കേന്ദ്ര വിദേശകാര്യ സഹമന്ത്രി കുവൈത്തിലെ ഇന്ത്യൻ തൊഴിലാളികളെ സന്ദർശിച്ചു

കുവൈത്ത് സിറ്റി : ഇന്ത്യ - കുവൈത്ത് മിനിസ്റ്റീരിയൽ കമ്മീഷൻ സമ്മേളനത്തിൽ പങ്കെടുക്കാൻ കുവൈത്തിൽ എത്തിയ കേന്ദ്ര വിദേശകാര്യമന്ത്രി എം.ജെ.അക്ബർ ദുരിതമനുഭവിക്കുന്ന ഇന്ത്യൻ തൊഴിലാളികളെ സന്ദർശിച്ചു. മന്ത്രി ഇന്ത്യൻ എംബസിയിൽ എത്തുന്നുവെന്നറിഞ്ഞ് തൊഴിൽ പ്രശ്നം നേരിടുന്ന കന്പനികളിലെ നൂറുകണക്കിന് ഇന്ത്യക്കാർ എംബസി പരിസരത്തു ധർണയിരുന്നിരുന്നു.
പ്രവാസികളുമായി സംവദിക്കാൻ എംബസിയിൽ എത്തിയ മന്ത്രി ആദ്യം ചെന്നതു ധർണക്കാരുടെ സമീപത്തേക്കും. ഖറാഫി നാഷണൽ കന്പനിയിൽ മാസങ്ങളായി ശന്പളം ലഭിക്കാത്തവരും ഇഖാമാ കാലാവധി കഴിഞ്ഞവരുമായ ആയിരത്തിലേറെ ജീവനക്കാരെ പ്രതിനിധീകരിച്ച് ഇരുനൂറ്റൻപതിലേറെ പേരാണ് എംബസി പരിസരത്തെത്തിയത്. പാസ്പോർട്ട് നശിച്ചത് ഉൾപ്പെടെ പ്രയാസം നേരിടുന്ന ബയാൻ കന്പനിയിലെ ചിലരും അക്കൂട്ടത്തിലുണ്ടായിരുന്നു.
ശന്പളം ലഭിക്കുന്നില്ല, ഭക്ഷണമില്ല, നേരത്തേ എംബസി മുഖേനയുണ്ടാക്കിയ ധാരണയനുസരിച്ചു രാജി നൽകിയവർക്ക് നോട്ടിസ് കാലാവധിയായ മൂന്നു മാസം കഴിഞ്ഞിട്ടും ആനുകൂല്യങ്ങൾ നൽകുന്നില്ല, ലേബർ ക്യാന്പിൽ താമസം അസാധ്യമാകുന്നു, ഇഖാമാ കാലാവധി കഴിഞ്ഞതിനാൽ പിഴ അടയ്ക്കാതെ കുവൈത്ത് വിടാൻ പറ്റാത്ത സാഹചര്യം തുടങ്ങിയവ മന്ത്രിയെ അവർ അറിയിച്ചു.
രോഗബാധിതരും ഉണ്ടായിരുന്നു കൂട്ടത്തിൽ. ശന്പളം ലഭിക്കാത്തതിനു പുറമേ കന്പനിയിൽ സൂക്ഷിച്ച പാസ്പോർട്ട് മഴവെള്ളം കയറി നശിച്ചതിന്റെ ദുരിതം ബയാൻ കന്പനിയിൽനിന്നെത്തിയവരും അവതരിപ്പിച്ചു. ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾ സംബന്ധിച്ചു ബോധ്യമുണ്ടെന്നും കുവൈത്ത് തൊഴിൽ − സാമൂഹിക മന്ത്രി ഹിന്ദ് അൽ സബീഹുമായുള്ള കൂടിക്കാഴ്ചയിലെ പ്രധാന ചർച്ചാവിഷയം ഇതായിരിക്കുമെന്നും മന്ത്രി എം.ജെ.അക്ബർ അവർക്ക് ഉറപ്പു നൽകി.