ഭീകരാക്രമണങ്ങൾ തടയാൻ ഇന്‍റർനെറ്റ് വിച്ഛേദിക്കണമെന്ന് ട്രംപ്

വാഷിംഗ്ടൺ : വർദ്ധിച്ചു വരുന്ന ഭീകരാക്രമണങ്ങൾ തടയാൻ ഇന്‍റർനെറ്റ് വിച്ഛേദിക്കണമെന്നു അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. ലണ്ടനിലെ ഭൂഗർഭ മെട്രോ റെയിലിയിലുണ്ടായ പൊട്ടിത്തെറിക്ക് തൊട്ടുപിന്നാലെയാണ് ട്വിറ്ററിൽ ട്രംപ് ഇങ്ങനെ പ്രതികരിച്ചത്. അമേരിക്കയിലെക്കുള്ള യാത്രാനിരോധന പരിധിയിൽ ഉൾപ്പെട്ട രാജ്യങ്ങളുടെ എണ്ണം കൂട്ടുന്നതിനെപ്പറ്റിയും ട്രംപ് സൂചന നൽകി.
യു.എസിലെ യാത്രാവിലക്ക് വ്യാപകമാക്കണമെന്നും ഭീകരതയ്ക്ക് എതിരെ ഒബാമ ഭരണകൂടം എട്ടു വർഷംകൊണ്ട് എടുത്തതിനേക്കാൾ കൂടുതൽ നടപടി ഒന്പതു മാസംകൊണ്ടു താൻ എടുത്തെന്നും തുടർന്നുള്ള ട്വീറ്റുകളിൽ ട്രംപ് പറഞ്ഞു. എന്നാൽ ഒരുപക്ഷെ ഇത് രാഷ്ട്രീയമായി ശരിയായിരിക്കണമെന്നില്ലെന്നും ട്രംപ് പറഞ്ഞു. നേരത്തെ ആറു രാജ്യങ്ങളിലെ പൗരന്‍മാർക്കു യു.എസിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി ട്രംപ് ഭരണകൂടം ഉത്തരവിറക്കിയിരുന്നു. കൂടുതൽ കടുപ്പമേറിയതും കൃത്യതയുള്ളതുമായ യാത്രാവിലക്കിനാണ് ട്രംപ് ആഹ്വാനം ചെയ്തിരിക്കുന്നത്.
90 ദിവസത്തെ യാത്രാവിലക്കിന്റെ കാലാവധിസെപ്റ്റംബർ അവസാനത്തോടെ കഴിയും. അഭയാർത്ഥികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള 120 ദിവസത്തെ നിരോധനത്തിന്റെ കാലാവധി അടുത്ത മാസത്തോടെയും അവസാനിക്കും. വിലക്കുകൾ പുതുക്കുമോ, സ്ഥിരപ്പെടുത്തുമോ അതോ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുമോ എന്ന കാര്യത്തെ കുറിച്ച് സർക്കാർ ഇതുവരെയൊന്നും വ്യക്തമാക്കിയിട്ടില്ലെന്നും അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ബ്രിട്ടീഷ് പോലീസിനെ വിമർശിച്ച് ട്രംപ് പുറപ്പെടുവിച്ച ട്വീറ്റുകൾ അന്വേഷണത്തെ സഹായിക്കില്ലെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ പറഞ്ഞു. സ്കോട്ട്ലൻഡ് യാർഡിന് അറിയാവുന്നവരാണു ഭീകരരെന്നായിരുന്നു ട്രംപിന്‍റെ വിമർശനം.