ചൂടുകാലം : ജങ്ക് ഫുഡ്ഡുകളോടുള്ള പ്രവാസികളുടെ പ്രിയം കുറയുന്നു
മനാമ : ചൂടുകാലം കനത്തതോടെ പ്രവാസികൾക്ക് ജങ്ക് ഫുഡ്ഡുകളോടുള്ള പ്രിയം കുറയുന്നു. ഷവർമ്മ കടകളിലും പൊതുവെ തിരക്ക് കുറയുന്നുണ്ടെന്നാണ് ഈ രംഗത്തുള്ള വ്യാപാരികളുടെ അഭിപ്രായം. ജങ്ക് ഫുഡ്ഡ് ആരോഗ്യത്തിന് നല്ലതല്ലെന്നുള്ള തിരിച്ചറിവും പൊതുവെ ഗൾഫ് രാജ്യങ്ങളിൽ ഇത്തരം ഭക്ഷണ പദാർത്ഥങ്ങളോട് ജനങ്ങൾക്ക് ഉണ്ടായിട്ടുള്ള അകൽച്ചയ്ക്ക് കാരണമായിട്ടുണ്ട്. സോഷ്യൽ മീഡിയകൾ ജങ്ക് ഫുഡ്ഡുകൾക്കെതിരായി നടത്തുന്ന ബോധവൽക്കരണവും ഇത്തരം ഭക്ഷണം കഴിക്കുന്നത് മൂലമുണ്ടാകുന്ന രോഗങ്ങളെ കുറിച്ചുള്ള നിരന്തര പ്രചാരണങ്ങളും ഈയൊരു ഭക്ഷണ മേഖലയോടുള്ള താൽപ്പര്യക്കുറവിന് കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ചില അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഇത്തരം ഭക്ഷണം കഴിച്ചിട്ട് ആരോഗ്യ പ്രശ്നങ്ങൾ കാരണം ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട വാർത്തകൾ പോലും ബഹ്റൈനിൽ നേരത്തേയുണ്ടായിട്ടുണ്ട്. ഇത് സോഷ്യൽ മീഡിയകളിലൂടെ സജീവമായി പ്രചരിക്കപ്പെട്ടതും ഈ മേഖലയ്ക്ക് തിരിച്ചടിയായി മാറി. ഇന്ത്യൻ സമൂഹത്തിന്റെ സ്‌കൂളുകളിൽ പലതും ഇത്തരം ഭക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് മാത്രമല്ല ജങ്ക് ഫുഡ്ഡ്് കഴിക്കുന്നതുമൂലമുള്ള ദോഷവശങ്ങളെപ്പറ്റി അദ്ധ്യാപകർ കുട്ടികളെ ബോധവൽക്കരിക്കുകയും ചെയ്യുന്നുണ്ട്.
ഷവർമ്മ, ബ്രോസ്റ്റഡ് ചിക്കൻ തുടങ്ങിയ ഭക്ഷണങ്ങളോടുള്ള പ്രവാസികളുടെ താൽപ്പര്യക്കുറവ് ഈ മേഖലയിലെ ബിസിനസ്സുകളെയും സാരമായി ബാധിച്ചിട്ടുണ്ടെന്ന് പല ഷവർമ്മ, ബ്രോസ്റ്റഡ് കടകൾ നടത്തിപ്പുകാരും സമ്മതിക്കുന്നുണ്ട്. മുന്പ് ഷവർമ്മ ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്ന മാംസത്തിന്റെ പകുതി അളവ് പോലും ഇപ്പോൾ വേണ്ടിവരുന്നില്ലെന്ന് മനാമയിലെ ഒരു ഷവർമ്മ വ്യാപാരി പറഞ്ഞു. ചൂടുകാലമായതോടെ ഇത്തരം ഭക്ഷണ വിപണിക്ക് വലിയ ക്ഷീണമാണ് സംഭവിച്ചിട്ടുള്ളതെന്ന് ഈ രംഗത്തു പ്രവർത്തിക്കുന്നവർ സമ്മതിക്കുന്നു. അതുപോലെ തന്നെ ഷവർമ്മ, സാൻഡ് വിച്ചു കടകളിൽ ജോലിക്ക് ആളുകളെ കിട്ടാനും പ്രായാസമാണെന്നും ഇവർ പറയുന്നു. ഇവിടെ ലഭിക്കുന്ന വരുമാനവുമായി തട്ടിച്ചു നോക്കുന്പോൾ വലിയ ശന്പളം നൽകി ജീവനക്കാരെ നിർത്താൻ കഴിയുന്നില്ല. അത് കൊണ്ട് തന്നെ ഇടത്തരം ഷവർമ്മ, സാൻഡ് വിച്ച് കടകൾ പലതും പേരിനു തുറന്നു പ്രവർത്തിക്കുന്നുവെന്ന് മാത്രം. മുന്പ് മൂന്നോ നാലോ ജീവനക്കാർ ജോലി ചെയ്തു വന്നിരുന്ന ഇത്തരം സ്ഥാപനങ്ങൾ ഇപ്പോൾ രണ്ടോ മൂന്നോ പേരെ വെച്ചാണ് നടത്തിക്കൊണ്ടുപോകുന്നതെന്ന് ഗുദൈബിയയിലെ ഒരു ഷവർമ്മ വ്യാപാരി പറഞ്ഞു.
ജോലിക്കാർക്ക് ഇത് പരീക്ഷണകാലം
ഷവർമ്മ കടകളിൽ ജോലിക്കു നിൽക്കുന്നവർക്കും ഇത് പരീക്ഷണ കാലമാണ്. പുറത്തെ കടുത്ത ചൂടിനു പുറമെ ഷവർമ്മ സമോവറിൽ നിന്നുള്ള ചൂടും കൂടി അസഹനീയമായ അന്തരീക്ഷത്തിലാണ് തങ്ങൾക്കു ജോലി ചെയ്യേണ്ടി വരുന്നതെന്ന് ഇവിടുത്തെ തൊഴിലാളികൾ പറയുന്നു. തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് അനുവദിക്കപ്പെട്ടിട്ടുള്ള ഉച്ച വിശ്രമ നിയമം പോലും തങ്ങൾക്ക് ലഭിക്കുന്നില്ലെന്ന പരാതിയും ഈ തൊഴിലാളികൾക്കുണ്ട്. കടുത്ത ചൂടിൽ വെന്തുരുകി രാത്രി മുഴുവൻ വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വരുന്നുണ്ടെന്നും ഇത് തങ്ങളുടെ ആരോഗ്യ സ്ഥിതിയെ പോലും സാരമായി ബാധിക്കുന്നുണ്ടെന്നും ഇവർ പറയുന്നു. കടകളിൽ എയർ കണ്ടീഷൻ സംവിധാനം ഉണ്ടെങ്കിലും കത്തുന്ന ചൂടിന് മുന്നിൽ അതെല്ലാം നിഷ്പ്രഭമാവുകയാണെന്നും ഷവർമ്മ ജോലിക്കാർ പറയുന്നു.

