ബഹ്റൈനിൽ ജ്വല്ലറി അറേബ്യ പ്രദർശനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

മനാമ : ജ്വല്ലറി അറേബ്യ എന്ന പേരിൽ നടക്കുന്ന അന്താരാഷ്ട്ര ജ്വല്ലറി പ്രദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. നവംബർ 21 മുതൽ 25വരെ ബഹ്‌റൈൻ ഇന്റർനാഷണൽ എക്‌സിബിഷൻ സെന്ററിലാണ് പ്രദർശനം. 21ന് രാവിലെ പത്തു മണിക്കു നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ വിവിധ മന്ത്രിമാരും മന്ത്രാലയങ്ങളിൽനിന്നുള്ള ഉന്നതോദ്യോഗസ്ഥരും വിവിധ എംബസിയിൽ നിന്നടക്കമുള്ള നയതന്ത്ര പ്രതിനിധികളും പങ്കെടുക്കും. 21,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പ്രദർശന നഗരിയാണ് ഇതിനായി ഒരുങ്ങുന്നത്. ജ്വല്ലറി അറേബ്യക്ക് വർഷം തോറും സ്വീകാര്യത വർദ്ധിച്ചു വരികയാണെന്നും ലോകത്തെ രണ്ടാമത്തെ ജ്വല്ലറി പ്രദർശനമായി ഇതു മാറിയിരിക്കുകയാണെന്നും സംഘാടകരായ അറേബ്യൻ എക്‌സിബിഷൻ മാനേജ്‌മെന്റ് സെയിൽസ് ആന്റ് മാർക്കറ്റിംഗ് ഡയറക്ടർ ഫൗസി അൽ ഷിഹാബി അറിയിച്ചു.
ഇന്ത്യയടക്കമുള്ള മുപ്പതോളം രാജ്യങ്ങളിൽനിന്നായി അറുനൂറോളം സ്ഥാപനങ്ങൾ അവരുടെ ഏറ്റവും പുതിയ മോഡലുകളുമായി പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. എല്ലാ വർഷവും ഇന്ത്യ, അമേരിക്ക, ബ്രിട്ടൻ, ബ്രസീൽ, ഗ്രീസ്, ജർമ്മനി, ഹോങ്കോങ്, ഇറ്റലി, തായ്‌ലന്റ്, തുർക്കി, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾ എത്താറുള്ളത്. ഇരുപത്തിയഞ്ചാമത് പ്രദർശനത്തിന് വൻ ജനക്കൂട്ടമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന പ്രദർശനത്തിൽ ദിവസേന വൈകിട്ട് നാലു മുതൽ രാത്രി പത്തുമണിവരെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. ബഹ്‌റൈനിലെ പ്രത്യേക സാഹചര്യത്തിൽ സന്ദർശകർക്ക് ബുദ്ധിമുട്ടുണ്ടാവാത്ത രീതിയിൽ വളരെ കർശനമായ സുരക്ഷയിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.
ഇത്തവണയും ഇന്ത്യൻ ജെം ആൻഡ് ജ്വല്ലറി എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ പങ്കെടുക്കുമെന്നാണറിയുന്നത്. 2003 മുതലാണ് ഗോൾഡ് കൗൺസിൽ എക്‌സിബിഷനിൽ പങ്കെടുക്കുന്നത്. ഇന്ത്യയിൽനിന്ന് കഴിഞ്ഞ വർഷം 51 സ്ഥാപനങ്ങളാണ് പ്രദർശനത്തിൽ പങ്കെടുക്കാനായി എത്തിയത്. വർഷം ചെല്ലുന്തോറും ഇന്ത്യയിൽനിന്നുള്ളപ്രദർശകരുടെ എണ്ണത്തിൽ വർദ്ധനവുണ്ട്. ഇന്ത്യയിൽ നിന്നുള്ള ആഭരണങ്ങളുടെ പ്രധാന വിപണി ഇന്നും ഗൾഫ് തന്നെയാണെന്ന് പ്രദർശനം സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ സാന്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്നുള്ള ജ്വല്ലറി ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ 48 ശതമാനവും ഗൾഫിലേക്കായിരുന്നു. ഇന്ത്യയിൽനിന്നുള്ള ആഭരണങ്ങളുടെ ഗുണമേന്മയും വൈവിധ്യമാർന്ന ഡിസൈനുകളുമാണ് വിപണിയിൽ ഇന്ത്യൻ ജ്വല്ലറിയെ ശ്രദ്ധേയമാക്കുന്നത്. ഇന്ത്യയിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള സ്വർണ്ണത്തിന്റെ കയറ്റുമതി വർദ്ധിച്ചിട്ടുള്ളതായി അധികൃതർ വ്യക്തമാക്കി. ബഹ്‌റൈനിലുള്ള ഇന്ത്യൻ ജ്വല്ലറിയായ ദേവ്ജി ജ്വല്ലറിയും എക്‌സിബിഷനിൽ എല്ലാ വർഷവും പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞ വർഷം പ്രദർശനത്തിൽ സന്ദർശകരായി എത്തിയത് 46,000 പേരാണ്. ഇതിൽ നല്ലൊരു ശതമാനം സൗദി അറേബ്യയിൽ നിന്നെത്തിയവരായിരുന്നു. സൗദിയടക്കമുള്ള ജി.സി.സി.രാജ്യങ്ങളിൽനിന്നു മാത്രമായി 12,000 പേരാണ് കഴിഞ്ഞ വർഷം സന്ദർശകരായി എത്തിയത്. ലോകത്തിലെ ഏറ്റവും വിലകൂടിയ പേനകളുടെ പ്രദർശനം ഇത്തവണയും സംഘടിപ്പിച്ചിട്ടുണ്ട്. പ്രദർശനത്തിൽ നിന്നുള്ള വരുമാനത്തിലും വർഷം തോറും വർദ്ധനവുണ്ട്. 2008ൽ മൊത്തവരുമാനം 33 ദശലക്ഷം ദിനാറായിരുന്നത് കഴിഞ്ഞ വർഷം 58 ദശലക്ഷം ദിനാറായി വർദ്ധിച്ചു. 49 ശതമാനം വർദ്ധനവാണുണ്ടായത്. ഏതായാലും മറ്റു പ്രദർശനങ്ങളെ അപേക്ഷിച്ച് ജ്വല്ലറി അറേബ്യക്ക് വർഷം തോറും സ്വീകാര്യതയേറുകയാണെന്ന് അധികൃതർ അറിയിച്ചു.