ബഹ്‌റൈൻ അന്താരാഷ്ട്ര സംഗീതോത്‍സവത്തിന് തുടക്കമായി

മനാമ : ബഹ്‌റൈൻ അന്താരാഷ്ട്ര സംഗീതോത്‍സവത്തിന് ബഹ്‌റൈൻ നാഷണൽ തിയേറ്ററിൽ തുടക്കമായി. ആദ്യ പരിപാടിയായി ഐക്‌സ് എൻ പ്രൊവെൻസ് അവതരിപ്പിച്ച ഫ്രഞ്ച് സംഗീത പരിപാടി അരങ്ങേറി. ഒക്ടോബർ 28 വരെ നീണ്ടു നിൽക്കുന്ന പരിപാടി ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആന്റ് ആന്റിക്വിറ്റീസ് (ബിഎസിഎ) ആണ് സംഘടിപ്പിക്കുന്നത്. പ്രാദേശികവും അന്താരാഷ്ട്ര തലത്തിലുള്ളതുമായ സംഗീതത്തിന്റെ സമന്വയമാണ് ഈ വേദിയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ബഹ്‌റൈൻ നാഷണൽ മ്യൂസിയം, കൾച്ചറൽ ഹാൾ, ആർട്ട് സെന്റർ, ദാർ അൽ മുഹറഖ് എന്നിവിടങ്ങളിലെല്ലാം വ്യത്യസ്ഥമായ സംഗീത പരിപാടികളാണ് നടക്കുന്നത്. സംഗീതത്തിലൂടെ സാംസ്‌കാരിക വിനിമയത്തിന്റെ പുതിയ അന്തരീക്ഷം തുറന്നിടുകയാണ് ലക്ഷ്യമെന്ന് ബിഐഎ പ്രസിഡണ്ട് ഷെയ്ഖ് മായ് ബിന്ത മുഹമ്മദ് അൽ ഖലീഫ പറഞ്ഞു.
കലയിലും നാടോടിക്കഥകളിലും പ്രാവീണ്യമുള്ളബഹ്‌റൈനി കലാകാരന്മാരുടെ പ്രാദേശിക സംഘങ്ങളും പരിപാടിയിൽ അണിനിരക്കുന്നുണ്ട്. ബഹ്‌റൈൻ സാംസ്‌കാരിക പാരന്പര്യം ഇതിലൂടെ പ്രകടമാക്കും. സ്‌പെയിൻ,ഈജിപ്ത്, ലെബനൻ, എന്നിവിടങ്ങളിൽ നിന്നുള്ള കലാകാരന്മാരും പരിപാടിയിൽ അണിനിരക്കും. കഴിഞ്ഞ ദിവസം അർജന്റീനിയൻ ടാംഗോ, ജിപ്‌സി മ്യൂസിക് എന്നിവ വ്യത്യസ്ത സംഗീതജ്ഞന്‍മാർക്കൊപ്പം അവതരിപ്പിച്ചത് കൂടാതെ ബഹ്‌റൈൻ റൈസ് സ്റ്റാർസ് കൺസേർട്ട് ജാസ് ബാന്റുകളുടെ സംഗീതവുമൊരുക്കി. ജാസ്, അറബിക്, ടർക്കിഷ് നാടോടി സംഗീതം മികച്ച അനുഭവമായി.
നാളെ യെമൻ ഗായകൻ ആദൽ അബ്ദുള്ള പ്രത്യേക അതിഥിയായി സംബന്ധിക്കും. ഒക്ടോബർ 28ന് വൈകുന്നേരം ഏഴു മണിക്ക് ബഹ്‌റൈനി എഴുത്തുകാരുടെ അസോസിയേഷൻ വൈസ് പ്രസിഡണ്ട് ഡോ. റാഷിദ് നജാം അൽ നജീം പ്രഭാഷണം നടത്തും. ബഹ്‌റൈൻ ഇന്റർനാഷണൽ മ്യൂസിക് ഫെസ്റ്റിവലിന്റെ ഭാഗമായി പ്രദർശനവും ഒരുക്കിയിട്ടുണ്ട്.