മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായി സൗദി സഖ്യരാജ്യങ്ങൾ
മനാമ : ഖത്തറിനെതിരായ ഉപരോധം തുടരുമെന്ന് സഖ്യരാജ്യങ്ങൾ. പ്രശ്നപരിഹാരത്തിന് മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായി വിഷയം ചർച്ച ചെയ്യാൻ നടത്തിയ കൂടിക്കാഴ്ചയിൽ ബഹ്‌റൈൻ, സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ വ്യക്തമാക്കി. മനാമയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ ഖത്തറുമായി പ്രാദേശിക−അന്തർദേശീയ ഉടന്പടികളിൽ ഏർപ്പെടുന്നതിന് തയ്യാറാണെന്ന് വിദേശകാര്യമന്ത്രിമാർ അറിയിച്ചു. ഭീകരവാദത്തെ പിന്തുണക്കുന്നതും ധനസഹായം നൽകുന്നതും നിർത്തണമെന്ന തങ്ങളുടെ ആവശ്യത്തിൽ നിന്ന് പിന്മാറില്ലെന്നും ഖത്തറുമായി തുറന്ന ചർച്ചക്ക് തയ്യാറാണെന്നും നാല് രാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാർ പറഞ്ഞു.
ഉപരോധം പിൻവലിക്കുന്നതിന് പ്രാദേശിക വാർത്താ ചാനൽ അൽ ജസീറ അടച്ചു പൂട്ടുന്നതുൾപ്പെടെ ആവശ്യങ്ങൾ ജൂൺ മാസത്തിൽ ഖത്തറിന് കൈമാറിയിരുന്നു. ജൂലൈ അഞ്ചിന് കെയ്‌റോയിൽ നടന്ന യോഗത്തിന്റെ തുടർച്ചയാണ് ഇന്നലെ നടന്ന ചർച്ച. ഭീകരവാദത്തെ പിന്തുണക്കുന്നത് അവസാനിപ്പിക്കുക, മറ്റ് രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്നത് നിർത്തുക, അന്തർദേശീയ ഉടന്പടികളോട് നീതി പുലർത്തുക എന്നീ നിർദേശങ്ങളാണ് ഖത്തറിന് നൽകിയിട്ടുള്ളതെന്ന് ബഹ്‌റൈൻ വിദേശകാര്യമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അഹമ്മദ് അൽ ഖലീഫ സംയുക്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഖത്തർ പ്രതിസന്ധിയെക്കുറിച്ചും വിഷയങ്ങളുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളെക്കുറിച്ചും വിദേശകാര്യമന്ത്രിമാർ ചർച്ച ചെയ്തു. മേഖലയിലെ സമാധാനവും സുരക്ഷയും സംരക്ഷിക്കുന്നതിനും ഭീകരവാദത്തെ ഇല്ലാതാക്കുന്നതിനുമായി പ്രാദേശിക−അന്തർദേശീയ തലങ്ങളിൽ ഒന്നിച്ച് പ്രവർത്തിക്കുന്നതിനും നാല് രാജ്യങ്ങളും തമ്മിൽ ധാരണയായി.

