ബഹ്‌റിനിൽ സ്ത്രീ കൊല്ലപ്പെട്ട സംഭവം : പ്രചരണങ്ങൾ തെറ്റാണെന്ന് എം.പി

മനാമ : ബഹ്‌റിനിലെ ഈസ്റ്റ് എക്കറിൽ ബോംബ് സ്േഫാടനത്തിൽ സ്വദേശി വനിത കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് പരക്കുന്ന അഭ്യൂഹങ്ങളും പ്രചാരണങ്ങളും തെറ്റാണെന്ന് എം.പി റൂവാ അൽ ഹയ്കി. കഴിഞ്ഞ ദിവസം തന്റെ സ്വകാര്യ മൊബൈൽ നമ്പറിൽ നിന്നും എം.പി തന്നെ ഒരു വാട്സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത അഭിപ്രായങ്ങൾ മറ്റുള്ളവരിലേയ്ക്കും പ്രചരിക്കാൻ തുടങ്ങിയതോടെയാണ് ഇത് സത്യമല്ലെന്ന് സമർത്ഥിച്ച് എം.പി രംഗത്തെത്തിയിരിക്കുന്നത്.
വ്യാഴാഴ്ചയാണ് ഈസ്റ്റ് എക്കറിലുണ്ടായ ബോംബ് സ്േഫാടനത്തിൽ വനിത കൊല്ലപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊലപാതകത്തിന് പിന്നിലെന്നും, ഇവരുടെ അനാസ്ഥയാണ് സംഭവത്തിൽ പ്രതിഫലിക്കുന്നതെന്നുമുള്ള അഭിപ്രായങ്ങളാണ് എം.പി.യുടെ നമ്പറിൽ നിന്ന് വാട്സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്. ഇതിന്റെ സ്‌ക്രീൻ ഷോട്ട് എടുത്ത് എം.പി പറഞ്ഞതെന്ന് കാണിച്ചാണ് വാർത്ത പ്രചരിക്കുന്നത്. എന്നാൽ ഇത് സത്യമല്ലെന്നും, തന്നെ അപകീർത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള പ്രചാരണങ്ങളെന്നും എം.പി. പറയുന്നു. തങ്ങളുടെ സ്വകാര്യ ഗ്രൂപ്പിലെ ചർച്ചാ വിഷയങ്ങൾക്കിടയിൽ ബോംബ് സ്േഫാടനകാര്യം കടന്നു വന്നിരുന്നു. അപ്പോഴാണ് സംഭവത്തെ കുറിച്ച് ഓൺലൈനിൽ പരക്കുന്ന ഒരു വാർത്ത ഗ്രൂപ്പിലുള്ള അംഗങ്ങളെ അറിയിക്കാനായി താൻ അത് പോസ്റ്റ് ചെയ്തത്. എന്നാൽ തന്നോടുള്ള വ്യക്തി വൈരാഗ്യം മൂലം പലരും അതിനെ വളച്ചൊടിക്കുകയായിരുന്നെന്ന് എം.പി പറഞ്ഞു.
വാർത്തയെക്കുറിച്ച് തന്റെ പക്കൽ നിന്നും യാതൊരു സ്ഥിരീകരണവും തേടാതെയാണ് മാധ്യമങ്ങളും വാർത്ത പ്രചരിപ്പിച്ചത്. എം.പിമാർക്കും സ്വകാര്യമായി അഭിപ്രായങ്ങൾ പങ്കു വയ്ക്കാനുള്ള സ്വാതന്ത്ര്യമുണ്ട്, ഇതിനെ മാനിക്കണമെന്നും എം.പി. അഭിപ്രായപ്പെട്ടു.