ ഇന്ത്യൻ സ്‌കൂൾ, സേക്രഡ് ഹാർട്ട് സ്‌കൂൾ, ന്യൂ മില്ലേനിയം സ്‌കൂൾ, ന്യൂ ഹൊറൈസൺ സ്‌കൂൾ, അൽ നൂർ ഇന്റർനാഷണൽ സ്‌കൂൾ, ഇബ്ൻ അൽ ഹൈഥം സ്‌കൂൾ എന്നീ ഇന്ത്യൻ സ്‌കൂളുകൾ കൂടാതെ എ.എം.എ ഇന്റർനാഷണൽ സ്‌കൂൾ, ക്വാളിറ്റി എജ്യൂക്കേഷൻ സ്‌കൂൾ, അബ്ദുൽ റഹ്മാൻ കാനു ഇന്റർനാഷണൽ സ്‌കൂൾ, ഇബെൻസീർ സ്‌കൂൾ, ന്യൂ ജനറേഷൻ സ്‌കൂൾ, ഫിലിപ്പീൻസ് സ്‌കൂൾ, അൽ നസീം ഇന്റർനാഷണൽ സ്‌കൂൾ, അറേബ്യൻ പേൾ ഗൾഫ് സ്‌കൂൾ, ഹവാർ ഇന്റർനാഷണൽ സ്‌കൂൾ, അൽ മുഹമ്മദ് ഡേ ബോർഡിങ്ങ് സ്‌കൂൾ, മോഡേൺ നോളജ് സ്‌കൂൾ, റിഫാ വ്യൂ ഇന്റർനാഷണൽ സ്‌കൂൾ, ന്യൂ സിങ്ങ് കിന്റർഗാർഡൻ എന്നിങ്ങനെ നിരവധി അന്യ രാജ്യങ്ങളിൽ നിന്നടക്കമുള്ള സമൂഹത്തിന്റെ സ്‌കൂളുകളും സ്പെക്ട്രയിൽ ഭാഗഭാക്കായി.
നവംബർ 25ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടക്കുന്ന ഫിനാലെയിൽ വിജയികളെ പ്രഖ്യാപിക്കും. മികച്ച രചനകൾ സ്‌പെക്ട്ര ഫിനാലെയിൽ പ്രകാശനം ചെയ്യുന്ന കലണ്ടറിൽ ഉൾപ്പെടുത്തും. ഇന്ത്യൻ അംബാസിഡർ അലോക് കുമാർ സിൻഹ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായിരിക്കും. വിജയികളെ ഫിനാലെയിൽ ആദരിക്കുകയും ചെയ്യും. ഇത്തവണ ഓരോ വിഭാഗത്തിലും മികച്ച രചന നിർവ്വഹിച്ച കുട്ടികൾക്ക് സ്വർണ്ണ മെഡൽ സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.
സ്‌പെക്ട്രയുടെ ഭാഗമായി ലഭിക്കുന്ന വരുമാനം ഇന്ത്യൻ പ്രവാസി സമൂഹത്തിലെ സാധാരണക്കാരുടെ ക്ഷേമത്തിനായാണ് വിനിയോഗിക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു. ഇന്ത്യൻ പ്രവാസി സമൂഹത്തിലെ 100 ദിനാറിൽ താഴെ മാസ വരുമാനത്തിലുള്ള തൊഴിലാളികൾക്ക് വേണ്ടിയുള്ള വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
കൂടുതൽ വിവരങ്ങൾക്ക് അരുൾ ദാസ് തോമസ് (39863008), യു.കെ മേനോൻ (36080404), റോസലിൻ ചാർലി (39290346) എന്നിവരെ സമീപിക്കാവുന്നതാണ്.