‘എ.പി.ജെ അബ്ദുൾകലാം ഇന്റർ ജൂനിയർ സ്‌കൂൾ സയൻസ് ക്വസ്റ്റ് 2017’ ഫൈനൽ വെള്ളിയാഴ്ച

മനാമ : ബഹ്റൈനിലെ കുരുന്നു പ്രതിഭകൾക്കായി ഇന്ത്യൻ സ്‌കൂൾ ഒരുക്കുന്ന ശാസ്ത്ര പ്രശ്നോത്തരി മത്സരത്തിന്റെ ഫൈനൽ വെള്ളിയാഴ്ച നടക്കും. ഇന്ത്യൻ സ്‌കൂളിന്റെ റിഫ ക്യാന്പസിൽ നടക്കുന്ന ‘മദർകെയർ−-ഡോ. എ.പി.ജെ അബ്ദുൾകലാം ഇന്റർ ജൂനിയർ സ്‌കൂൾ സയൻസ് ക്വസ്റ്റ് 2017’ എന്ന് പേരിട്ട മത്സരത്തിൽ ബഹ്റൈനിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള ഒന്പതും പത്തും വയസുള്ള കരുന്നു പ്രതിഭകൾ മാറ്റുരക്കും. ഇന്ത്യൻ സ്‌കൂൾ റിഫ ക്യാന്പസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പുതുമയാർന്ന ഈ സംരംഭം മിസൈൽ സാങ്കേതിക വിദഗ്ദ്ധനും ചിന്തകനുമായിരുന്ന മുൻ രാഷ്‌ട്രപതി ഡോ. എ.പി.ജെ അബ്ദുൽ കലാമിന് ആദരസൂചകമായാണ് ഒരുക്കുന്നത്. മദർകെയർ (ARG) ആണ് ഈ പരിപാടിയുടെ ടൈറ്റിൽ സ്പോൺസർ. ഹുമാന മുഖ്യ സ്പോൺസറും യെലോ ലൈൻ റെസ്റ്റോറന്റ് സ്പോൺസറുമായി പരിപാടിയുമായി സഹകരിക്കുന്നു.
ചെറുപ്രായത്തിൽ തന്നെ കുട്ടികളിൽ ശാസ്ത്രാവബോധവും വേറിട്ട ചിന്തയും വളർത്തുന്നതിന്റെ ഭാഗമായാണ് ഈ ക്വിസ് മത്സരമെന്നു ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ പറഞ്ഞു. കുട്ടികളിൽ അന്തർലീനമായ കഴിവുകളെ പരിപോഷിപ്പിക്കാൻ ഇത്തരം പരിപാടികളിലൂടെ സാധിക്കുമെന്ന് ഇന്ത്യൻ സ്‌കൂൾ സെക്രട്ടറി ഡോ. ഷെമിലി പി. ജോൺ പറഞ്ഞു. ഈ സംരംഭം ഒരു മികച്ച പഠനാനുഭവം ആക്കിമാറ്റാനുള്ള തയ്യാറെടുപ്പു നടത്തുന്ന സ്‌കൂൾ അധ്യാപകരെ റിഫ ക്യാന്പസ് പ്രിൻസിപ്പൽ സുധിർ കൃഷ്ണൻ അഭിനന്ദിച്ചു.
ക്വിസിന്റെ പ്രാഥമിക റൗണ്ടിൽ ബഹ്‌റൈനിലെ 13 സ്‌കൂളുകളെ പ്രതിനിധീകരിച്ചു 37 ടീമുകളാണ് പങ്കെടുത്തത്. ഓരോ സ്കൂളിലെയും ഒരു ടീം സെമി ഫൈനൽ റൗണ്ടിൽ എത്തിക്കഴിഞ്ഞു. ഇതിൽ നിന്നും ആറു ടീമുകൾ വാശിയേറിയ ഫൈനലിൽ മത്സരിക്കും. ഒക്ടോബർ 27നു വെള്ളിയാഴ്ച 4.30ന് സെമി ഫൈനലും തുടർന്ന 6.30ന് ഫൈനലും നടക്കും.
ക്വിസ് മാസ്റ്റർ ശരത് മേനോനും സംഘവുമാണ് ശാസ്ത്ര പ്രശ്നോത്തരി നയിക്കുന്നത്. കാണികളിൽ ആവേശം പകരുന്നതിനായി ഓഡിയൻസ് റൗണ്ടിൽ പത്തോളം ചോദ്യങ്ങൾ ഉണ്ടാവും. വിജയികൾക്ക് ആകർഷകമായ ഗിഫ്റ്റ് വൗച്ചറുകൾ സമ്മാനമായി ലഭിക്കും. കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനും പരിപാടി വിജയിപ്പിക്കുന്നതിനും ഏവരുടെയും സഹകരണം ഉണ്ടാവണമെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു.