വളർത്തുമൃഗങ്ങളെ ഉപദ്രവിച്ചാൽ കഠിനശിക്ഷ; 2,000 ദീനാർ വരെ പിഴയും തടവും ലഭിക്കുമെന്ന് മുന്നറിയിപ്പ്
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിൽ വളർത്തുമൃഗങ്ങളെ ക്രൂരമായി ഉപദ്രവിക്കുകയോ, പീഡിപ്പിക്കുകയോ, നിയമവിരുദ്ധമായി കൊല്ലുകയോ ചെയ്യുന്നവർക്ക് കനത്ത തടവുശിക്ഷയും 2,000 ദീനാർ വരെ പിഴയും ലഭിക്കുമെന്ന് പ്രമുഖ അഭിഭാഷക സൈനബ് അൽ ബാരി ഓർമ്മിപ്പിച്ചു. രാജ്യത്തെ കർശനമായ മൃഗസംരക്ഷണ നിയമങ്ങളെ ഉദ്ധരിച്ചാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
വളർത്തുമൃഗങ്ങൾ, അപകടകാരികളായ മൃഗങ്ങൾ, അക്രമാസക്തരായ നായ്ക്കൾ എന്നിവയെ വളർത്തുന്നത് നിയന്ത്രിക്കുന്ന നിയമത്തിലെ ആർട്ടിക്കിൾ 14 പ്രകാരം മൃഗങ്ങളെ ദ്രവിക്കുന്നതും കൊല്ലുന്നതും കുറ്റകരമാണ്. കൂടാതെ, മൃഗങ്ങൾക്ക് ആവശ്യമായ ഭക്ഷണം, പാർപ്പിടം, വെറ്ററിനറി പരിചരണം, കൃത്യമായ വാക്സിനേഷൻ എന്നിവ നൽകാതിരിക്കുന്നതും നിയമലംഘനത്തിന്റെ പരിധിയിൽ വരും. ഈ നിയമത്തിലെ ആർട്ടിക്കിൾ 16 അനുസരിച്ച്, കുറ്റക്കാർക്ക് തടവുശിക്ഷയോ, 2,000 ദീനാർ വരെ പിഴയോ, അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം. പൂച്ചകൾ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളെ യാതൊരു കാരണവുമില്ലാതെ കൊല്ലുകയോ ഉപദ്രവിക്കുകയോ ചെയ്താൽ കർശനമായ ക്രിമിനൽ നടപടികൾ നേരിടേണ്ടിവരുമെന്നും ശിക്ഷ കോടതി തീരുമാനിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ഇതിനുപുറമേ, ബഹ്റൈൻ പീനൽ കോഡിലെ ആർട്ടിക്കിൾ 415 പ്രകാരം, വളർത്തുമൃഗങ്ങളെ മനഃപൂർവ്വം കൊല്ലുകയോ ഗുരുതരമായി പരിക്കേൽപ്പിക്കുകയോ ചെയ്യുന്നവർക്ക് ഒരു വർഷം വരെ തടവോ 100 ദീനാർ വരെ പിഴയോ ലഭിക്കാം. ക്രൂരമായി മർദ്ദിക്കുക, വിഷം കൊടുക്കുക, തീക്കൊളുത്തുക, പട്ടിണിക്കിടുക, ഗുരുതരമായ രീതിയിൽ അവഗണിക്കുക എന്നിവയെല്ലാം ഈ കുറ്റകൃത്യ പരിധിയിൽ വരും. മൃഗസംരക്ഷണം എന്നത് നിയമപരമായ ഉത്തരവാദിത്തം മാത്രമല്ല, മാനുഷികമായ കടമ കൂടിയാണെന്നും, നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനൊപ്പം മൃഗക്ഷേമത്തെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ കൂടുതൽ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്നും സൈനബ് അൽ ബാരി ആവശ്യപ്പെട്ടു.
േിേി

