കു­വൈ­ത്ത് മന്ത്രി­സഭ രാ­ജി­വെ­ച്ചു­


കുവൈത്ത് സിറ്റി : കുവൈത്ത് മന്ത്രിസഭ രാജിവെച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹ് സമർപ്പിച്ച മന്ത്രിസഭയുടെ രാജി അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് സ്വീകരിക്കുകയായിരുന്നു. മന്ത്രിസഭാകാര്യ മന്ത്രിയും വാർത്താവിതരണവകുപ്പ് ആക്ടിംങ് മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അൽ സബാഹിനെതിരായ അവിശ്വാസപ്രമേയം പാർലമെന്റ് ചർച്ച ചെയ്യാനിരിക്കെയാണ് തീരുമാനം. പൊതുതിരഞ്ഞെടുപ്പിനെ തുടർന്നു കഴിഞ്ഞ നവംബറിലാണ് മന്ത്രിസഭ അധികാരമേറ്റത്. മന്ത്രി ഷെയ്ഖ് മുഹമ്മദിനെതിരായ അവിശ്വാസം മറികടക്കാനാണ് മന്ത്രിസഭ തന്നെ രാജിവച്ചത്.

ഷെയ്ഖ് മുഹമ്മദിനെ കഴിഞ്ഞാഴ്ച രണ്ട് അംഗങ്ങൾ പാർലമെന്റിൽ കുറ്റവിചാരണ നടത്തിയിരുന്നു. അതിന്റെ തുടർച്ചയായാണ് പത്ത് അംഗങ്ങൾ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. കുറ്റവിചാരണയ്ക്കൊടുവിൽ വോട്ടെടുപ്പില്ലെങ്കിലും അവിശ്വാസ പ്രമേയം വോട്ടിനിട്ടാണ് അന്തിമ തീർപ്പുണ്ടാക്കുക. മന്ത്രി ഷെയ്ഖ് മുഹമ്മദിനെതിരായ അവിശ്വാസപ്രമേയം പാസാക്കുന്നതിനുള്ള പിന്തുണ പ്രമേയത്തെ അനുകൂലിക്കുന്ന പക്ഷത്തിനുണ്ടെന്നും സൂചനയുണ്ടായിരുന്നു.

അവിശ്വാസപ്രമേയം പരിഗണിക്കുന്നതിനു മുന്പ് മന്ത്രിമാർ രാജിവച്ചൊഴിയുന്ന പതിവും മുൻ‌പുണ്ടായിട്ടുണ്ട്. മന്ത്രിസഭ തന്നെ രാജിവയ്ക്കുന്ന കീഴ്‌വഴക്കവുമുണ്ട്. അവിശ്വാസ പ്രമേയത്തിന്റെ സാഹചര്യത്തിൽ കഴിഞ്ഞ ഫെബ്രുവരിയിൽ ഷെയ്ഖ് സൽമാൻ സബാഹ് സാലെം അൽ ഹമൂദ് അൽ സബാഹ് രാജിവച്ചൊഴിഞ്ഞതിനെ തുടർന്നു വാർത്താവിതണ വകുപ്പിന്റെ അധികച്ചുമതല കൂടി മന്ത്രിസഭാ കാര്യമന്ത്രി ഷെയ്ഖ് മുഹമ്മദിനുണ്ടായിരുന്നു.

അതേസമയം മന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയോ പേരിൽ അവിശ്വാസ പ്രമേയം/കുറ്റവിചാരണ വരികയാണെങ്കിൽ മന്ത്രിസഭ തന്നെ രാജിവയ്ക്കുന്ന സംഭവം കുവൈത്തിൽ ഇത് ആദ്യമല്ല. 2001 ജനുവരിയിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായിരുന്ന ഷെയ്ഖ് സാദ് അൽ അബ്ദുല്ല അൽ സാലെം അൽ സബാഹ് രാജിവച്ചത് നീതിന്യായ− ഔഖാഫ് മന്ത്രി ഡോ.സാദ് അൽ ഹാഷലിനെതിരെ ഹുസൈൻ അൽ ഖലഫ് കുറ്റവിചാരണ നോട്ടിസ് നൽകി രണ്ടു ദിവസത്തിനു ശേഷമായിരുന്നു. 

ആരോഗ്യമന്ത്രി ഷെയ്ഖ് അഹമ്മദ് അൽഅബ്ദുല്ലയ്ക്കെതിരെ ഡോ.വലീദ് അൽ തബ്‌തബാ‌‌‌‌‌‌‌‌‌‌‌‌‌‌‌‌ഇ, ജമാൻ അൽ ഹർബാഷ്, അഹമ്മദ് അൽ ഷഹൂമി എന്നിവരുടെ കുറ്റവിചാരണയ്ക്കൊടുവിൽ സമർപ്പിക്കപ്പെട്ട അവിശ്വാസം ചർച്ചയ്ക്കെടുക്കുന്നതിന് ഒരു ദിവസം മുന്പാണ് പ്രധാനമന്ത്രി ഷെയ്ഖ് നാസർ അൽ സബാഹ് മന്ത്രിസഭ രാജിവച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed