ചികിത്സാ കമ്മിറ്റി രൂപീകരിച്ചു

മനാമ: വൃക്കമാറ്റൽ ശസ്ത്രക്രിയയ്ക്ക് വേണ്ടി ഡോക്ടർമാർ നിർദ്ദേശിച്ച കണ്ണൂർ ജില്ലയിലെ മാളവിക എന്ന കുട്ടിയുടെ ചികിത്സാ ചിലവിലേയ്ക്കായി ബഹ്‌റൈനിലെ അവരുടെ നാട്ടുകാരും സുമനസുകളും ചേർന്ന് ചികിത്സാ കമ്മിറ്റിക്ക് രൂപം നൽകി.
കുഞ്ഞിമംഗലത്തെ കെ. ഉദയൻ, എം. സജിനി ദന്പതികളുടെ മകൾ ഹയർ സെക്കണ്ടറി വിദ്യാർത്ഥിനിയായ കുമാരി മാളവികയുടെ ഇരു വൃക്കകളുമാണ് തകരാറിലായിരിക്കുന്നത്. മാളവികയുടെ മാതാവിന്റെ വൃക്ക മാറ്റിവയ്ക്കാൻ തീരുമാനിച്ചുവെങ്കിലും അതിനു വേണ്ടുന്ന സാന്പത്തിക സ്ഥിതി ഈ കുടുംബത്തിനില്ല. ഈ സാഹചര്യത്തിലാണ് ബഹ്‌റൈനിലെ ഇവരുടെ നാട്ടുകാരും സുമനസ്സുകളും ചേർന്ന് മാളവികയുടെ വൃക്ക മാറ്റിവയ്ക്കലിന് വേണ്ടുന്ന പണം സ്വരൂപിക്കാൻ തീരുമാനിച്ചതെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
രക്ഷാധികാരിയായി ഷാജിത്ത് എൻ, കൺവീനർ സുമീഷ് പി എന്നിവരെയും ചുമതലപ്പെടുത്തി. കൂടുതൽ വിവരങ്ങൾക്കും ചികിത്സാ സഹായം നൽകാനും ആഗ്രഹിക്കുന്നവർ ജോയന്റ് കൺവീനർ രാജേഷ് തലായി (35530428), ട്രഷറർ പ്രജിത്ത് എൻ (37342266) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.