തോമസ് ചാണ്ടിക്കെതിരായ റിപ്പോർട്ട് : സർക്കാർ നിയമോപദേശം തേടി

തിരുവനന്തപുരം : കായൽ കയ്യേറ്റവുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ചാണ്ടിക്കെതിരെയുള്ള നടപടിയിൽ സർക്കാർ മെല്ലപ്പോക്ക് തുടരുന്നു. കളക്ടറുടെ റിപ്പോർട്ടിൽ മുഖ്യമന്ത്രി എ.ജിയിൽ നിന്നും നിയമോപദേശം തേടി. ഇതോടെ മന്ത്രി തോമസ് ചാണ്ടിയുടെ നിയമലംഘനത്തിൽ നടപടി വൈകും. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമായത് കൊണ്ട് റിപ്പോർട്ടിൻ മേൽ കൂടുതൽ നിയമോപദേശം തേടണമെന്ന റവന്യൂ സെക്രട്ടറിയുടെ നിലപാട് അംഗീകരിച്ചാണ് സർക്കാരിന്റെ നടപടി. കയ്യേറ്റം നടന്നതായി പറയുന്ന സ്ഥലം കൂടുതൽ ഉപഗ്രഹചിത്രങ്ങൾ വെച്ച് പരിശോധിക്കണമെന്നും റവന്യൂ സെക്രട്ടറി പി.എച്ച് കുര്യൻ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. അതേസമയം തോമസ് ചാണ്ടിക്കെതിരായ കലക്ടറുടെ റിപ്പോർട്ട് ഇന്ന് ചേർന്ന മന്ത്രിസഭയോഗം പരിഗണിച്ചില്ല. മന്ത്രിസഭാ യോഗത്തിന് മുന്പ് തന്നെ തോമസ് ചാണ്ടി മുഖ്യമന്ത്രിയുമായി 15 മിനിറ്റോളം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
അതിനിടെ തോമസ് ചാണ്ടി കുട്ടനാട്ടിലെ മാർത്താണ്ധം കായൽ മണ്ണിട്ടു നികത്തി പാർക്കിംഗ് പ്രദേശമാക്കിയെന്നും പൊതുവഴി കൈയേറി സ്വന്തം ഭൂമിയിൽ ലയിപ്പിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി ആലപ്പുഴ ജില്ലാ കളക്ടർ ടി.വി അനുപമ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. മാർത്താണ്ധം കായൽ നികത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് കളക്ടർ ഇക്കാര്യം അറിയിച്ചത്.