ആക്രമണത്തിനിരയായ യുവതിയെ പുനഃരധിവാസ കേന്ദ്രത്തിലേയ്ക്ക് മാറ്റും

മനാമ : ഭർത്താവിന്റെ മർദ്ദനത്തെ തുടർന്ന് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സിറിയൻ യുവതിയെ പുനഃരധിവാസ കേന്ദ്രമായ ദാർ അൽ അമാനിലേയ്ക്ക് മാറ്റുമെന്ന് അധികൃതർ പറഞ്ഞു. ഇവരുടെ മുൻ ഭർത്താവിന്റെ ക്രൂര മർദ്ദനത്തെ കുറിച്ച് കൂടുതൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വന്നു. മാരകമായി പരിക്കേറ്റ യുവതിയെ ശനിയാഴ്ചയാണ് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ പ്രവേശിപ്പിച്ചത്.
35 വയസുകാരിയായ സഹറ സോഭി എന്ന യുവതി 52 കാരനായ ബഹ്‌റൈൻ സ്വദേശിയിൽ നിന്ന് പത്ത് വർഷം നീണ്ട വിവാഹബന്ധം വേർപ്പെടുത്തിയിരുന്നു. ഈ വിവാഹത്തിൽ ഇവർക്ക് അഞ്ച് മക്കളുണ്ട്. മുൻ ഭർത്താവിന്റെ ജബ്ലത് ഹബ്ഷിയിലുള്ള വസതിയിലാണ് ഇവർ കഴിഞ്ഞിരുന്നത്. മുൻ ഭർത്താവ് പലതവണ തന്റെ തല ഭിത്തിയിൽ ഇടിപ്പിക്കുകയും ടൈൽ കഷ്ണം കൊണ്ട് തലയ്ക്ക് അടിച്ച് കൊല്ലാൻ ശ്രമിച്ചതായും അവർ പറയുന്നു.