അഴുക്കുചാൽ പൊട്ടിയൊഴുകി ഗുദൈബിയ നാറുന്നു

മനാമ: റോഡരികിലെ അഴുക്കുചാൽ പൊട്ടി വെള്ളം പുറത്തേക്കൊഴുകി ചീഞ്ഞുനാറുകയാണ് ഗുദൈബിയ. സൗത്ത് പാർക്ക് റെസ്റ്റോറന്റിന് മുന്നിലെ റോഡിലാണ് ഈ ദുരവസ്‌ഥ. കഴിഞ്ഞ ഒരാഴ്ചയോളമായി ഈ ഭാഗത്തു റോഡിൽ അഴുക്കുവെള്ളം കെട്ടിക്കിടക്കുകയാണ്. ഇത് വഴിപോകുന്ന വഴിയാത്രക്കാരും പരിസരത്തെ കച്ചവടക്കാരും റസ്റ്റോറന്റ് ഉടമകളും ദുസ്സഹമായ നാറ്റം സഹിച്ചാണ് ദിവസങ്ങൾ തള്ളിനീക്കുന്നത്.
ദുർഗന്ധം വമിക്കുന്നതിനാൽ തങ്ങളുടെ കച്ചവട സ്‌ഥാപനങ്ങളിലേയ്ക്ക് പോലും ആളുകൾ കയറുന്നില്ലെന്ന് വ്യാപാരികളും പരാതിപ്പെടുന്നു. റോഡിൽ കെട്ടി നിൽക്കുന്ന വെള്ളത്തിൽ കൊതുകുകളും പുഴുക്കളും സൗര്യവിഹാരം നടത്തുകയാണെന്ന് പരിസരത്തെ ഫ്‌ളാറ്റിലെ താമസക്കാർ പറഞ്ഞു. നിരവധി ഭക്ഷണ ശാലകളും കോൾഡ് സ്റ്റോറുകളും ഉള്ള ഈ പ്രദേശത്തെ പൊട്ടിയ ഓട എത്രയും പെട്ടെന്ന് നന്നാക്കി പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്നാണ് പരിസരവാസികളുടെ ആവശ്യം.