ഐ.സി.ആർ.എഫ് - ഇന്ത്യൻ എംബസി‘സ്‌പെക്ട്ര 2016’ വർണോത്സവം അടുത്ത മാസം

മനാമ : ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) ഇന്ത്യൻ എംബസിയുമായി സഹകരിച്ച് നടത്തുന്ന ചിത്ര രചനാമത്സരം ‘സ്‌പെക്ട്ര 2016’ നവംബർ മൂന്നിന് ഇന്ത്യൻ സ്‌കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
25ഓളം സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്‍ഥികൾ പങ്കെടുക്കും. വിദ്യാർത്‍ഥികളിലെ കലാഭിരുചികൾ പരിപോഷിപ്പിക്കുന്നതിനും സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വാർത്തെടുക്കുന്നതിനുമാണ് സ്‌പെക്ട്ര ലക്ഷ്യമാക്കുന്നതെന്ന് ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി മീര സിസോദിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2009ൽ ആരംഭിച്ച ഫാബെർ കാസെൽ സ്‌പെക്ട്ര ഇത് ഒന്പതാമത് വർഷമാണ് നടക്കുന്നത്.
1500ഓളം വിദ്യാർത്‍ഥികൾ പങ്കെടുക്കുന്ന മേളയിൽ സ്‌കൂൾതല പ്രാഥമിക മത്സരങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുന്ന കുട്ടികളാണ് പങ്കെടുക്കുക. വിദ്യാർത്‍ഥികളെ പ്രായമനുസരിച്ച് (5-−8, 9−-11, 12−-13, 14-−18 എന്നിങ്ങനെ) നാല് ഗ്രൂപ്പുകളായി തിരിക്കും. രാവിലെ ഏഴര മണി മുതൽ നാലര മണി വരെയാണ് സ്‌പെക്ട്ര അരങ്ങേറുന്നത്.
ഇന്ത്യൻ സ്‌കൂൾ, ഏഷ്യൻ സ്‌കൂൾ, ന്യൂ ഇന്ത്യൻ സ്‌കൂൾ, സേക്രഡ് ഹാർട്ട് സ്‌കൂൾ, ന്യൂ മില്ലേനിയം സ്‌കൂൾ, ന്യൂ ഹൊറൈസൺ സ്‌കൂൾ, അൽ നൂർ ഇന്റർനാഷണൽ സ്‌കൂൾ, ഇബ്ൻ അൽ ഹൈഥം സ്‌കൂൾ, എ.എം.എ ഇന്റർനാഷണൽ സ്‌കൂൾ, ക്വാളിറ്റി എജ്യൂക്കേഷൻ സ്‌കൂൾ, അബ്ദുൽ റഹ്മാൻ കാനു ഇന്റർനാഷണൽ സ്‌കൂൾ, ഇബെൻസീർ സ്‌കൂൾ, ന്യൂ ജനറേഷൻ സ്‌കൂൾ, ഫിലിപ്പീൻസ് സ്‌കൂൾ, അൽ നസീം ഇന്റർനാഷണൽ സ്‌കൂൾ, അറേബ്യൻ പേൾ ഗൾഫ് സ്‌കൂൾ, ഹവാർ ഇന്റർനാഷണൽ സ്‌കൂൾ, അൽ മുഹമ്മദ് ഡേ ബോർഡിങ്ങ് സ്‌കൂൾ, മോഡേൺ നോളജ് സ്‌കൂൾ, റിഫാ വ്യൂ ഇന്റർനാഷണൽ സ്‌കൂൾ, ന്യൂ സിങ്ങ് കിന്റർഗാർഡൻ എന്നിങ്ങനെ നിരവധി സ്‌കൂളുകൾ പങ്കെടുക്കും.
നവംബർ 25ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടക്കുന്ന ഫിനാലെയിൽ വിജയികളെ പ്രഖ്യാപിക്കും. മികച്ച രചനകൾ സ്‌പെക്ട്ര ഫിനാലെയിൽ പ്രകാശനം ചെയ്യുന്ന കലണ്ടറിൽ ഉൾപ്പെടുത്തും. ഇന്ത്യൻ അംബാസിഡർ അലോക് കുമാർ സിൻഹ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായിരിക്കും. വിജയികളെ ഫിനാലെയിൽ ആദരിക്കുകയും ചെയ്യും.
സ്‌പെക്ട്രയുടെ ഭാഗമായി ലഭിക്കുന്ന വരുമാനം ഇന്ത്യൻ പ്രവാസി സമൂഹത്തിലെ സാധാരണക്കാരുടെ ക്ഷേമത്തിനായാണ് വിനിയോഗിക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു. ഇന്ത്യൻ പ്രവാസി സമൂഹത്തിലെ 100 ദിനാറിൽ താഴെ മാസവരുമാനത്തിലുള്ള തൊഴിലാളികൾക്ക് വേണ്ടിയുള്ള വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
ഐ.സി.ആർ.എഫ് അർഹരായ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വരെയുള്ള സഹായമാണ് നൽകി വരുന്നത്. 2015 മുതൽ 140 കുടുംബങ്ങൾക്കായി 14 ദശലക്ഷം രൂപ സഹായം നൽകാൻ കഴിഞ്ഞിട്ടുണ്ട്.
പരിപാടിയുടെ നടത്തിപ്പിനായി യു.കെ മേനോൻ ജന.കൺവീനറും റോസലിൻ റോയ് ചാർളി ജോ. കൺവീനറുമായ വിപുലമായ സംഘാടക സമിതിയും രൂപീകരിച്ചു.
വാർത്താ സമ്മേളനത്തിൽ സ്‌പെക്ട്ര ജനറൽ കൺവീനർ യു.കെ മേനോൻ, ഭഗ്‌വാൻ അസർപോട്ട, ഐ.സി.ആർ.എഫ് ജനറൽ സെക്രട്ടറി അരുൾ ദാസ്, റോസലിൻ റോയ് ചാർളി, പങ്കജ് നല്ലൂർ പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്ക് അരുൾ ദാസ് തോമസ് (39863008), യു.കെ മേനോൻ (36080404), റോസലിൻ ചാർലി (39290346) എന്നിവരെ സമീപിക്കാവുന്നതാണ്.