വയലിൻ തന്ത്രി­കളിൽ മാ­ന്ത്രി­ക സംഗീ­തമൊ­രു­ക്കി­ ശബരീഷ് പ്രഭാ­കർ


രാജീവ് വെള്ളിക്കോത്ത്

മനാമ : വയലിന്റെ താന്ത്രികളിൽ മാസ്മര സംഗീത മുണർത്തുന്ന ശബരീഷ് പ്രഭാകർ നയിക്കുന്ന നൈറ്റ് ഓഫ് സിംഫണിക്ക് ഇന്ന് ഇന്ത്യൻ സ്‌കൂളിൽ വേദി ഒരുങ്ങുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി വേദികളിൽ സംഗീതത്തിന്റെ മിന്നുന്ന പ്രകടനം കാഴ്ചവെച്ച ശബരീഷും സംഘവും ആദ്യമായാണ് ബഹ്റൈനിൽ എത്തിച്ചേരുന്നത്. ഇന്നലെ രാവിലെ ഫോർ പിഎം ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ ശബരീഷ് തന്റെ വയലിൻ വിശേഷങ്ങൾപങ്കുവെച്ചു. ഏതൊരു സംഗീത ഉപകാരണത്തെയും സാന്പ്രദായിക രീതികളിൽ നിന്ന് വ്യത്യസ്തമാക്കി സ്വന്തം ശൈലിയിലൂടെ അവതരിപ്പിച്ച് ജനഹൃദയങ്ങളിൽ സ്‌ഥാനം പിടിക്കാം എന്നതിന് ഉത്തമ  ഉദാഹണമാണ് ശബരീഷ്. സാധാരണ കച്ചേരികളിൽ അകന്പടി വാദ്യക്കാരനായി മാത്രം ഇരുന്നു വായിച്ചരുന്ന ശബരീഷ് വളരെ ചെറുപ്പം തൊട്ടു തന്നെ കച്ചേരികളിൽ ഇരുത്തം വന്ന കലാകാരനായിത്തീർന്നിരുന്നു. പിന്നീട് കോളേജുകളിലൊക്കെ പോകേണ്ടി വരുന്പോൾ  ഈ ഉപകരണം പലപ്പോഴും നിന്ന് വായിക്കേണ്ടി വന്നു. കർണ്ണാടിക് വയലിൻ നിന്ന് വായിക്കാൻ അങ്ങനെയാണ് പരിശീലിച്ചത്. ചലച്ചിത്രഗാനങ്ങൾ പലതും വയലിനിൽ വായിക്കേണ്ടി വന്നതോടെ പരന്പരാഗത വയലിൻ വായന രീതിയിൽ നിന്ന് സ്വന്തമായ രീതി പരീക്ഷിക്കുകയായിരുന്നുവെന്ന് ശബരീഷ് പറഞ്ഞു.

ചേർത്തല സിേസ്റ്റഴ്സ് എന്ന് അറിയപ്പെട്ടിരുന്നവരിലെ ജാനകി, ശബരീഷിന്റെ പിതാവിന്റെ അമ്മയായിരുന്നു. അവരുടെ ചെറുമകൻ എന്ന നിലയിൽ പാരന്പര്യമായി ലഭിച്ച സംഗീതമാണ് തനിക്കു ലഭിച്ച ആദ്യ ഭാഗ്യമെന്ന് ശബരീഷ് പറഞ്ഞു. വയലിനിൽ അബ്ദുൽ അസീസ് ആയിരുന്നു ആദ്യഗുരു.ശബരീഷ് കേരളത്തിലെ ഒട്ടു മിക്ക പ്രമുഖരുടെയും കച്ചേരികൾക്കു വായിച്ചു കൊണ്ടാണ് പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. വീട്ടിൽ നിന്നുള്ള പ്രോത്സാഹനം കൂടി ആയപ്പോൾ ഡിഗ്രിക്ക് വോക്കൽ തന്നെ മുഖ്യ വിഷയമായി പഠിച്ചു. പിന്നീട് ആർഎൽവിയിൽ ആദ്യമായി സർവ്വകലാശാലയുടെ സ്‌പെഷ്യൽ പെർമിഷനോട് കൂടി എംഎയ്ക്ക് വയലിനിൽ കൂടുതൽ പരിശീലനം നേടി.

സോഷ്യൽ മീഡിയകളും ചാനലുകളും സജീവമായതോടെ  ബാൻഡ് എന്ന സങ്കൽപ്പത്തിലേയ്ക്ക് മാറാൻ തുടങ്ങി. ഇമോർട്ടൽ രാഗ എന്ന ബാൻഡിന് രൂപം നൽകിയത് അങ്ങിനെയാണ്. ശാസ്ത്രീയ സംഗീതത്തെ ആധുനിക സംഗീത ഉപകരണങ്ങളുടെ പിന്നണിയോടെ കൂടുതൽ ജനകീയമാക്കാൻ ബാൻഡിന് കഴിഞ്ഞു എന്നത് വലിയ ഒരു നേട്ടമായി. പല കൃതികളും തന്നെയാണ് വേദികളിൽ ഇപ്പോൾ വായിക്കുന്നതും. കീ ബോർഡിൽ സുമേഷ്, ലീഡ് ഗിറ്റാറിൽ ജസ്റ്റിനും, ബേസ് ഗിറ്റാറിൽ ജയ്സൺ, ഡ്രംസിൽ ജാഫർ ഹനീഫും പിന്നണി ഒരുക്കുന്നു. ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ സഹകരണത്തോടെ ചോയിസ് അഡ്വർടൈസിംഗ് കന്പനി സംഘടിപ്പിക്കുന്ന പരിപാടി ഇന്ന് ഇന്ത്യൻ സ്‌കൂൾ ജഷൻ മാളിൽ വെച്ചാണ് നടക്കുന്നത്. എല്ലാ സംഗീതാസ്വാദകരും സംബന്ധിക്കണമെന്ന് ശബരീഷ് അഭ്യർത്ഥിച്ചു.

You might also like

  • Straight Forward

Most Viewed