ഇന്ത്യൻ സ്കൂൾ തിരഞ്ഞെടുപ്പ് : പുതിയ പാനൽ കൂടി രംഗത്ത്

മനാമ : ഇന്ത്യൻ സ്‌കൂൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ പലയിടത്തും സജ്ജീവമാകവെ നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള നാല് പാനലുകൾ കൂടാതെ ഒരു പുതിയ പാനൽ കൂടി മത്സരരംഗത്തേയ്ക്ക് വരാൻ സന്നദ്ധത പ്രകടിപ്പിച്ചു. നിലവിലെ ഭരണ സമിതിയെ നിയന്ത്രിക്കുകയും പിന്നീട് ഭരണ സമിതിയുമായി അകലുകയും ചെയ്ത ശ്രീധർ തേറന്പിൽ ടീം നയിച്ച ഐ.എസ്.പി.പിയിൽ നിന്നും പിളർന്നു കൊണ്ടാണ് സജീവ ഭാരവാഹിയായിരുന്ന ദീപക് മേനോന്റെ നേതൃത്വത്തിൽ പുതിയ പാനൽ രൂപീകരിക്കുന്നത്. ശ്രീധർ തേറന്പിലിനെ അനുകൂലിക്കുന്ന വിഭാഗം രാധാകൃഷ്ണ പിള്ള നയിക്കുന്ന യുണൈറ്റഡ് ഇന്നോവേറ്റീവ് പാനലുമായി അടുത്തതോടെയാണ് അതിൽ പ്രതിഷേധിച്ചുകൊണ്ട് വോയിസ് ഓഫ് പാരന്റ്സ് എന്ന സംഘടന രൂപീകരിച്ചത്. ഉറച്ച നിലപാടുകളില്ലാതെ പല പാനലുകളുമായും ചർച്ചകൾ നടത്തുകയും സ്വന്തം പാനലിലെ അണികളെ മറ്റുള്ളവരുടെ നിലപാടുകൾക്കനുസരിച്ച് മാറ്റാൻ ആവശ്യപ്പെടുന്നതിലും പ്രതിഷേധിച്ചാണ് സംഘടനയിൽ നിന്നും വിട്ടുനിൽക്കാനും പുതിയ സംഘടന രൂപീകരിക്കാനും തീരുമാനിച്ചതെന്ന് ദീപക് മേനോൻ പറഞ്ഞു.
മറ്റ് പാനലുകളിൽ നിന്നും തികച്ചും വ്യത്യസ്‌തമായി ഇത്തവണ ഇന്ത്യൻ സ്കൂൾ പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന സംഘടനയായ ‘വോയ്സ് ഓഫ് പാരേന്റ്‌സ്’ രാഖി ജനാർദനൻ നയിക്കുന്ന പാനലായിരിക്കും ഇതെന്നും ദീപക് മേനോൻ അറിയിച്ചു. എല്ലാവർക്കും വ്യക്തിഗത രാഷ്ട്രീയ താൽപര്യമാണ് ഉള്ളതെന്നും എല്ലാ രാഷ്ട്രീയ, മത വിഭാഗീയതകൾക്കും അതീതമായിരിക്കും വോയിസ് ഓഫ് പാരന്റ്സ് എന്നും കൺവീനർ വ്യക്തമാക്കി.
അധികാര മോഹത്തിന്റെ മത്ത് പിടിച്ച് എങ്ങിനെയെങ്കിലും ഒരു കൂട്ടുകക്ഷി പിന്തുണ ഉണ്ടാക്കി അതിലൂടെ ഉള്ള സീറ്റ് വിഭജനവും ചെയ്ത് ഏത് മാർഗ്ഗത്തിലൂടെയും വിജയം വരിച്ച്, പ്രശസ്തിയും വർത്താമാധ്യമങ്ങളിൽ നിറ സാന്നിധ്യം ആഗ്രഹിച്ചും നടക്കുന്ന ഒരുകൂട്ടം പേരിൽ നിന്നും മാറി, സമുദായ സംഘടനകളുടെയോ സാമൂഹിക സംഘടനയുടെയോ പിൻബലവും പിന്തുണയും കാംക്ഷിക്കാതെ, സ്കൂളിന്റെ നന്മ മാത്രം ലക്ഷ്യം വെച്ച് രക്ഷിതാക്കളുടെ മാത്രം പിന്തുണ പ്രതീക്ഷിച്ച് മുന്നിട്ടിറങ്ങിയ ഒരു കൂട്ടം അനുഭവസ്ഥരാണ് തങ്ങൾക്കൊപ്പമുള്ളതെന്നും ഇവർ വ്യക്തമാക്കി.