പക്ഷാഘാതം പിടിപെട്ട ശ്രീലങ്കൻ സ്ത്രീയുടെ മേൽവിലാസം തേടുന്നു
മനാമ : പക്ഷാഘാതം പിടിപെട്ട്, റോഡരികിൽ നിന്ന് പോലീസ് ആശുപത്രിയിലാക്കിയ സ്ത്രീയുടെ വിശദ വിവരങ്ങൾ ലഭിക്കാതെ ആശുപത്രി അധികൃതർ. ജൂലൈ ഏഴിനാണ് പോലീസ് ഇവരെ ആശുപത്രിയിലാക്കിയത്. ശ്രീലങ്കൻ യുവതി റോഡരികിൽ കിടക്കുന്നുവെന്നുള്ള സന്ദേശത്തെ തുടർന്നാണ് പോലീസ് എത്തി ഇവരെ ആശുപത്രിയിലാക്കിയത്. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം കണ്ണുകൾ തുറക്കുകയും ചുണ്ടുകൾ അനക്കി അവ്യക്തമായി ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തതോടെയാണ് ഇവർ ശ്രീലങ്കൻ യുവതിയാണെന്ന് വ്യക്തമായത്. ഇനോക ദമയന്തി എന്നാണ് ഇവരുടെ പേരെന്നാണ് സൂചന. മൈഗ്രന്റ് പ്രൊട്ടക്ഷൻ സൊസൈറ്റിയാണ് ഇവരുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്.
എന്തെങ്കിലും ചോദിച്ചാൽ കരയുകയും അവ്യക്തമായി സംസാരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതല്ലാതെ മറ്റൊരു കാര്യവും ഇവരിൽ നിന്ന് ലഭ്യമായിട്ടില്ലെന്ന് മൈഗ്രന്റ് വർക്കേഴ്സ് പ്രവർത്തകർ പറഞ്ഞു. പക്ഷാഘാതത്തെ തുടർന്ന് ഒരു വശം മുഴുവനും തളർന്ന അവസ്ഥയിലാണ് ഇവർ ഉള്ളത്. ഇവരെക്കുറിച്ചു ആർക്കെങ്കിലും എന്തെങ്കിലും വിവരം അറിയുമെങ്കിൽ തങ്ങളെ ബന്ധപ്പെടണമെന്നും മൈഗ്രന്റ് വർക്കേഴ്സ് പ്രൊട്ടക്റ്റ് സൊസൈറ്റി പ്രവർത്തക ഇവോനെ ഭാസ്കർ പറഞ്ഞു. ശ്രീലങ്കൻ എംബസിയുമായി ബന്ധപ്പെട്ട് ഇവരുടെ മേൽവിലാസം കണ്ടെത്താൻ ശ്രമിച്ചുവരികയാണ്. ഫോട്ടോയിൽ കാണുന്ന സ്ത്രീയെപ്പറ്റിയുള്ള എന്തെങ്കിലും വിവരങ്ങൾ അറിയാവുന്നവർ 39452470, 39843609 എന്നീ നന്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

