പ്രതിപക്ഷത്തെ പരസ്യമായി വെല്ലുവിളിച്ച് മന്ത്രി തോമസ് ചാണ്ടി

ആലപ്പുഴ : കായൽ കയ്യേറ്റവുമായിബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണത്തിൽ പ്രതിപക്ഷത്തെ പരസ്യമായി വെല്ലുവിളിച്ച് മന്ത്രി തോമസ് ചാണ്ടി. ഇടതുമുന്നണിയുടെ ജനജാഗ്രതാ യാത്രയിലാണ് തോമസ് ചാണ്ടി വെല്ലുവിളിയുമായി എത്തിയത്. കായൽ കയ്യേറ്റ വിഷയത്തിൽ ശക്തമായ നിലപാടെടുത്ത സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ വേദിയിലിരുത്തിയായിരുന്നു ചാണ്ടിയുടെ വെല്ലുവിളി.
തനിക്കെതിരെ ചെറുവിരലനക്കാൻ ഒരു അന്വേഷണസംഘത്തിനും കഴിയില്ലെന്നും തന്റെ വെല്ലുവിളി ഇതുവരെ പ്രതിപക്ഷം ഏറ്റെടുത്തിട്ടില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു. ജനജാഗ്രതാ യാത്രയുടെ കുട്ടനാട്ടിലെസ്വീകരണ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി. ആരോപണങ്ങൾ തെളിയിച്ചാൽ മന്ത്രിപദവിയുംഎംഎൽഎ സ്ഥാനവും രാജിവെയ്ക്കാമെന്ന് നേരത്തെ പറഞ്ഞിരുന്നതായും മന്ത്രി ഓർമ്മിപ്പിച്ചു. അതേസമയം, വെല്ലുവിളിക്കാനോ പ്രതിരോധിക്കാനോ ഉള്ള വേദിയല്ല ജനജാഗ്രതാ യാത്രയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റേയും ബിജെപിയുടേയും ജനദ്രോഹ നയങ്ങളെ യോഗത്തിൽ കാനം രൂക്ഷമായി വിമർശിച്ചു.