റിസപ്ഷനിസ്റ്റിനെ ആക്രമിച്ച കേസിൽ യുവതിക്ക് ആറ് മാസം തടവ്

മനാമ : അപ്പാർട്മെന്റ് ബിൽഡിങ്ങിൽ റിസപ്ഷനിസ്റ്റിനെ ആക്രമിച്ച കേസിൽ ബഹ്‌റൈൻ യുവതിക്ക് ഹൈ ക്രിമിനൽ കോടതി ആറ് മാസം തടവ് വിധിച്ചു. കോടതി രേഖകൾ പ്രകാരം, വാടകയ്ക്കെടുത്ത കെട്ടിടം ഒഴിഞ്ഞതിന് പത്ത് ദിവസത്തിന് ശേഷമാണ് യുവതി തന്റെ ഡയറി നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഇത് വീണ്ടെടുക്കാൻ അപ്പാർട്മെന്റിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഡയറിയിൽ തന്റെ സ്വകാര്യ ചിത്രങ്ങൾ ഉണ്ടായിരുന്നുവെന്ന് സ്ത്രീ അവകാശപ്പെട്ടു. ഡയറി കണ്ടില്ല എന്ന് റിസപ്ഷനിസ്റ്റ് പറഞ്ഞപ്പോഴായിരുന്നു യുവതി അവരെ ആക്രമിച്ചത്.
ഒരു പുരുഷന്റെ സഹായത്തോടെയാണ് യുവതി റിസപ്ഷനിസ്റ്റിനെ ആക്രമിച്ചതെന്നും കോടതി രേഖകൾ വ്യക്തമാക്കുന്നു. റിസപ്ഷനിസ്റ്റിന്റെ ഫോണുകൾ കൈക്കലാക്കിയ യുവതി, അവരുടെ ഡയറി തിരികെ നൽകിയാൽ ഫോണുകൾ തിരികെ നൽകാമെന്നും പറഞ്ഞു. എന്നാൽ റിസപ്ഷനിസ്റ്റ് പോലീസിൽ അറിയി
ക്കുകയും പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നതിനായിട്ടാണ് അപാർട്മെന്റ് വാടകയ്ക്ക് എടുത്തതെന്ന് യുവതി പ്രോസിക്യൂട്ടർമാരോട് പറഞ്ഞു. ഞങ്ങൾ അവിടെ മൂന്ന് ദിവസം താമസിച്ചു. ബില്ല് പൂർണ്ണമായും അടച്ചിരുന്നില്ല. അവിടെ എന്റെ ഫോട്ടോകൾ അടങ്ങിയ ഡയറി മറന്നു െവച്ചു. അത് കണ്ടെത്താനാകാത്തതിനാലാണ് റിസപ്ഷനിസ്റ്റിനെ ആക്രമിച്ചതെന്ന് യുവതി പ്രോസിക്യൂട്ടർമാരോട് പറഞ്ഞു.