ഖത്തർ പൗരൻമാർക്ക് വിസ അനുവദിക്കണമെന്ന് ഹമദ് രാജാവ്

മനാമ : രാജ്യത്തിന്റെ തുറന്ന മനസ്സ് സുരക്ഷിതത്വത്തിനും സ്ഥിരതയ്ക്കും ദോഷം ചെയ്യുന്നതല്ലെന്ന് ഉറപ്പുവരുത്തി, ഖത്തർ പൗരൻമാർക്ക് വിസ അനുവദിക്കണമെന്ന് പ്രിൻസ് ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവ് നിർദ്ദേശിച്ചു. ഗുദൈബിയ കൊട്ടാരത്തിലെ പ്രതിവാര മന്ത്രിസഭാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിനോദ സഞ്ചാരികൾക്കും സന്ദർശകർക്കുമുള്ള ആനുകൂല്യം ചൂഷണം ചെയ്തുകൊണ്ട് രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഐഡി കാർഡുകളുമായി രാജ്യത്ത് പ്രവേശിക്കുന്ന മറ്റ് ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ശക്തമായ സുരക്ഷാ നടപടികൾ ഉണ്ടാകില്ലെന്നും ഹമദ് രാജാവ് പറഞ്ഞു.
ഭീകരതയെ പരാജയപ്പെടുത്തുകയും ഇല്ലാതാക്കുകയും ചെയ്യുന്നതിനാണ് മുൻഗണനയെന്നും ഹമദ് രാജാവ് പറഞ്ഞു. ബഹ്റൈൻ സുരക്ഷയും സ്ഥിരതയും പുലർത്തുമെന്നും രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവേശനവും പൗരത്വ നടപടികളും കർശനമാക്കുന്നതിലൂടെ സുരക്ഷ നിലനിർത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ജി.സി.സി അംഗ രാജ്യങ്ങളുടെ സുരക്ഷയെ ലക്ഷ്യം വെയ്ക്കുന്ന നയങ്ങളാണ് ഖത്തർ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.