വ്യായാമ പരിശീലന കേന്ദ്രങ്ങളിൽ പരിശീലകരില്ലാത്തത് അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നു

രാജീവ് വെള്ളിക്കോത്ത്
മനാമ : പ്രവാസികളിൽ ഹൃദയാഘാത നിരക്ക് വർദ്ധിച്ചതോടെ വ്യായാമ പരിശീലന കേന്ദ്രങ്ങളിൽ എത്തുന്ന പ്രവാസികളുടെ എണ്ണവും വർദ്ധിച്ചു വരുന്നുണ്ട്. എന്നാൽ ബഹ്‌റൈനിലെ മിക്ക വ്യായാമ പരിശീലന കേന്ദ്രങ്ങളിലും ജിംനേഷ്യം സെന്ററുകളിലും കൃത്യമായ പരിശീലകരോ വഴികാട്ടികളോ ഇല്ലാത്തത് കാരണം പലരും തെറ്റായ വ്യായാമ മുറകളിലേയ്ക്ക് നീങ്ങുന്നു. ജിംനേഷ്യം പരിശീലന കേന്ദ്രത്തിൽ െവച്ച് തന്നെ രണ്ട് പേർ മരിക്കാനിടയായ സാഹചര്യം ഇപ്പോൾ അധികൃതർ അന്വേഷിച്ചു വരികയാണ്. വ്യായാമം ചെയ്യാനുള്ള പ്രവാസികളുടെ താൽപ്പര്യത്തെയും ശാരീരിക സൗന്ദര്യം വർദ്ധിപ്പിക്കാനെത്തുന്നവരുടെയും താൽപ്പര്യങ്ങളെ മുതലെടുത്തുകൊണ്ട് നിരവധി ജിംനേഷ്യം കേന്ദ്രങ്ങളാണ് രാജ്യത്ത് കൂൺ പോലെ മുളച്ചു പൊങ്ങുന്നത്. അവിടെയെല്ലാം നിരവധി യാന്ത്രിക മെഷിനറികൾ ഉണ്ടെങ്കിലും പലതിലും വേണ്ട വിധത്തിൽ പരിശീലനം നൽകാനുള്ള പരിശീലകരില്ല. അതുകൊണ്ട് തന്നെ ഉപഭോക്താക്കൾ അവരുടെ സൗകര്യത്തിനും സമയത്തിനുമാണ് സ്വയം പരിശീലനം നടത്തുന്നത്. ഇത് പല അപകടങ്ങൾക്കും തെറ്റായ ശാരീരിക ക്രമങ്ങളിലേയ്ക്കും അവരെക്കൊണ്ടെത്തിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
സാധാരണ നിലയിൽ നടപ്പ്, സൈക്കിളിങ്, ജോഗിങ്, നീന്തൽ തുടങ്ങിയ വ്യായാമങ്ങളാണ് ഡോക്ടർമാർ നിർദ്ദേശിക്കാറുള്ളത്. പ്രമേഹത്തെ നിയന്ത്രിക്കാനും കൊഴുപ്പ് കുറയ്ക്കാനും ഇത്തരം വ്യായാമം ആവശ്യമാണ്. എന്നാൽ വ്യായാമം ചെയ്ത് ശീലമില്ലാത പലരും വെയ്റ്റ് ലിഫ്റ്റിങ് പോലുള്ള വ്യായാമ മുറകളിലേയ്ക്ക് മാറുന്നത് അപകടമാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്. സൈക്കിളിങ്, ജോഗിങ് പോലുള്ള വ്യായാമ മുറകൾ തീർത്തും ഉപേക്ഷിച്ചിട്ടല്ല ലിഫ്റ്റിങ് പോലുള്ള വ്യായാമ മുറകളിൽ ഏർപ്പെടേണ്ടതെന്നും ഇവർ പറയുന്നു. വിദഗ്ദ്ധ ഉപദേശമില്ലാതെ അമിതഭാരം ഉപയോഗിച്ച് ജിംനേഷ്യങ്ങളിൽ പരിശീലനം നടത്തുന്നത് ഗുണത്തേക്കാൾ ഏറെ ദോഷമാണുണ്ടാവുകയെന്നും ഡോക്ടർമാർ പറയുന്നു.
എത്ര ലളിതമാണെങ്കിലും പതിവില്ലാത്ത വ്യായാമ മുറകൾ അഭ്യസിക്കുന്പോൾ തുടക്കത്തിൽ പരിശീലകന്റെ സാന്നിധ്യം അത്യാവശ്യമാണ്. ചുരുക്കം ചില സ്ഥാപനങ്ങൾ ഒഴിച്ചാൽ ജിംനേഷ്യം കേന്ദ്രങ്ങളിൽ പലതിലും ഇത്തരം വിദഗ്ദ്ധരുടെ സേവനം നൽകുന്നില്ല. മാസാമാസം കൃത്യ സമയത്ത് പണം വാങ്ങുന്നതല്ലാതെ യാതൊരുവിധ ഗൈഡൻസും ഉണ്ടാകുന്നില്ലെന്നതാണ് പല ഉപഭോക്താക്കളും പറയുന്നത്. വ്യായാമ മുറകൾക്ക് കൃത്യമായ രീതിയുണ്ടെന്നും ഓരോരുത്തർക്കും ആവശ്യമായ ഫിറ്റ്നസ് പ്ലാനോടെ പരിശീലനം നടത്തണമെന്നും ഓരോരുത്തരുടെയും ശരീര പ്രകൃതിയും ഭക്ഷണ രീതികളും അടക്കം അറിഞ്ഞ് വേണം അവരുടെ വ്യായാമ മുറകൾ നിശ്ചയിക്കാനെന്നും ഫിറ്റ്നസ് വിദഗ്ദ്ധർ പറ
യുന്നു.
ബഹ്‌റൈനിലെ മിക്ക പാർക്കുകളിലും രാവിലെയും വൈകീട്ടും ജോഗ്ഗിംഗ് നടത്തുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്നത് പ്രവാസികൾ ആരോഗ്യ രംഗത്ത് ശ്രദ്ധ പതിപ്പിക്കാൻ തുടങ്ങി എന്നുള്ളതിന് ഉദാഹരമാണ്. എന്നാൽ ജോജിംഗിനായുള്ള സ്ഥലങ്ങളിൽ പലയിടത്തും ഇരുട്ടിക്കഴിഞ്ഞാൽ കൃത്യമായ വെളിച്ചം ഉണ്ടാകുന്നില്ലെന്നും ആന്റലാസ് ഗാർഡൻ അടക്കമുള്ള സ്ഥലങ്ങളിൽ ഇപ്പോൾ വൈകീട്ട് സാമൂഹ്യ വിരുദ്ധരുടെ ശല്യമുണ്ടെന്നും സ്ത്രീകൾ പരാതിപ്പെടുന്നു.