രവീന്ദ്ര സംഗീതത്തിന്റെ താള ലയങ്ങളിലേക്കൊരു തീർത്ഥയാത്ര; ‘ഹരിമുരളീരവം’ ഇന്ന്

മസ്ക്കറ്റ്: ക്ലാപ്സ് ഇവന്റ്സിന്റെ ബാനറിൽ അസോസിയേഷൻ ഓഫ് മസ്ക്കറ്റ് മ്യൂസിക് ആൻഡ് ആർട്ട്സ് (അമ്മ) സംഘടിപ്പിക്കുന്ന നൃത്ത സംഗീത വിരുന്ന് ‘ഹരിമുരളീരവം’ ഇന്ന്. പ്രേക്ഷകരെ രവീന്ദ്ര സംഗീതത്തിന്റെ അവാച്യമായ അനുഭൂതികളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്ന ‘ഹരിമുരളീരവം’ വൈകീട്ട് ആറ് മണിക്ക് മസ്ക്കറ്റ് അൽഫലാജ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ചാണ് നടക്കുന്നത്.
പ്രസിദ്ധ പിന്നണി ഗായകൻ ബിജു നാരായണൻ, ഗായിക പ്രീതി വാര്യർ എന്നിവരുടെ ഗാനങ്ങളുടെ അകന്പടിയിൽ മസ്കറ്റിലെ പ്രശസ്ത നൃത്ത വിദ്യാലയമായ ഡെലീഷ്യസ് ഡാൻസ് അക്കാദമിയിലെ കലാകാരന്മാരും കലാകാരികളും പരിപാടിയിൽ നൃത്തച്ചുവടുകളുമായി എത്തും. ‘അമ്മ’യിലെ ഒരുകൂട്ടം ഗായകരും ഗായികമാരും ഗാനങ്ങൾ ആലപിക്കും. സംഗീത സംവിധായകനായ എ.കെ ഹേമൻ ഓർക്കസ്ട്രക്ക് നേതൃത്ത്വം നൽകും. ഇവർക്കൊപ്പം നർമ്മ മുഹൂർത്തങ്ങളുമായി കാണികളെ ചിരിപ്പിക്കാൻ സുധീഷ് കലാഭവനും വേദിയിലെത്തും.
കിളിമാനൂർ കൊട്ടാരത്തിലെ ഇളമുറക്കാരനും രാജാ രവിവർമ്മയുടെ കൊച്ചുമകനും സംഗീതഞ്ജനുമായ രാമവർമ്മ തന്പുരാൻ മുഖ്യ അതിഥിതിയായിരിക്കും. പ്രവേശനം സൗജന്യമായിരിക്കുമെന്നും എല്ലാവരേയും പരിപാടിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായും അമ്മ പ്രസിഡണ്ട് അമൃത്പാൽ അറിയിച്ചു.