പണം നൽ­കാ­മെ­ന്ന വ്യാ­ജേ­ന പാ­സ്പോ­ർ­ട്ട് പി­ടി­ച്ചു­വെ­ച്ച് ഭീ­ഷണി­പ്പെ­ടു­ത്തു­ന്നതാ­യി­ പരാ­തി­


മനാമ : പാസ്പോർട്ട് നൽകിയാൽ പണം നൽകാമെന്ന് മോഹിപ്പിച്ചവർ പണം നൽകാതെ കബളിപ്പിക്കുന്നതായി പരാതി. പാസ്പോർട്ട് വാങ്ങിയ വ്യക്തി പിന്നീട് പണം നൽകുന്നില്ലെന്ന് മാത്രമല്ല പാസ്പോർട്ട് തിരികെ നൽകുന്നില്ലെന്നും പണം ചോദിച്ച് ഭീഷണിപ്പെടുത്തുകയാണെന്നും പരാതിപ്പെടുന്നു. ഹിദ്ദിലെ മലയാളികളെ കേന്ദ്രീകരിച്ച് നടത്തുന്ന പലിശ ബിസിനസുകാരനാണ് ഇത്തരത്തിൽ പാസ്പോർട്ട് പിടിച്ചുവെച്ചിട്ടുള്ളതെന്നും കബളിപ്പിക്കപ്പെട്ടവർ പറഞ്ഞു. സാന്പത്തികമായി ബുദ്ധിമുട്ടനുഭവപ്പെടുന്നവരെ നോട്ടമിട്ട് കൊണ്ടാണ് പലിശക്കാരുടെ പുതിയ തട്ടിപ്പ് രീതി. 

കുറഞ്ഞ നിരക്കിൽ പലിശ നൽകിയാൽ പണം കടം തരാമെന്നാണ് പലിശക്കാരുടെ വാഗ്ദാനം. തുടർന്ന് പാസ്പോർട്ട് നൽകാൻ ആവശ്യപ്പെടുന്നു. പണത്തിന് അത്യാവശ്യമുള്ളവർ ഒന്നും ആലോചിക്കാതെ പാസ്പോർട്ട് കൈമാറിയാൽ അടുത്ത ദിവസംതന്നെ പണം നൽകാമെന്ന് പറഞ്ഞവർ പിന്നീട് പല കാരണം പറഞ്ഞ് വാഗ്‌ദാനം നൽകിയ കാര്യത്തിൽ നിന്നും പിന്മാറുന്നു. പാസ്പോർട്ട് തിരികെ ചോദിച്ചാൽ തിരിച്ചു പണം ആവശ്യപ്പെടുകയും ചെയ്യുന്നു. ചിലരോട് മുദ്രക്കടലാസിൽ ഒപ്പിട്ട് വാങ്ങുകയും ചെയ്തിട്ടുണ്ടെന്ന് ഹിദ്ദിൽ തട്ടിപ്പിനിരയായവർ പറഞ്ഞു.

ഈ ഭാഗത്ത് പലിശ സംഘങ്ങൾ സാധാരണ തൊഴിലാളികളെ ഇത്തരത്തിൽ നിരന്തരം പീഡിപ്പിക്കുന്നുണ്ട്. പലർക്കും സി.പി.ആർ അടക്കമുള്ള രേഖകൾ യഥാസമയം പുതുക്കാത്തതിനാലും ഫ്രീ വിസയിൽ ജോലി ചെയ്യുന്നവരായതുകൊണ്ടും ഇത്തരം തട്ടിപ്പുകൾക്കെതിരെ പരാതിപ്പെടുന്നില്ല. സ്വർണ്ണം പണയം സ്വീകരിച്ച് പണം പലിശയ്ക്ക് നല്കുന്നവരുമുണ്ട്. സ്വർണ്ണത്തിന്റെ യഥാർത്ഥ വിലയേക്കാൾ വളരെ കുറച്ച് പണം നൽകുന്ന പലിശക്കാർ ആവശ്യപ്പെടുന്ന സമയത്തിനകം സ്വർണ്ണം തിരിച്ചെടുത്തില്ലെങ്കിൽ ഉടമയെ വിവരമറിയിക്കാതെ തന്നെ സ്വർണ്ണം വിൽക്കുകയും ചെയ്യുന്നു. 

ബഹ്‌റൈനിൽ പലിശക്കാർക്കെതിരെ സാമൂഹ്യ പ്രവർത്തകരുടെ കൂട്ടായ്മ ഉണ്ടാക്കി പലിശവിരുദ്ധ സമിതി ഉണ്ടാക്കിയിരുന്നുവെങ്കിലും ഇപ്പോൾ സമിതിയുടെ പ്രവർത്തനം സജീവമല്ല. സാന്പത്തിക സാഹചര്യം വീണ്ടും മാറിയ സാഹചര്യത്തിൽ പലിശ ബിസിനസ് വീണ്ടും തലപൊക്കിയിരിക്കുകയാണ്. പണം ആവശ്യമുള്ളവരെ തേടിയെത്തി പലിശ ബിസിനസ് മാത്രം നടത്തുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്. ഹിദ്ദിൽ പാസ്പോർട്ട് വാങ്ങി കബളിപ്പിക്കുന്ന മലയാളികൾ അടങ്ങുന്ന സംഘത്തെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ആലോചനയിലാണ് പ്രവാസികളായ ഒരു കൂട്ടം ചെറുപ്പക്കാർ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed