എയ്‌സ് മീഡിയ അവാർഡ് : എൻട്രികൾ നവംബർ 5ന് മുന്പായി സമർപ്പിക്കണം

മനാമ : പ്രഥമ എയ്‌സ് മീഡിയ അവാർഡിനുള്ള എൻട്രി രജിസ്‌ട്രേഷൻ ആരംഭിച്ചതായി എയ്‌സ് ഭാരവാഹികൾ അറിയിച്ചു. അവാർഡ്ദാനം 2017 നവംബർ 16ന് നടക്കും. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്പോർട്സിന്റെ പ്രഥമ ഡെപ്യൂട്ടി പ്രസിഡന്റും, ബഹ്റൈൻ അത്ലെറ്റിക്സ് അസോസിയേഷൻ പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലാണ് അവാർഡ് ദാന ചടങ്ങുകൾ നടക്കുക. ബഹ്‌റൈനിലെ ഇന്ത്യൻ മാധ്യമങ്ങൾക്കും വിവിധ വിഭാഗങ്ങളിലെ അവാർഡുകൾക്ക് അപേക്ഷിക്കാം. ഷെയ്ഖ് ഖാലിദ് ബിൻ ഹമദ്, കെ.എച്ച്.കെ. മീഡിയ ഗ്രൂപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് അവാർഡ് ദാന ചടങ്ങുകൾ നടക്കുക.
മാധ്യമപ്രവർത്തനത്തിന്റെ എല്ലാ മേഖലകളിലും മികച്ച നേട്ടം കൈവരിച്ച വ്യക്തികൾക്കും സംഘടനകൾക്കും ബഹ്‌റൈൻ ദേശീയ അന്തർദേശീയ തലത്തിൽ അംഗീകാരം നൽകുന്നതിന് വേണ്ടിയാണ് അവാർഡ് സംഘടിപ്പിക്കുന്നതെന്ന് കെഎച്ച്കെ ചെയർമാൻ മുഹമ്മദ് ഷാഹിദ് പറഞ്ഞു. മാർക്കറ്റിംഗ് ക്യാന്പയിൻ ഓഫ് ദ് ഇയർ (ഡിജിറ്റൽ), മാർക്കറ്റിംഗ് ക്യാന്പയിൻ ഓഫ് ദി ഇയർ (അച്ചടി), ഡിജിറ്റൽ ഇൻഫ്ളുവെൻസർ, ഇൻഫ്ളുവെൻസർ ഓഫ് ദി ഇയർ, സ്പോർട്സ് മീഡിയാ പ്രോപ്പർട്ടി ഓഫ് ദി ഇയർ, സ്പോർട്സ് ഇനിഷ്യേറ്റിവ് ഓഫ് ദി ഇയർ, അത്ലറ്റ് ഓഫ് ദി ഇയർ, മ്യൂസിക് ആൽബം ഓഫ് ദി ഇയർ, ഇന്നൊവേറ്റീവ് ബിസിനസ്സ് കോൺസപ്റ്റ്, മികച്ച പ്രസ് ഫോട്ടോ, ജേർണലിസ്റ്റ് ഓഫ് ദ ഇയർ, കമ്യൂണിറ്റി ക്ലബ് ഓഫ് ദി ഇയർ എന്നിവയാണ് അവാർഡുകൾ.
അപേക്ഷകൾ acemediaawards.com എന്ന വിലാസത്തിൽ 2017 നവംബർ 5ന് മുന്പായി സമർപ്പിക്കണം. യോഗ്യതാ മാനദണ്ധങ്ങൾ പാലിച്ചുകൊണ്ട് നാമനിർദേശങ്ങളും സമർപ്പിക്കാം. പ്രമുഖ മാധ്യമ സ്ഥാപനങ്ങളായ ടിആർഎ, എച്ച്എച്ച്എസ്‌കെ മീഡിയ ഓഫീസ് എന്നിവരുടെ സഹകരണത്തോടെയാണ് അവാർഡ് നൽകുന്നത്.