നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിൽ

തിരുവനന്തപുരം ∙ യുവനടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കാൻ ശ്രമിച്ച കേസിൽ നടൻ ദിലീപ് അറസ്റ്റിൽ. നടിക്കെതിരെ ഉണ്ടായ ആക്രമണത്തിനു പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സിനിമാ മേഖലയിൽനിന്നുതന്നെയുള്ള മൂന്നു പേർകൂടി പൊലീസിന്റെ കസ്റ്റഡിയിലുണ്ടെന്ന് റിപ്പോർട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബിലെത്തിച്ചു. ദിലീപിനെ ഉടൻതന്നെ കോടതിയിൽ ഹാജരാക്കും.
കേസുമായി ബന്ധപ്പെട്ട് മാസങ്ങൾ നീണ്ടുനിന്ന കോലാഹലങ്ങൾക്കൊടുവിലാണ് അറസ്റ്റ്. െഎജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിന് എഡിജിപി ബി.സന്ധ്യയാണ് മേൽനോട്ടം വഹിച്ചത്. സംഭവം പുറത്തറിഞ്ഞതു മുതൽ സംശയത്തിന്റെ നിഴലിലായിരുന്ന ദിലീപ്, സംഭവത്തിൽ തനിക്കു പങ്കില്ലെന്ന നിലപാടിലായിരുന്നു. ദിലീപിനെ അറസ്റ്റ് ചെയ്തെന്ന റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു.