പ്രവാസികളുടെ ‘വളപട്ടണം’ പാലമാകാൻ ഒരുങ്ങി സുബൈർ കണ്ണൂർ

രാജീവ് വെള്ളിക്കോത്ത്
മനാമ : വളപട്ടണം പാലം കണ്ണൂരിന്റെ വികസന സ്വപ്നങ്ങളെ കൂട്ടിയിണക്കിയ പ്രധാന പാലമാണ്. ആ പാലത്തിനരികിൽ കളിച്ചു വളർന്ന് ബഹ്റൈനിൽ പ്രവാസിയായിത്തീർന്ന സുബൈർ കണ്ണൂർ എന്ന സാമൂഹ്യ പ്രവർത്തകൻ ഇന്ന് പ്രവാസികളെയും നാടിനെയും ബന്ധിപ്പിക്കുന്ന വലിയൊരു പാലമാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. കഴിഞ്ഞ 30 വർഷമായി ബഹ്‌റൈൻ പ്രവാസികളുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഒരുപോലെ ഇടപെട്ട് കൊണ്ടിരിക്കുന്ന സുബൈർ കണ്ണൂർ പ്രവാസി കമ്മീഷൻ അംഗമായിരിക്കുന്ന അവസരത്തിൽ, സുബൈർ പ്രവാസികൾക്ക് വേണ്ടി ചെയ്യാൻ മനസ്സിൽ കരുതിയിട്ടുള്ളതും അതിനായി ശ്രമിക്കാവുന്നതുമായ നിരവധി കാര്യങ്ങൾ 4 പി.എം ന്യൂസിനോട് പങ്കുവെച്ചു.
പല രീതിയിൽ വിവേചനം അനുഭവിക്കുന്ന സമൂഹമാണ് പ്രവാസികളെന്ന് പറയുന്ന സുബൈർ കണ്ണൂർ, 33 ലക്ഷം വരുന്ന പ്രവാസികളിൽ ഭൂരിഭാഗം പേരും തൊഴിൽ സ്ഥിരത ഇല്ലാത്തവരും, സാന്പത്തിക ഭദ്രത ഇല്ലാത്തവരുമാണെന്ന് ഉറപ്പിക്കുന്നു.
ലക്ഷകണക്കിന് ശന്പളം വാങ്ങുന്നവനും, അറുപത് ദിനാർ ശന്പളക്കാരനും ദേശീയ−സംസ്ഥാന സർക്കാറിന്റെ വിവരണരേഖയിൽ പ്രവാസിയാണ്. തീർച്ചയായും ഈ അന്തരം സർക്കാരുകളുടെ സത്വര ശ്രദ്ധ പതിപ്പിക്കാനുതകുന്ന തരത്തിലെ ഇടപെടൽ നടത്താൻ കമ്മീഷന് കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അതുവഴി താരതമ്യേന സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസികൾക്കാവശ്യമായ ജീവിത സുരക്ഷ നിയമ നിർമ്മാണങ്ങൾ രൂപീകരിക്കാനുള്ള സമ്മർദ്ദം ചെലുത്തുമെന്നും സുബൈർ കണ്ണൂർ വ്യക്തമാക്കി.
33 ലക്ഷം പ്രവാസികളിൽ ഇതേവരെ രണ്ട് ലക്ഷത്തിൽ പേർ മാത്രമാണ് ക്ഷേമനിധിയിൽ അംഗത്വമെടുത്തിരിക്കുന്നത് എന്നത് ഉത്കണ്ഠ ഉളവാക്കുന്നുവന്ന് സുബൈർ പറഞ്ഞു. നോർക്ക റൂട്സ് കാർഡ് കരസ്ഥമാക്കിയാലേ പ്രവാസിക്ക് നിരവധി ആനുകൂല്യങ്ങൾ ലഭിക്കാവുന്ന ക്ഷേമ നിധിയിൽ അംഗമാവുള്ളൂ എന്ന തെറ്റായ ധാരണയും പ്രവാസികൾക്കിടയിലുണ്ട്. ഇത് തിരുത്താൻ ശ്രമിക്കും. ഒപ്പം ക്ഷേമനിധി അംഗത്വത്തിന് പ്രവാസി താൽപ്പര്യം ജനിപ്പിക്കാനുള്ള സത്വര പദ്ധതികൾ ആവിഷ്ക്കരിച്ച് സമർപ്പിക്കും.
പ്രവാസി പ്രശ്നങ്ങളിൽ ഇടപെടാനും, പ്രവാസികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ, വിവേചനങ്ങൾ എന്നിവ കണ്ടെത്തി അവർക്ക് പരിഹാരമാർഗ്ഗം ആരായുന്ന പ്രവർത്തനത്തിൽ കമ്മീഷൻ ഇടപെടുമെന്നും, സർക്കാർ പ്രതിനിധി എന്ന നിലയിൽ ഏതൊരു പ്രവാസിക്കും അവന്റെ ആവലാതികൾ നേരിട്ട് ബോധിപ്പിക്കാനുള്ള ഒരു ഇടമായി കമ്മീഷൻ അംഗമായി എപ്പോഴും താൻ നില കൊള്ളുമെന്നും സുബൈർ കണ്ണൂർ ഉറപ്പ് നൽകി.
ഇരുപത്തിനാല് മണിക്കൂറും കർമ്മ നിരതനായിതന്നെയാണ് പ്രവർത്തിക്കുന്നതെങ്കിലും, മുൻപ് പ്രവാസികളുടെ ആവലാതികളും പരാതികളും പല കടന്പകൾ കടന്ന് മാത്രമേ സർക്കാരിൽ എത്തിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ ഇനിയത് നേരിട്ട് നൽകാൻ കഴിയുമെന്നുള്ള സൗകര്യം ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. പ്രവാസികൾക്ക് വേണ്ടി കൂടുതൽ ഊർജ്ജസ്വലമായി പലതും നടപ്പാക്കാൻ ശ്രമിക്കും. മുൻ സർക്കാരിന്റെ കാലത്ത് രൂപീകരിക്കപ്പെട്ട കമ്മീഷൻ ഇവിടെയുള്ളതുതന്നെ മിക്ക പ്രവാസികൾക്കും അറിയില്ലായിരുന്നു. എന്നാൽ ഇനി ആ സ്ഥിതി മാറ്റി സർക്കാർ− പ്രവാസികൾക്കിടയിലെ ഒരു പാലമായി വർത്തിക്കാൻ കമ്മീഷൻ ശ്രമിക്കും. കഴിഞ്ഞ സർക്കാർ പ്രവാസി പെൻഷൻ ആയിരത്തിൽ നിന്നും ഒരു രുപ പോലും വർദ്ധിപ്പിക്കാനുള്ള ശ്രമം നടത്തിയിട്ടില്ല. എന്നാൽ ഈ സർക്കാർ പെൻഷൻ ആയിരം രൂപ കൂടി വർദ്ധിപ്പിച്ച് രണ്ടായിരമാക്കിയിരിക്കുന്നു. ആ തുക 3000മാക്കി വർദ്ധിപ്പിക്കാനുള്ള ശ്രമത്തിനുള്ള ഇടപെൽ ഈ കമ്മീഷനിൽ നിന്നുമുണ്ടാവും. എല്ലാത്തിലുമുപരി കക്ഷി രാഷ്ടീയത്തിന്റെ തിമിര കണ്ണില്ലാതെ പ്രവാസികൾക്ക് ആകമാനം ഗുണം ലഭിക്കുന്ന കമ്മീഷനംഗമായി പ്രവർത്തിക്കാൻ ശ്രമിക്കും. വലിപ്പചെറുപ്പമല്ലാതെ ആർക്കും എളുപ്പം എത്തിപ്പെടാവുന്ന കമ്മീഷൻ എന്നതാണ് പ്രാവർത്തിക നയം.
ബഹ്‌റൈനിൽ നിന്നും അപകടങ്ങളിലും മറ്റും പെട്ടവരെയും മരണമടഞ്ഞവരെയും നാട്ടിലെത്തിക്കാൻ എന്നും മുൻപന്തിയിൽ നിന്ന് പ്രവർത്തിക്കുന്ന സുബൈറിന് ഈ സ്ഥാനം അർഹതയ്ക്ക് ലഭിച്ച അംഗീകാരം തന്നെയാണെന്നാണ് ഭൂരിഭാഗം ബഹ്‌റൈൻ പ്രവാസികളുടെയും അഭിപ്രായം. ഇവിടെയുള്ള ഇന്ത്യൻ എംബസിയുടെ ഹെൽപ്‍പ്‌ലൈൻ കൺവീനർ കൂടിയായ സുബൈർ കണ്ണൂർ ബഹ്‌റൈൻ പ്രതിഭയുടെ മുഖ്യസംഘാടകനുമാണ്.
പരേതനായ മണ്ടേൻ മൊയ്ദ്ദീന്റെയും പുഴയോരത്ത് സൈനബയുടെയും മകനായ ഇദ്ദേഹത്തിന്റെ ഭാര്യ നാസിലയാണ്. മക്കൾ: ശബ്‌നം സുബൈർ, ശഹബാസ് സുബൈർ. അടുത്തമാസം ആദ്യവാരത്തിൽ നാട്ടിലെത്തുന്ന സുബൈറിന് വൻ സ്വീകരണം നൽകാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.