‘ശവ’ത്തിൽ കു­ത്തരു­തെ­ന്ന് പ്രവാ­സി­കൾ : ആശങ്ക വേ­ണ്ടെ­ന്ന് അധി­കൃ­തർ


മനാമ : ൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേയ്ക്ക് മൃതദേഹം കൊണ്ട് പോകുന്പോൾ നാട്ടിൽ ഏർപ്പെടുത്തിയതായി പറയപ്പെടുന്ന പുതിയ നിയമത്തിനെതിരെ ഗൾഫിൽ നിന്നുള്ള പ്രതിഷേധങ്ങൾ വ്യാപകമാകുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഒരാൾ മരിച്ചു കഴിഞ്ഞാൽ പുതിയ നിർദ്ദേശ പ്രകാരം മൃതദേഹം നാട്ടിലേയ്ക്ക് അയക്കുന്നതിന് കാലതാമസമെടുക്കും. 

കോഴിക്കോട് വിമാനത്താവളത്തിലെ ഡെപ്യൂട്ടി ഹെൽ‍ത്ത് ഓഫീസർ‍ (ഐ.പി.എച്ച്.ഒ.) മുഹമ്മദ് ജലാലുദ്ദീൻ പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവാണ് ഇപ്പോൾ വൻ വിവാദമായിക്കൊണ്ടിരിക്കുന്നത്. എന്നാൽ 10 ദിവസം മുന്‍പ് അയച്ച ഉത്തരവ് 2005− കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്നും, മുംബയിൽ നിന്ന് സ്ഥലം മാറി കോഴിക്കോട് വന്നപ്പോൾ നിയമത്തിന്റെ പകർപ്പ് ഒന്ന് കൂടി വിമാനകന്പനികൾക്ക് അയച്ചു കൊടുത്തത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

മൃതദേഹം വിമാനത്തിൽ‍ നാട്ടിലെത്തിക്കുന്നതിനുമുന്പ് മരണസർ‍ട്ടിഫിക്കറ്റ്, എംബാമിങ് സർ‍ട്ടിഫിക്കറ്റ്, വിദേശങ്ങളിലെ ഇന്ത്യൻ എംബസി ഓഫീസിൽ ‍‍നിന്നുള്ള നോ ഒബ്ജക്ഷൻ സർ‍ട്ടിഫിക്കറ്റ് (എൻ‍.ഒ.സി.), റദ്ദാക്കിയ പാസ്‌പോർ‍ട്ട് കോപ്പി തുടങ്ങിയ രേഖകൾ‍ നാട്ടിലെ വിമാനത്താവളങ്ങളിൽ മൃതദേഹം എത്തിക്കുന്നതിന് മുന്പേ‍‍ ഹാജരാക്കണം. ഇവ 48 മണിക്കൂർ‍ മുന്‍പ് വിമാനത്താവളങ്ങളിൽ‍ ലഭിച്ചിരിക്കണമെന്നുമാണ് ഉത്തരവിൽ‍ പറയുന്നത്. മരണകാരണം വ്യക്തമാക്കിയ സർ‍ട്ടിഫിക്കറ്റ് ഇ-−മെയിൽ‍ വഴിയോ വിമാനത്താവളങ്ങളിലെ പ്രീ ഇമിഗ്രേഷൻ കൗണ്ടർ‍ വഴിയോ നൽ‍കണം. മൃതദേഹം കൊണ്ടുവരുന്പോൾ‍ ഈ സർ‍ട്ടിഫിക്കറ്റിന്റെ അസൽ‍ കൂടി കൊണ്ടുവരണമെന്നും ഐ.
പി.എച്ച്.ഒയുടെ ഉത്തരവിൽ‍ പറയുന്നു.

അതേസമയം, ഈ നിയമപ്രകാരം ഗൾഫ് രാജ്യങ്ങളിൽ നിന്ന് മൃതദേഹം നാട്ടിലെത്തിക്കാൻ ചുരുങ്ങിയത് 4 ദിവസമെങ്കിലും സമയമെടുക്കുമെന്നുള്ളതാണ് സാമൂഹ്യ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത്. ബഹ്‌റൈനിലെ സാമൂഹ്യ പ്രവർത്തകരും ഈ ഉത്തരവിനെതിരെ ശക്തമായി പ്രതികരിച്ചു. ജി.സി.സി രാജ്യങ്ങളിൽ വെച്ച് മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാൻ ഏറ്റവും വേഗത്തിൽ നടപടികൾ പൂർത്തിയാക്കുന്ന രാജ്യമാണ് ബഹ്‌റൈൻ. അവധി ദിവസം പോലും പ്രവർത്തിച്ചുകൊണ്ട് ഇന്ത്യക്കാരോട് വളരെ മാന്യത കാട്ടുന്പോൾ നാട്ടിലെ അധികൃതർ ശവത്തിൽ കുത്തുന്ന നടപടികൾ എടുക്കരുതെന്ന് സാമൂഹ്യ പ്രവർതഹകനായ ബഷീർ അന്പലായി ആവശ്യപ്പെട്ടു. ഇത്തരമൊരു നിയമം കർശനമായി നടപ്പിലാക്കുന്നുണ്ടെങ്കിൽ അത് ഗുരുതരമായ തെറ്റാണെന്നും അദ്ദേഹം പ്രതികരിച്ചു.

ഇക്കാര്യത്തിൽ അധികം ആശങ്ക വേണ്ടെന്നും ഈ നിയമം പഴയത് തന്നെയാണെന്നും സാമൂഹ്യ പ്രവർത്തകനായ കെ.ടി സലിം പറഞ്ഞു. നിയമം 2005ലേതാണെങ്കിലും സാങ്കേതികമായി ഇത്രയും പുരോഗമിച്ച കാലഘട്ടത്തിൽ നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കി ഇ-മെയിൽ വഴി അവ എയർപോർട്ട് അധികൃതർക്ക് അയക്കുന്ന രീതി സ്വീകരിക്കുകയും മനുഷ്യത്വപരമായ സമീപനം കൈക്കൊണ്ട് ഒരു മണിക്കൂറിനുള്ളിൽ നടപടികൾ പൂർത്തിയാക്കുന്ന രീതിയാണ് സ്വീകരിച്ചിരുന്നത്. അതിൽ മാറ്റം ഇല്ലാതിരുന്നാൽ മതി എന്നും പഴയ നിയമം ഉപയോഗിച്ച് ഇക്കാര്യത്തിൽ കർശന നടപടി എടുത്താൽ പ്രവാസികൾ അത് കൈയും കെട്ടി നോക്കി നിൽക്കില്ലെന്നും സലിം വ്യക്തമാക്കി. മൃതദേഹത്തോടൊപ്പം ബന്ധുക്കൾ ആരെങ്കിലും പോവുകയാണെങ്കിൽ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുവാൻ തയ്യാറുള്ള ഘട്ടങ്ങളിൽ ഈ നിയമങ്ങൾ ബാധകമായിരുന്നില്ലെന്നും പുതിയ ഉത്തരവിന് ശേഷം മൃതദേഹം അയക്കേണ്ടി വന്നതായി അറിവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരവ് വിവാദമായപ്പോൾ കോഴിക്കോട്, കൊച്ചി വിമാനത്താവളാധികൃതരുമായി നേരിട്ട് സംസാരിച്ചുവെന്നും ഡോ. ജലാലുദ്ദീൻ ഇക്കാര്യത്തിൽ മറുപടി നൽകിയിട്ടുണ്ടെന്നും സാമൂഹ്യ പ്രവർത്തകനായ സുധീർ തിരുനിലത്ത് പറഞ്ഞു. സ്ഥലം മാറ്റം ലഭിച്ച് കോഴിക്കോട് ചാർജ്ജെടുത്ത ഉദ്യോഗസ്ഥൻ എന്ന നിലയിൽ മൃതദേഹം അയക്കുന്നത് സംബന്ധിച്ച പഴയ ഉത്തരവിന്റെ കോപ്പി വിമാനക്കന്പനികൾക്ക് അയച്ചു എന്ന് മാത്രമേ ഉള്ളൂവെന്ന് അദ്ദേഹം പറഞ്ഞതായി സുധീർ വ്യക്തമാക്കി. ഇഅക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും മൃതദേഹം അയക്കുന്പോൾ ജി.സി.സി രാജ്യങ്ങളിലെ നടപടികൾ പൂർത്തിയാക്കിയതിന്റെ രേഖകൾ തനിക്ക് ഇ-മെയിലായി അയച്ചാൽ മതി എന്നും അദ്ദേഹം പറഞ്ഞതായി സുധീർ വ്യക്തമാക്കി. മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ ആരും വിമാനത്താവളത്തിൽ എത്താതിരുന്ന സാഹചര്യത്തിൽ ചിലപ്പോൾ അതിന്റെ ഉത്തരവാദിത്വം തങ്ങളുടെ മേൽ ആകരുതെന്ന് കരുതിയുള്ള ഒരു മുൻകരുതൽ മാത്രമാണ് ഉദ്യോഗസ്ഥൻ നടത്തിയതെന്നും സുധീർ പറഞ്ഞു.

കോഴിക്കോട് വിമാനത്താവളത്തിൽ‍ അന്താരാഷ്ട്ര യാത്രികരുടെ ആരോഗ്യസംബന്ധമായ കാര്യങ്ങൾ‍ പരിശോധിക്കുന്ന ഹെൽ‍ത്ത് അതോറിറ്റി അടുത്ത കാലത്താണ് ആരംഭിച്ചത്. വിദേശങ്ങളിലേയ്ക്ക് പോവുകയും വരികയും ചെയ്യുന്ന യാത്രികർ‍ക്ക് എച്ച്.ഐ.വി, പോളിയോ, പ്‌ളേഗ്, എബോള വൈറസ് തുടങ്ങിയ മാരകരോഗങ്ങൾ‍ പിടിപെട്ടിട്ടുണ്ടോ എന്ന് ആരോഗ്യവകുപ്പ് അധികൃതർ‍ പരിശോധിക്കും. ഇത്തരം അസുഖങ്ങൾ‍ മൃതദേഹങ്ങളിലൂടെയും പടരാൻ സാധ്യതയേറെയാണെന്നതിനാൽ‍ മൃതദേഹവും പരിശോധന നടത്തും. അതിനാൽ‍ മുൻ‍കരുതൽ‍ എടുക്കണമെന്നാവശ്യപ്പെട്ട് അതത് രാജ്യങ്ങളിലുള്ള എംബസികളിൽ‍നിന്ന് എൻ‍.ഒ.സി എടുക്കുന്പോൾ‍തന്നെ അതിന്റെ കോപ്പി നാട്ടിലെ വിമാനത്താവളങ്ങളിലേയ്ക്ക് അയക്കണമെന്നേ പറഞ്ഞിട്ടുള്ളൂ. 

വിലക്കപ്പെട്ട അസുഖവുമായി ഇന്ത്യയിലേയ്ക്ക് പ്രവേശിക്കരുതെന്നുള്ള ഉദ്ദേശം മാത്രമാണ് ഉത്തരവിന് പിന്നിലെന്നും ഉദ്യോഗസ്ഥൻ പറയുന്നു. മൃതദേഹം അയക്കുന്നതുമായി ബന്ധപ്പെട്ട 48 മണിക്കൂർ‍ എന്ന സമയപരിധി കർ‍ശനമാക്കി അറിയിച്ചുകൊണ്ടുള്ള ഒരു ഉത്തരവും ആർ‍ക്കും അയച്ചിട്ടില്ല. മാത്രമല്ല ഈ വിവരം അന്താരാഷ്ട്ര സർവ്‍വീസ് നടത്തുന്ന എയർ‍ഇന്ത്യ, എയർ‍ഇന്ത്യ എക്‌സ്പ്രസ്, ഇത്തിഹാദ്, ഒമാൻ എയർ‍വെയ്‌സ്, എയർ‍ അറേബ്യ, ഖത്തർ‍ എയർ‍വെയ്‌സ് തുടങ്ങിയ വിമാനകന്പനികൾ‍ക്ക് മാത്രമാണ് അയച്ചിരുന്നത്. അതും കോഴിക്കോട് വിമാനത്താവളവുമായി ബന്ധപ്പെട്ടാണ് നിർ‍ദ്ദേശം നൽ‍കിയത്.  മുൻ‍കരുതൽ‍ എന്ന നിലയിൽ‍ കേന്ദ്ര ആരോഗ്യവകുപ്പിന്റെ നിർ‍ദ്ദേശം അറിയിക്കുക മാത്രമാണ് ചെയ്തത്, നിലവിൽ‍ വിദേശത്തുനിന്നും മൃതദേഹം നാട്ടിലെത്തിക്കുന്നതിന് മറ്റ് തടസങ്ങളില്ല.−വിവാദ ഉത്തരവിന് വിശദീകരണവുമായെത്തിയ മുഹമ്മദ് ജലാലുദ്ദീൻ പറഞ്ഞു.

You might also like

Most Viewed