ഫ്ളെക്സിബിൾ വർക്ക് പെർമിറ്റ് ആരംഭിച്ചു : ജൂലൈ 23 മുതൽ അപ്പോയിന്റ്മെന്റ്

മനാമ : ബഹ്റൈനിൽ ഫ്ളെക്സിബിൾ വർക്ക് പെർമിറ്റ് ആരംഭിച്ചു. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം എൽ.എം.ആർ.എ സി.ഇ.ഒ ഓസ്മാ അൽ അബ്‌സി ഔദ്യോഗിക പ്രഖ്യാപനം നടത്തി.
നിയമവിരുദ്ധമായി താമസിക്കുന്ന തൊഴിലാളികളെ വ്യവസ്ഥാപിതമാക്കുന്നതിന്റെ നീക്കമായാണ് പുതിയ സംവിധാനം. രാജ്യത്ത് തൊഴിലുടമകളില്ലാതെ സ്വന്തം നിലയ്ക്ക് ഫുൾ ടൈം, പാർട്ട് ടൈം ജോലി ചെയ്യാമെന്നതാണ് ഫ്ളക്സിബിൾ പെർമിറ്റിന്റെ ഏറ്റവും വലിയ നേട്ടം. അതുകൊണ്ട് തന്നെ ഒന്നിലധികം തൊഴിലുടമകൾക്ക് കീഴിൽ ജോലി ചെയ്യാനും പുതുക്കാനും കഴിയും. കാലാവധി തീരുന്നതിനു മുൻപ് നാട്ടിൽ പോയി വരുന്നതിനും നിയമപ്രശ്നമില്ല.
449 ദിനാറാണ് രണ്ട് വർഷത്തെ പെർമിറ്റിന്. ഇതിൽ ഹെൽത്ത് ഫീയും ഉൾപ്പെടുന്നു. ഓരോ മാസവും 2000 പേർക്ക് ഫ്ളക്സിബിൾ പെർമിറ്റ് നൽകും. നിയമ വിരുദ്ധമായി രാജ്യത്തു തങ്ങുന്നവർ ഈ നിയമം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് എൽ.എം.ആർ.എ അധികൃതർ ആവശ്യപ്പെട്ടു.