ഫ്‌ളെക്‌സിബിൾ വർക്ക് പെർമിറ്റ് : പാസ്പോർട്ട് കാലാവധി 6 മാസം വേണം

മനാമ : ബഹ്‌റൈനിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിട്ടി (എൽ.എം.ആർ.എ) വിതരണം ചെയ്യാനുദ്ദേശിക്കുന്ന ഫ്‌ളെക്‌സിബിൾ വർക്ക് പെർമിറ്റിന് അപേക്ഷിക്കുന്നവർക്ക് തങ്ങളുടെ പാസ്പോർട്ട് കാലാവധി 6 മാസമെങ്കിലും കാലാവധി ഉണ്ടാകണമെന്ന് സെമിനാറിൽ സംസാരിച്ച എൽ.എം.ആർ.എയുടെ ക്ലയിന്റ് സർവ്വീസ് സൂപ്പർവൈസർ ഈമാൻ ഷബീബ് അറിയിച്ചു. പാസ്പോർട്ട് കന്പനികളിലോ തൊഴിലുടമയുടെ വശമോ ഉള്ളവർ സ്വന്തം ഉത്തരവാദിത്വത്തിൽ അത് കൈയ്യിൽ എടുത്തു വെക്കണം. റൺ എവേ കേസിലോ മറ്റെന്തെങ്കിലും കുറ്റങ്ങളോ ചുമത്തിയിട്ടുള്ളവർക്ക് ഫ്ളക്സിബിൾ വർക്ക് പർമിറ്റിന് അർഹതയുണ്ടായിരിക്കില്ലെന്നും അവർ അറിയിച്ചു.
വിസാ കാലാവധി കഴിഞ്ഞ ശേഷം അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് മാത്രമാണ് ഫ്‌ളെക്‌സിബിൾ വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ അർഹത. ഇതുസംബന്ധിച്ച നിയമവശങ്ങൾ കഴിഞ്ഞ ദിവസം ബഹ്‌റൈൻ ആഭ്യന്തരവകുപ്പ് മന്ത്രി ലഫ്. ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ വിലയിരുത്തിയിരുന്നു. ബഹ്‌റൈൻ ക്യാബിനറ്റ്, ഫ്‌ളെക്‌സിബിൾ വർക്ക് പെർമിറ്റിന് അംഗീകാരം നൽകുകയും ചെയ്തിരുന്നു. വിവിധ കാരണങ്ങളാൽ വിസയില്ലാതെ ബഹ്‌റൈനിൽ തുടരേണ്ടി വന്നവർക്ക് നിയമവിധേയമായി തൊഴിലെടുക്കാനുള്ള സാ
ഹചര്യമൊരുക്കുന്നതാണ് ‘ഫ്‌ളെക്‌സിബിൾ വർക്ക് പെർമിറ്റ്.
ഫ്‌ളക്‌സിബിൾ വർക്കർ, ഫ്‌ളക്‌സിബിൾ ഹോസ്പിറ്റാലിറ്റി വർക്കർ എന്നിങ്ങനെ രണ്ട് തരം വർക്ക് പെർമിറ്റുകളാണ് അനുവദിക്കുക. കഫ്റ്റീരിയ, െറസ്റ്റോറന്റ്, ഹോട്ടൽ, സലൂൺ തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവർക്കാണ് ഫ്‌ളക്‌സിബിൾ ഹോസ്പിറ്റാലിറ്റി വർക്കർ പെർമിറ്റ് നൽകുന്നത്. ഇവർ പ്രത്യേക മെഡിക്കൽ ടെസ്റ്റ് പാസാകേണ്ടി വരും. ഫ്ളക്സിബിൾ വർക്ക് പർമിറ്റിന്റെ ഔദ്യോഗികമായ ലോഞ്ചിംഗ് അടുത്തു തന്നെ ഉണ്ടാകുമെന്ന് വാർത്താലേഖകരോട് സംസാരിക്കവെ അവർ പറഞ്ഞു.