ബഹ്‌റിനിലെ ഇൻഫർമേഷൻ മന്ത്രാലയം പുനഃസംഘടിപ്പിച്ചു

മനാമ : ബഹ്‌റിനിലെ ഇൻഫർമേഷൻ മന്ത്രാലയം പുനഃസംഘടിപ്പിച്ചു കൊണ്ട് ബഹ്റിൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ ഇന്നലെ ഉത്തരവ് പുറത്തിറക്കി. 82/2016 ഉത്തരവിലൂ
ടെ രാജ്യത്തെ ഇൻഫർമേഷൻ അഫയേഴ്‌സ് അതോറിറ്റി പിരിച്ചു വിട്ടു. കൂടാതെ 84/2016 എന്ന ഉത്തരവിറക്കിയത് വഴി നാഷണൽ കമ്മ്യൂണിക്കേഷൻ സെന്റർ രൂപീകരിക്കുകയും ചെയ്തു. ഇൻഫർമേഷൻ അഫയേഴ്‌സ് മന്ത്രാലയത്തിന് കീഴിലായിരിക്കും സെന്റർ പ്രവർത്തിക്കുക. ഇൻഫർമേഷൻ അഫയേഴ്‌സുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഇനി മന്ത്രാലയമായിരിക്കും കൈകാര്യം ചെയ്യുക.
പുതിയ സെന്ററിന്റെ ഉത്തരവാദിത്വങ്ങളും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ ഒരു എക്സിക്യൂട്ടീവ് പ്രസിഡണ്ടിന്റെയും, വൈസ് പ്രസിഡണ്ടിന്റെയും കീഴിൽ, ഡയറക്ടറേറ്റ് ഓഫ് മോണിറ്ററിങ് ആന്റ് അനാലിസിസ്, ഡയറക്ടറേറ്റ് ഓഫ് കമ്മ്യൂണിക്കേഷൻ ആന്റ് മീഡിയ റിലേഷൻസ്, ഡയറക്ടറേറ്റ് മീഡിയ ഓഫീസ്, ഡയറക്ടറേറ്റ് ഓഫ് സ്ട്രാറ്റജിക് പ്ലാനിങ്, ഡയറക്ടറേറ്റ് ഓഫ് ഡിജിറ്റൽ മീഡിയ എന്നിവ രൂപീകരിക്കാനും രാജാവ് നിർദ്ദേശിച്ചിട്ടുണ്ട്.
ഇൻഫോർമേഷൻ അഫയേഴ്‌സ് മന്ത്രാലയം പുനഃസംഘടിപ്പിച്ചെങ്കിലും മന്ത്രാലയത്തിന്റെ പ്രവർത്തനം ഇൻഫോർമേഷൻ അഫയേഴ്‌സ് മന്ത്രിയുടെ കീഴിൽ തന്നെയായിരിക്കും. മന്ത്രാലയവുമായി ബന്ധപ്പെട്ടവരുടെ ചുമതലകളെ കുറിച്ചും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ബഹ്‌റിൻ ന്യൂസ് ഏജൻസിയുടെ ഡയറക്ടർ ജനറൽ, ഡയറക്ടറേറ്റ് ഓഫ് കമ്മ്യൂണിക്കേഷൻ തുടങ്ങിയ ചുമതലകളായിരിക്കും ഇൻഫോർമേഷൻ അഫയേഴ്‌സ് മന്ത്രി വഹിക്കുക. ഡയറക്ടറേറ്റ് ഓഫ് ഹ്യൂമൻ ആന്റ് ഫിനാൻഷ്യൽ റിസോഴ്‌സസ്, ഡയറക്ടറേറ്റ് ഓഫ് മീഡിയ തുടങ്ങിയവ അണ്ടർ സെക്രട്ടറിയുടെ കീഴിലായിരിക്കും പ്രവർത്തിക്കുക.
ഡയറക്ടറേറ്റ് ഓഫ് ടെലിവിഷൻ, ഡയറക്ടറേറ്റ് ഓഫ് റേഡിയോ, ഡയറക്ടറേറ്റ് ഓഫ് പ്രൊഡക്ഷൻ, ഡയറക്ടറേറ്റ് ഓഫ് ന്യൂസ് തുടങ്ങിയവയുടെ ചുമതല അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഫോർ റേഡിയോ ആന്റ് ടെലിവിഷൻ വഹിക്കും. ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കാലിറ്റിസ് ആന്റ് ട്രാൻസ്‌മിഷൻ, ഡയറക്ടറേറ്റ് ഓഫ് ബ്രോഡ്‌കാസ്റ്റിംഗ് ആന്റ് ഔട്ട്ഡോർ റിലേ എന്നീ വിഭാഗങ്ങൾ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഓഫ് ടെക്നിക്കൽ അഫയേഴ്‌സിന് കീഴിലും പ്രവർത്തിക്കും. പുതിയ ഉത്തരവ് വന്നതോടെ 28/2013 ഉത്തരവ് റദ്ദാക്കിയിട്ടുണ്ട്.