അഴുകിയവർ...

കഥ - ശക്തിധരൻ പി
ഒരു കൈയിൽ മാംസം പൊതിഞ്ഞ കവറും മറുകൈയിൽ രാമുവിനെയും പിടിച്ചുകൊണ്ട് വീട്ടിലേക്ക് കയറിച്ചെല്ലുന്പോൾ ഭാര്യ സുലോചന ടിപ്പുവിനെ കുളിപ്പിച്ച് ഡ്രയർ കൊണ്ട് അവന്റെ രോമങ്ങൾ തുവർത്തുകയായിരുന്നു. കൂടെ വന്ന പുതുമുഖത്തെ അവൾ സാകൂതം വീക്ഷിച്ചു.
“രാമശ്ശാരെവിടെ?” അവൾ ആരാഞ്ഞു. രാമശ്ശാർ ഞങ്ങളുടെ കവലയിൽ പിച്ച തെണ്ടി ജീവിതം കഴിക്കുന്ന ആളായിരുന്നു. ടിപ്പുവിന്റെ പിറന്നാൾ ദിനത്തിൽ എല്ലാ വർഷവും രണ്ടു നേരത്തെ ആഹാരം അയാൾക്ക് പതിവുള്ളതാണ്. എന്നാൽ ഇന്നു രാവിലെ കവലയിൽ അയാളെ കാണാൻ കഴിഞ്ഞില്ല. അങ്ങിനെ നിരാശനായി മടങ്ങുന്പോഴാണ് റെയിൽവേ േസ്റ്റഷനു മുന്നിൽ നിൽക്കുന്ന രാമുവിനെ കണ്ടത്. മുഷിഞ്ഞ വേഷവും ചെന്പൻ മുടിയുമായി കരഞ്ഞു കുഴഞ്ഞ അക്ഷികളും വിശന്നു കുഴിഞ്ഞ കുക്ഷിയുമായി ഒരു പതിനാലുകാരൻ. കാര്യങ്ങൾ തിരക്കുവാൻ പക്ഷെ അവൻ പറയുന്ന ഭാഷ തനിക്ക് പരിചിതമല്ലായിരുന്നു. എങ്ങിനെയൊക്കെയോ പേരു മാത്രം മനസിലായി. രാമു സിറ്റ് ഔട്ടിന്റെ മൂലയിൽ ഒതുങ്ങിയിരുന്നു. സുലു ടിപ്പുവിനെ ഒരുക്കുന്ന തിരക്കിലാണ്. അവൾ അവന്റെ കഴുത്തിൽ ഒരു ചുവന്ന റിബൺ കെട്ടി. പൊട്ടു തൊടുവിച്ചു. ഭംഗിയായി കഴുകി അലങ്കരിച്ച കൂട്ടിലേക്ക് അവനെ ആനയിച്ചു. അവന് മുത്തങ്ങൾ നൽകി. മക്കളില്ലാത്ത ഞങ്ങളുടെ ഓമനയാണ് ടിപ്പു. ശ്വാനവർഗത്തിൽ തന്നെ മുന്തിയ ഇനം. അതിലും മികച്ച ഒന്ന് ഈ കോളനിയിൽ വേറെയില്ല. അഥവാ വന്നാലും സുലു അതിനെ അധികകാലം വാഴിക്കില്ല. അവൾ എന്തെങ്കിലും കുതന്ത്രം ഉപയോഗിച്ച് അവയെ തുരത്തുകയോ ഇല്ലാതാക്കുകയോ ചെയ്യും. തൊട്ടു കിഴക്കതിലെ കുറുപ്പു സാറിന്റെ പട്ടിയെ അവൾ ചെടിക്കു തളിക്കുന്ന കീടനാശിനി കലർത്തിയ ഭക്ഷണം കൊടുത്ത് കൊന്നത് വീടിനു മുകളിൽ നിന്നു ഞാനും, അതിനും മുകളിൽ നിന്ന് എല്ലാം കാണുന്നവനും മാത്രമേ കണ്ടുള്ളൂ. ഇങ്ങിനെയൊക്കെ കുടിതലകൾ ഉള്ളതിനാലാവും വിവാഹം കഴിഞ്ഞ് 12 വർഷം ആയിട്ടും ഞങ്ങളെ ഒരു കുഞ്ഞിക്കാലു കാണിക്കാതെ ദൈവം ക്രൂരത കാട്ടിയത്. ഭർത്താവിനെ പ്രാണനു തുല്യം സ്നേഹിക്കുന്ന അവളെ ഇത്തരം കാര്യങ്ങളിൽ ശാസിക്കുന്നതിൽ നിന്നും താൻ പലപ്പോഴും വിട്ടു നിന്നു. തന്റെ ബലഹീനതകൾ അവളും ഉൾക്കൊള്ളുന്നുണ്ടല്ലോ.
പ്രഭാത ഭക്ഷണം രാമു ആർത്തിയോടെ കഴിച്ചു. സുലുവിന്റെ ഇടയ്ക്കിടയ്ക്കുള്ള ശ്വാന പരിപാലനം അവൻ വീക്ഷിക്കുന്നുണ്ട്. ഇടയ്ക്കു പോകുവാൻ തുനിഞ്ഞ അവനെ ഉച്ചഭക്ഷണം കൂടി കഴിച്ചിട്ടു പോകാം എന്നു ഞാൻ എങ്ങിനെയൊക്കെയോ പറഞ്ഞു മനസിലാക്കി. ഇടയ്ക്ക് അടുക്കളയിലെ തിരക്കിൽ നിന്നും സുലു പുറത്തേയ്ക്കു വന്നു പറഞ്ഞു.
“വിജയേട്ടാ നമുക്കിവനെ ഒന്നു കുളിപ്പിച്ചു വൃത്തിയാക്കി ഒരു പുതിയ ഉടുപ്പും പാന്റും വാങ്ങി നൽകിയാലോ?”
ആശയം നന്നെന്ന് എനിക്കും തോന്നി. തോർത്തും സോപ്പും നൽകി അവനെ ബാത്ത്റൂമിലേക്കയക്കുന്പോൾ ഞങ്ങൾ തുണി വാങ്ങാൻ പോകുവാനായി തയ്യാറെടുക്കുകയായിരുന്നു. കുളി കഴിഞ്ഞ് വന്ന രാമുവിനെ തോർത്തു മുണ്ടുടുപ്പിച്ച് സിറ്റ്ഔട്ടിൽ ഇരുത്തി. എങ്കിലും അവന്റെ പഴയ വസ്ത്രങ്ങൾ കളയുവാൻ അവൻ കൂട്ടാക്കിയില്ല. അത് അവൻ അരികത്തു തന്നെ അടുക്കി പിടിച്ചിരുന്നു. ഇവിടെ ഇരിക്കണം ഞങ്ങൾ പോയിവരാം എന്നു പറഞ്ഞതും ഭാഗ്യം കൊണ്ട് അവന് മനസിലായി. രാവിലെ വയറു നിറച്ച് ആഹാരം കിട്ടിയതിനാൽ തന്നെ അവന് ഞങ്ങളോട് വിശ്വാസവും സ്നേഹവും ഉണ്ടായിത്തുടങ്ങിയിരിക്കുന്നു എന്ന് ഞങ്ങൾ മനസിലാക്കി. ഞങ്ങൾ രണ്ടാളും വീടു പൂട്ടി പുറത്തിറങ്ങുന്നതിന് മുന്പുതന്നെ പുതുതായി പാകം ചെയ്ത ഇറച്ചിക്കറി ടിപ്പുവിന് കൊടുക്കാൻ സുലു മറന്നില്ല. “അല്ല സുലു, ഈ പട്ടിപ്പിറന്നാൾ എത്രനാൾ തുടരാനാണ് നിന്റെ പ്ലാൻ? ശ്വാനന്മാർ അധികം ആയുസുള്ള കൂട്ടരല്ല എന്ന കാര്യം ഓർക്കണം. ഇപ്പോൾ തന്നെ അവന്റെ ഒന്പതാം പിറന്നാളാണ് നാം കൊണ്ടാടുന്നത്.”
യാത്രാമധ്യേ ഞാൻ സുലുവിനോടായി പറഞ്ഞു.
“ഉം.”
ഒരു ദീർഘനിശ്വാസത്തിന്റെ അകന്പടിയോടെ സുലു തുടർന്നു.
“അറിയാം വിജയേട്ടാ. നമ്മുടെ വലിയ ദുഃഖങ്ങളിൽ അൽപമെങ്കിലും ആശ്വാസം കിട്ടുന്നത് അവനെ താലോലിക്കുന്പോഴാണ്.”
“സുലു ഞാൻ പറയുന്നത്. നമുക്ക് ... നമുക്കാ രാമുവിനെ കൂടെ നിർത്തിയാലോ? നമുക്കൊരു കൂട്ടായിട്ട്?”
“അതൊക്കെ വലിയ പ്രശ്നങ്ങൾ ആകില്ലെ? അവന് ഒരു അവകാശിയില്ലെന്ന് ആരുകണ്ടു? ഭാഷയേത് ദേശമേതെന്നറിയാതെ... പുറത്താരെങ്കിലും അറിഞ്ഞാലോ?”
“ഹും, പുറത്താരറിയാൻ? സ്വന്തം അയൽക്കാരെ പോലും പരസ്പരം അറിയാതെ നാലു മതിൽക്കെട്ടിനുള്ളിലെ സ്വകാര്യതയിലേക്ക് ഊളിയിടുന്ന നമ്മുടെ സമൂഹത്തെക്കുറിച്ചാണോ നീ പറുന്നത്? ഇല്ലെങ്കിൽ ഉടൻ ഈ നാട്ടിൽ നിന്നും മറ്റെവിടേയ്ക്കെങ്കിലും ഒരു ട്രാൻസ്ഫർ തരപ്പെടുത്താം.”
“ മറ്റുള്ളവരുടെ കാര്യങ്ങൾ ചൂഴ്ന്നറിയാനുള്ള ആൾക്കാരുടെ ജിജ്ഞാസ കൂടിയിട്ടെയുള്ളു വിജയേട്ടാ.”
അങ്ങിനെ ഞങ്ങൾ രാമുവിനുള്ള പുത്തൻ പുടവയുമായി തിരികെയെത്തിയപ്പോൾ കണ്ട കാഴ്ച ഭയാനകമായിരുന്നു. പട്ടിക്കൂട്ടിനുള്ളിൽ ടിപ്പുവിന്റെ ചേതനയറ്റ ശരീരം! അവന്റെ പാത്രത്തിൽ പാതിയായ ഇറച്ചി കഷ്ണങ്ങൾ. പട്ടിക്കൂടിനോട് ചേർന്ന ചെടികൾക്കടിക്കുന്ന കീടനാശിനിയുടെ ടിന്നും ഒരു ഓമ (പപ്പായ) തണ്ടും. മതിലിനു മുകളിലേയ്ക്ക് ചെളി പുരണ്ട രണ്ട് കാലുകൾ വലിഞ്ഞു കയറിയാ പാടുകൾ. സിറ്റ്ഔട്ടിൽ രാമു ധരിച്ചിരുന്ന തോർത്തുമുണ്ട്.
അസഹനീയമായ ആ കാഴ്ച കണ്ട് സുലു അർദ്ധബോധാവസ്ഥയിൽ താഴെയ്ക്കിരുന്നു. ഞാൻ അവളെ താങ്ങിപ്പിടിച്ച് തറയിലേയ്ക്കിരുന്നു.
“എന്തിനാണ വിജയേട്ടാ... എന്തിനാ അവനിങ്ങനെ ചെയ്തത്?”
“കൊടുത്താൽ കൊല്ലത്തും കിട്ടും മോളെ. വെറുമൊരു പട്ടിയ്ക്ക് തന്നേക്കാൾ പരിഗണനയും പരിചരണവും കിട്ടുന്നത് സമൂഹത്തിൽ ചീഞ്ഞളിയപ്പെട്ട ആ മനുഷ്യക്കുഞ്ഞിന് സഹിച്ചിട്ടുണ്ടാവില്ല. നിന്റെ പട്ടിക്കു മേൽ കുറുപ്പു സാറിന്റെ പട്ടിയുടെ മഹിമ പരക്കുന്നത് കണ്ട് നിനക്ക് സഹിച്ചുവോ? അതുപോലെയേയുള്ളൂ ഇതും. സമൂഹത്തിലെ താഴേയ്ക്കിടയിലുള്ള ദരിദ്ര നാരായണന്മാരെ കാണാതെ എത്ര ചന്ദ്രയാനും കണികാ പരീക്ഷണവും നടത്തിയിട്ട് എന്തു കാര്യം?” ഇതു ചിന്തകളായി എന്റെ മനസിൽ തങ്ങി നിന്നതേയുള്ളൂ. പ്രിയതമയെ െനഞ്ചോടു ചേർത്ത് സമാശ്വസിപ്പിക്കുന്പോൾ രാമുവിനോട് മനസിൽ എനിക്ക് ബഹുമാനം തോന്നി.