സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു : ഇടുക്കിയിൽ മരം വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയ്ക്ക് നേരിയ കുറവ് വന്നെങ്കിലും മിക്കയിടങ്ങളിലും മഴക്കെടുതി തുടരുന്നു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മരം വീണ് ബൈക്ക് യാത്രികൻ ആനയിറങ്കൽ പന്തലിക്കളം സ്വദേശി മനു മരിച്ചു. മനുവിനൊപ്പമുണ്ടായിരുന്ന നന്ദുവിനെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടുക്കി ജില്ലയുടെ പലഭാഗങ്ങളും മണ്ണിടിച്ചിൽ ഭീഷണിയിലാണ്.
പാലക്കാട് കനത്ത മഴ തുടരുകയാണ്. മണ്ണാർക്കാട്, കാഞ്ഞിരപ്പുഴ പൂഞ്ചോലയിൽ ഉരുൾപൊട്ടി. കാഞ്ഞിരത്ത് ഒരു വീട് പൂർണമായി തകർന്നു. ഒരു കാർ ഭാഗികമായി മണ്ണിനടിയിലായി. കാഞ്ഞിരപ്പുഴ ഇരുന്പകച്ചോലയിൽ റോഡ് ഒലിച്ചു പോയി പ്രദേശം പൂർണമായും ഒറ്റപ്പെട്ടു. അർധരാത്രിയിലാണു സംഭവം. കാഞ്ഞിരപ്പുഴ കാഞ്ഞിരത്ത് മലവെള്ളപ്പാച്ചിലിൽ കണ്ണന്റെ വീടാണു തകർന്നത്. കണ്ണനും ഭാര്യയും തലനാരിഴയ്ക്കു രക്ഷപ്പെടുകയായിരുന്നു. സമീപ വീടുകളിലും വെള്ളവും കല്ലും നിറഞ്ഞു.
അതിനിടെ, കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾക്കു ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. അഗ്നിശമനരക്ഷാസേന രാത്രി തന്നെ ഇവിടെയെത്തി വീട്ടുകാരെ സുരക്ഷിതസ്ഥലങ്ങളിലേക്കു മാറ്റി. അട്ടപ്പാടി ചുരം റോഡിൽ പത്താം വളവിൽ തിങ്കളാഴ്ച രാവിലെ ആറു മണിയോടെ വീണ്ടും മലയിടിഞ്ഞു ഗതാഗതം സ്തംഭിച്ചു.
ഗതാഗതം പൂർണായി നിരോധിച്ചിരുന്ന റോഡിൽ റവന്യു, അഗ്നിശമനസേന, മരാമത്ത് അധികൃതർ ചേർന്നു പുലർച്ചെയോടെ ചെറുവാഹനങ്ങൾ പോകുന്നതിന് വഴിയൊരുക്കാനുള്ള ജോലി പുരോഗമിക്കുന്പോഴാണ് വീണ്ടും മലയിടിഞ്ഞത്.
സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തെത്തുടർന്നു കലക്ടർമാർക്കു ജാഗ്രതാ നിർദ്ദേശം നൽകി. അഗ്നിശമനസേനയോടും ദുരന്തനിവാരണ വിഭാഗത്തോടും മുൻകരുതലുകളെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.
ഉരുൾപൊട്ടൽ മേഖലയിലും നദികളുടെ തീരങ്ങളിലുമുള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. മലയോര മേഖലയിൽ രാത്രി ഗതാഗതം നിയന്ത്രിച്ചു. ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നു. കല്ലാർകുട്ടി, മലങ്കര, പൊന്മുടി, നെയ്യാർ, പേപ്പാറ, വടക്കഞ്ചേരി മംഗലം ഡാമുകളുടെ ഷട്ടർ തുറന്നു.