വരാൻ പോകുന്നത് നല്ല നാടക നാളുകൾ: ഫ്രാൻസിസ് ടി. മാവേലിക്കര
മനാമ : നാടകം കൊണ്ട് ഭരണമാറ്റം വരെ ഉണ്ടാക്കാൻ കഴിഞ്ഞ നാട്ടിൽ നാടകത്തിന് വേണ്ടി സ്‌ഥിരം വേദികളോ ഒരു തീയറ്റർ സംസ്കാരമോ ഉണ്ടാക്കിയെടുക്കാൻ നമുക്ക് ഇതുവരെ സാധിച്ചിരുന്നില്ലെന്നും ഇപ്പോഴത്തെ ഗവൺമെന്റ് പതിനാല് ജില്ലകൾക്ക് പതിനാലു തീയറ്ററുകൾ പണിയുന്നതിന് വേണ്ടി ബജറ്റിൽ തുക വകയിരുത്തിയിരിക്കുന്നത് നാടകത്തിന്റെ നല്ല നാളുകൾ വരാൻ പോകുന്നുവെന്നതിന്റെ സൂചനയാണെന്നും പ്രശസ്ത നാടകകൃത്തും സംവിധായകനുമായ ഫ്രാൻസിസ് ടി. മാവേലിക്കര പറഞ്ഞു. ബഹ്‌റിനിൽ എത്തിയ അദ്ദേഹം ഫോർ പി.എം ന്യൂസിനോട് സംസാരിക്കവെയാണ് ഇപ്രകാരം പറഞ്ഞത്.
പഴയ കാലവുമായി തട്ടിച്ചു നോക്കുന്പോൾ നാട്ടിൽ നാടകങ്ങൾക്ക് വേദികൾ കുറഞ്ഞിരിക്കുകയാണ്. നാടകത്തെ ജീവിതോപാധിയാക്കുന്നവരുടെയും നാടകം പ്രൊഫഷനായി കൊണ്ടു നടക്കുന്നവരുടെയും എണ്ണം കുറഞ്ഞുവരികയാണ്. വർഷത്തിൽ 365 ദിവസം നാടകം അവതരിപ്പിച്ച സംഘങ്ങൾ വരെ ഉണ്ടായ നാടാണ് കേരളം. അന്ന് നാടകങ്ങളും സിനിമയും മാത്രമേ ജനങ്ങൾക്ക് ആസ്വാദനത്തിനുള്ള വേദികൾ ഉണ്ടായിരുന്നുള്ളൂ. ഇന്ന് വീടുകളിലെല്ലാം സിനിമാക്കൊട്ടക വലിയ സ്‌ക്രീനുകളിൽ തന്നെ പലരും ഏർപ്പെടുത്തിയതോടെ അവിടെയിരുന്നാൽ ലോകത്തിന്റെ ഏത് ഭാഗത്ത് നടക്കുന്ന പരിപാടികളും ആസ്വദിക്കാനുള്ള സാഹചര്യം ഉണ്ടായത് നാടകം പോലുള്ള കലകൾക്ക് തിരിച്ചടിയായതായി അദ്ദേഹം പറഞ്ഞു.
പണ്ട് കാലത്ത് കേരളത്തിൽ സാമൂഹ്യ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതിന് വേണ്ടിയുള്ള പ്രചാരണത്തിനായിരുന്നു നാടകങ്ങൾ കളിച്ചിരുന്നത്. പിന്നീട് തോപ്പിൽ ഭാസിയെ പോലുള്ളവർ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതിലൂടെ വിപ്ലവകരമായ മാറ്റത്തിലേയ്ക്ക് നാടകങ്ങളെ മാറ്റി. ഭൂരിപക്ഷം വരുന്ന ജനത തോപ്പിൽ ഭാസിയെപ്പോലുള്ളവരുടെ കൂടെ ഉറച്ചു നിൽക്കുകയും അവർ ഉണ്ടാക്കിയ നാടക അവബോധം നിലനിൽക്കുകയും ചെയ്‌തു. എന്നാൽ പിന്നീട് നാടകത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കാര്യമായ പ്രവർത്തനങ്ങൾ ഒന്നും നടന്നില്ലെന്നതും, നാടകകലയെ പിന്നിലാക്കി സംഗീതനാടക ഉപാദ്ധ്യക്ഷ സ്‌ഥാനത്തേയ്ക്കുള്ള തന്റെ രംഗപ്രവേശം സംബന്ധിച്ച് വിവാദങ്ങൾ സ്‌ഥാനത്തേക്ക് വരാൻ ആഗ്രഹിച്ച ചിലരുടെ ഭാവനയാണെന്ന് ഫ്രാൻസിസ് പറഞ്ഞു.
കെ.പി.എ.സിയും തോപ്പിൽ ഭാസിയുടെ കുടുംബവും തമ്മിൽ ചെറിയ അസ്വാരസ്യങ്ങൾ നില നിൽക്കുന്ന സമയത്താണ് താൻ കെ.പി.എ.സിക്ക് നാടകം എഴുതിക്കൊണ്ടിരിക്കുന്നത്. ആ സമയത്ത് കെ.പി.എ.സിക്ക് വേണ്ടി കച്ചവട നാടകങ്ങൾ ചെയ്യുന്നു എന്ന പ്രചാരണത്തിന് തനിക്ക് മറുപടി കൊടുക്കേണ്ടി വന്നു. നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിനുമപ്പുറം ഒരു കച്ചവട നാടകം ഇറങ്ങാനില്ലെന്ന തന്റെ മറുപടിയാണ് ചിലരെ അസ്വസ്‌ഥരാക്കിയതെന്നും അതാണ് പിന്നീട് വർഷങ്ങൾ കഴിഞ്ഞ് ഇപ്പോൾ വിവാദമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കഥയില്ലാത്ത നാടകത്തിനും സിനിമയ്ക്കും പ്രേക്ഷകർ വരില്ല. നല്ല കഥകൾ ഇല്ലെന്ന് പറയുന്നതിൽ അർത്ഥമില്ല. കഥ പറച്ചിലിന്റെ രീതികൾ മാറ്റുക എന്നതാണ് പുതിയ കാലത്ത് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സിനിമയിൽ അഭിനയിച്ചതിന് സമൂഹത്തിൽ നിന്നും ഭ്രഷ്ടാക്കപ്പെടുകയും ഒടുവിൽ ജീവിതം തന്നെ ഹോമിക്കപ്പെടേണ്ടി വന്ന റോസി എന്ന നടിയുടെ കഥയെ ആസ്പദമാക്കി പാലാ കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന ‘മധുരനൊന്പരപ്പൊട്ട്’ ആണ് ഈ വർഷത്തെ തന്റെ നാടകമെന്നും അദ്ദേഹം പറഞ്ഞു. വളരെ ചെറു പ്രായത്തിൽ തന്നെ നാടക രചന രംഗത്തേയ്ക്ക് കടന്നു വന്ന അദ്ദേഹം അമേച്ചർ നാടകരംഗത്തും, പ്രൊഫഷണൽ നാടകരംഗത്തും നിരവധി നാടകങ്ങളിലൂടെ തന്റെ സാന്നിധ്യം തെളിയിച്ചിട്ടുണ്ട്. സമാവർത്തം, അയൽക്കൂട്ടം, അദ്ധ്യാപിക, അസ്തമിക്കാത്ത സൂര്യൻ, ഒറ്റമരത്തണൽ എന്നീ നാടകങ്ങൾ വിവിധ വർഷങ്ങളിലായി കേരള ഗവർമെന്റിന്റെ മികച്ച നാടകത്തിനുള്ള അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. ദ്രാവിഡ വൃത്തം എന്ന നാടകത്തിന് 2007ൽ കേരളം സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 2015ൽ കേരള സംഗീത നാടക അക്കാദമി കലാശ്രീ പുരസ്കാരം നൽകി ആദരിച്ചു. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. 2004ൽ അബുദാബി ശക്തി അവാർഡ്, 2008ൽ പ്രൊഫ. കോഴിശ്ശേരി ബലരാമൻ മെമോറിയൽ അവാർഡ്, 2012ൽ കെ.സി.ബി.സി സാഹിത്യ പുരസ്കാരം, കന്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ അവാർഡ്, 2015ൽ ജേസീസ് ഫൗണ്ടേഷൻ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം, പറവൂർ ജോർജ് സ്മാരക പുരസ്‌കാരം എന്നിങ്ങനെ നിരവധി അംഗീകാരങ്ങൾ രചനയിലൂടെയും, നാടക അവതരണത്തിലൂടെയും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

