ബി.കെ.എസ് ശ്രാവണം ഓണാഘോഷം; പലഹാര മേള ഇന്ന്

മനാമ: ബഹ്‌റൈൻ കേരളീയ സമാജം വേദികളിൽ കലാപ്രകടനങ്ങളിൽ ശ്രദ്ധിക്കപ്പെട്ട പല കലാകാരികളും സമാജത്തിന്റെ അടുക്കളയിലും പെൺകരുത്ത് തെളിയിക്കുകയാണ്. മെഗാ തിരുവാതിരക്കളി, പൂക്കളം, തിരുവാതിര മത്സരം തുടങ്ങിയവയിൽ മികച്ച പ്രകടനം നടത്താൻ പരിശീലനം നേടുന്നതിനിടയിലെ ഇടവേളയിൽ ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പലഹാര മേളയിലെ വിഭവങ്ങൾ തയ്യാറാക്കാനാണ് വനിതകൾ അരയും തലയും കെട്ടി അടുക്കളയിലെത്തിയത്.
വനിതാ വിഭാഗത്തോടൊപ്പം പാചകപ്രിയരായ സമാജം അംഗങ്ങളുടെ കൂട്ടായ്മ രണ്ട് ദിവസമായി സമാജം അടുക്കളയിൽ പലഹാരങ്ങൾ ഉണ്ടാക്കുന്നതിന്റെ തിരക്കിലാണ്. കായ വറുത്തത്, ശർക്കര ഉപ്പേരി, ഉണ്ണിയപ്പം, ശർക്കരവരട്ടി, ചേന വറുത്തത്, ചേന്പ് വറുത്തത്, കപ്പ വറുത്തത്, അച്ചപ്പം, മുറുക്ക്, കളിയടുക്ക തുടങ്ങിയ വിഭവങ്ങളാണ് പ്രധാനമായും ഉണ്ടാക്കുന്നത്. കേരളത്തിന്റെ തെക്കൻ സംസ്ഥാനങ്ങളിലെ ഓണ വിഭവമായ കളിയടുക്ക പല പേരുകളിൽ പല പ്രദേശങ്ങളിൽ അറിയപ്പെടുന്നു.
കൂടാതെ ലൈവ് ആയുള്ള പലഹാര പാചകവും ഇന്ന് നടക്കും. പലഹാര മേളയിൽ എത്തുന്നവർക്ക് വേണ്ടി ചൂടോടെ വിഭവങ്ങൾ ആസ്വദിക്കാൻ വേണ്ടി തട്ടുകടയും സജ്ജീകരിച്ചിട്ടുണ്ട്. വട്ടയപ്പം, കറികൾ തുടങ്ങി പലഹാര പ്രിയർക്ക് ആസ്വദിച്ച് കഴിക്കാനുള്ള എല്ലാ വിഭവങ്ങളും ഇന്ന് നടക്കുന്ന പലഹാരമേളയിലുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. ശുദ്ധമായ വെളിച്ചെണ്ണയിൽ തികച്ചും വൃത്തിയുള്ള അന്തരീക്ഷത്തിൽ പലഹാരങ്ങൾ ഉണ്ടാക്കുന്നു എന്നതാണ് പലഹാരമേളയുടെ പ്രത്യേകത. കടകളിൽ കിട്ടുന്നതിനേക്കാൾ ഫ്രഷ് ആയതും ശുദ്ധമായ എണ്ണയിൽ വറുത്തതുമായതിനാൽ വിൽപ്പനയിലും പെൺകരുത്ത് ശക്തി തെളിയിക്കുമെന്ന് തന്നെയാണ് സംഘാടകരുടെ കണക്കു കൂട്ടൽ.
125 കിലോ വെളിച്ചെണ്ണയാണ് എണ്ണപ്പലഹാരം ഉണ്ടാക്കുന്നതിന് മാത്രമായി ഉപയോഗിച്ചതെന്ന് സംഘാടകർ പറഞ്ഞു. അതോടൊപ്പം തന്നെ ഇഞ്ചിപ്പുളി, മാങ്ങാ അച്ചാറുകൾ, നാരങ്ങാ അച്ചാർ തുടങ്ങിയവയും വില്പനയ്ക്ക് തയ്യാറാക്കുന്നുണ്ട്. ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെയാണ് പലഹാര മേള ആരംഭിക്കുക. പലഹാരമേളയോടനുബന്ധിച്ച് തീറ്റ മത്സരം, പുഷ് അപ് മത്സരം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. രാത്രി 10 മണിവരെയും വിഭവങ്ങൾ വില്പനയ്ക്കും ലൈവ് ആയും ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.