2017ന്റെ രണ്ടാം പാദത്തിൽ വാഹന അപകടങ്ങളിൽ 13 മരണം
മനാമ : 2017ന്റെ രണ്ടാം പാദത്തിൽ രാജ്യത്ത് ഉണ്ടായ വ്യത്യസ്ത വാഹാനാപകടങ്ങളിൽ 13 പേർ മരിച്ചതായി റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയത്തിൽ ട്രാഫിക് ഡയറക്ടറേറ്റ് പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ 288 അപകടങ്ങൾ ഉണ്ടായി. അപകടങ്ങളിൽ 13 പേർ മരിക്കുകയും 97 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. 172 പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
എന്നാൽ, കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ അപകടങ്ങളുടെ എണ്ണം കുറഞ്ഞു. ഏപ്രിലിൽ 108 അപകടങ്ങളും, മെയിൽ 94 അപകടങ്ങളും ജൂൺ മാസത്തിൽ 80 അപകടങ്ങളുണ്ടായി. ഡ്രൈവിംഗ് സമയത്ത് മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിനാലാണ് ഭൂരിഭാഗം അപകടങ്ങളും ഉണ്ടാകുന്നത്.
ബഹ്‌റൈനിൽ മൂന്ന് മാസത്തിനുള്ളിൽ 6,002 വാഹനങ്ങൾ രജിസ്റ്റർ ചെയ്തു. സമീപകാലത്ത് ട്രാഫിക് നിയമ ലംഘനങ്ങളും അപകടങ്ങളും കുറയ്ക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചേർന്ന് രാജ്യത്തെ പ്രധാന ഹൈവേകളിൽ വേഗതാ പരിധി പുനഃക്രമീകരിക്കുന്നതിനും ബോധവൽക്കരണ പരിപാടികൾ നടത്തുന്നതും ഉൾപ്പെടെയുള്ള നടപടികൾ ട്രാഫിക് ഡയറക്ടറേറ്റ് സ്വീകരിച്ചു. ഏപ്രിൽ മാസത്തിൽ 75 ശതമാനം ഗതാഗത നിയമ ലംഘനങ്ങൾ കുറയ്ക്കാൻ കഴിഞ്ഞതായി ട്രാഫിക് കൾച്ചർ ഡയറക്ടർ ലഫ്റ്റനന്റ് കേണൽ ഒസാമ ബഹാർ പറഞ്ഞു.

