ബഹ്റൈനിൽ പ്രവാസികളുടെ ഹൃദയാഘാത നിരക്ക് വർദ്ധിക്കുന്നു

രാജീവ് വെള്ളിക്കോത്ത്
മനാമ : ബഹ്‌റൈൻ പ്രവാസികൾക്കിടയിൽ ഹൃദയാഘാത നിരക്ക് വർദ്ധിക്കുന്നു. ഇന്ന് രാവിലെ സൽമാനിയ ആശുപത്രിയിൽ െവച്ച് മരിച്ച ഇസ്മയിലിന്റെ മരണത്തോടെ, ജൂൺ മാസം മുതൽ മരിച്ചവരുടെ കണക്ക് പരിശോധിച്ചാൽ ഏകദേശം എൺപതോളം പ്രവാസികളാണ് മരണപ്പെട്ടിരിക്കുന്നത്. ഇതിൽ ഏറിയ കൂറും ഹൃദയാഘാതം മൂലമാണ് മരിച്ചിരിക്കുന്നത്.
ജീവിത ശൈലീ രോഗങ്ങളായ കൊളസ്‌ട്രോൾ, പ്രമേഹം, രക്ത സമ്മർദ്ദം തുടങ്ങിയവയെല്ലാമാണ് പൊതുവെ പ്രവാസികൾക്ക് പിടിപെടുന്ന രോഗങ്ങൾ. ഇത് പിന്നീട് ഹൃദയാരോഗ്യത്തെ പോലും ബാധിക്കുകയും ചെയ്യുന്നു.
ഗൾഫ് ലോകത്തെ ജീവിത ശൈലിയും പുകവലിയും ഭക്ഷണ ക്രമങ്ങളുമാണ് ഇത്തരം രോഗാവസ്ഥയിൽ അവരെ എത്തിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ കണ്ടെത്തൽ. ഇതോടൊപ്പം അന്തരീക്ഷ മലിനീകരണവും ചിട്ടയില്ലാത്ത വ്യായാമവും ഹൃദയാഘാതത്തിന് കാരണമാകുന്നുവെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.
പതിവില്ലാത്ത വ്യായാമങ്ങൾ അമിതമായി ആയാസപ്പെട്ട് ചെയ്യുന്നതും കുഴപ്പം സൃഷ്ടിക്കുന്നു. വ്യവസായശാലകളിൽ നിന്നുയരുന്ന പുകയും മഞ്ഞും ചേർന്ന അന്തരീക്ഷം ശ്വസനതടസ്സം സൃഷ്ടിക്കുന്നുണ്ടെന്നും ഇത് ഗുരുതരമായ ഹൃദ്രോഗ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കുമെന്നും വിദഗ്ദ്ധർ പറയുന്നു.