ബഹ്‌റൈൻ വിമാനത്താവളത്തിൽ മരണമടഞ്ഞ ഹജ്ജ് തീർത്ഥാടകന്റെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകും

മനാമ : കഴിഞ്ഞ ദിവസം ബഹ്‌റൈൻ എയർ പോർട്ടിൽ വെച്ച് മരണമടഞ്ഞ തീർത്ഥാടകന്റെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. കൊല്ലം ശാസ്‌താംകോട്ട, ശൂരനാട്, തെക്കേമുറി, വിളയിലയ്യത്ത്, ഷാഹുൽ ഹമീദ് റാവുത്ത(75)രാണ് കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ മരണമടഞ്ഞത്.
ഒക്ടോബർ രണ്ടിനായിരുന്നു തിരികെ യാത്ര. എന്നാൽ കടുത്ത ആസ്ത്മ രോഗത്തെ തുടർന്ന് മക്കയിലുള്ള ഹോസ്പിറ്റലിൽ ചികിത്സ തേടുകയും അവിടുത്തെ ഡോക്ടറുടെ നിർദ്ദേശ പ്രകാരം നാട്ടിലേയ്ക്ക് മടങ്ങാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് ഇദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിരുന്ന കരുനാഗപ്പള്ളി വട്ടപ്പറന്പ് സ്വദേശി ഇബ്രാഹിം കുട്ടി മുസ്ല്യാർ പറഞ്ഞു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഗൾഫ് എയർ വിമാനത്തിൽ കൊച്ചിയിലേയ്ക്ക് കൊണ്ടുപോകുവാനാണ് ശ്രമിക്കുന്നതെന്ന് സാമൂഹ്യ പ്രവർത്തകൻ തേവലക്കര ബാദുഷ അറിയിച്ചു. മരണമടഞ്ഞ തീർത്ഥാടകന്റെ ബന്ധുവായ അബ്ദുൾസമദും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. നടപടി ക്രമങ്ങൾ പൂർത്തിയാക്കുവാനായി കെ.എം.സി.സിയുടെയും മൈത്രി സോഷ്യൽ അസോസിയേഷന്റെയും പ്രവർത്തകരായ തേവലക്കര ബാദുഷ, സിദ്ദിഖ് മുസ്‍ല്യാർ കരുനാഗപ്പള്ളി, അബ്ദുൽ വഹാബ്, അബ്ദുൽ ബാരി, അബ്ദുൽ സമദ്, അൻസർ ശൂരനാട് എന്നിവർ രംഗത്തുണ്ട്.