പന്പ കൂട്ടായ്മ : പ്രവാസി സഹകരണ സംഘം പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു
മനാമ : ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലാ നിവാസികളുടെ കൂട്ടായ്മയായ പന്പയുടെ യോഗം സെഗയ്യ റെസ്റ്റോറന്റിൽ വെച്ച് നടന്നു. പ്രസിഡണ്ട് സജി കുടശ്ശനാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലയിൽ നിന്നുള്ള വിവിധ പ്രാദേശിക സംഘടനങ്ങൾ നിലവിൽ ഉണ്ടെങ്കിലും, ജില്ലയെ മുഴുവൻ പ്രതിനിധാനം ചെയ്യുന്ന ഒരു സംഘടനാ എന്ന ആവശ്യകതയാണ് പുതിയ സംഘടനാ രൂപം കൊള്ളാൻ കാരണമെന്നും സാധാരണ ഒരു പ്രവാസി സംഘടന എന്നതിലുപരി പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്നവർക്ക് മുൻഗണന നൽകി ജില്ലാ ഭരണകൂടയുമായി സഹകരിച്ചുകൊണ്ടു കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളുടെ ആനുകൂല്യം സാധാരണക്കാർക്കും ലഭിക്കാനുള്ള അവസരം ഉണ്ടാക്കുകയും ചെയ്യുകയാണ് സംഘടന കൊണ്ട് ഉദ്ദേശിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ‘പന്പ ഫെസ്റ്റ്’ എന്ന പേരിൽ പടയണിയും വയൽ വാണിഭവും ഉൾപ്പെടെ ജില്ലയുലടെ സാംസ്കാരിക പാരന്പര്യം വിളിച്ചോതുന്ന പരിപാടികൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി നാട്ടിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സഹകരണ സംഘത്തിന്റെ പ്രഖ്യാപനം ജനറൽ സെക്രട്ടറി അനിൽ സോപാനം നടത്തി. നാട്ടിൽ സംഘത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. കൂടാതെ അംഗങ്ങൾക്കും ആശ്രിതർക്കുമായി ആരോഗ്യ ഇൻഷുറൻസ് പദ്ധതി, പ്രവാസികളുടെ ആശ്രിത വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങൾ, തീർത്ഥാടന ടൂറിസ്സം രംഗങ്ങളിൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ നടപ്പാക്കുക തുടങ്ങി ഭാവി പ്രവർത്തനങ്ങൾ വിശദീകരിച്ചു.
പന്പ ട്രഷറർ അനീഷ് റോൺ അവതാരകനായിരുന്ന യോഗത്തിൽ വൈസ് പ്രസിഡണ്ട് പ്രിൻസ് സ്വാഗതം പ്രസംഗം നടത്തി. ബഹ്‌റൈനിലെ വിവിധ മേഖലകളിലെ പ്രമുഖർ പന്പക്ക് ആശംസ നേർന്നു സംസാരിച്ചു. ജോയിന്റ് സെക്രട്ടറി ബിജു മലയിൽ നന്ദി പ്രകാശനം നടത്തി.

