ഏഷ്യൻ യൂത്ത് ഗെയിംസിന് ബഹ്റൈനിൽ വർണ്ണാഭമായ സമാപനം
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിൽ നടന്ന മൂന്നാം ഏഷ്യൻ യൂത്ത് ഗെയിംസിന് ഖലീഫ സ്പോർട്സ് സിറ്റിയിൽ നടന്ന വർണ്ണാഭമായ ചടങ്ങുകളോടെ സമാപനമായി. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും, ജനറൽ സ്പോർട്സ് അതോറിറ്റി പ്രസിഡൻ്റുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ സമാപന ചടങ്ങിൽ പങ്കെടുത്തു. വിവിധ ഏഷ്യൻ രാജ്യങ്ങളെ പ്രതിനിധീകരിച്ചുള്ള വിശിഷ്ടാതിഥികളും കായികതാരങ്ങളും ചടങ്ങിന് സാക്ഷ്യം വഹിച്ചു.
കായികതാരങ്ങൾ അണിനിരന്ന പരേഡ് സമാപന ചടങ്ങിലെ പ്രധാന ആകർഷണമായി. ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറൽ ഫാരിസ് മുസ്തഫ അൽ കൂഹെജി, ഏഷ്യൻ ഒളിമ്പിക് കമ്മിറ്റി ഫസ്റ്റ് വൈസ് പ്രസിഡന്റ് തിമോത്തി ഫോക്ക് എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഏഷ്യൻ യൂത്ത് ഗെയിംസിന്റെ അടുത്ത പതിപ്പിന് 2029-ൽ ആതിഥേയത്വം വഹിക്കുന്ന ഉസ്ബെക്കിസ്ഥാൻ ഒളിമ്പിക് കമ്മിറ്റിക്ക് ഗെയിംസിന്റെ പതാക കൈമാറുകയും ചെയ്തു.
മെഡൽ നിലയിൽ 63 സ്വർണ്ണം ഉൾപ്പെടെ 147 മെഡലുകൾ നേടി ചൈനയാണ് ഒന്നാം സ്ഥാനം നേടിയത്. 13 സ്വർണ്ണ മെഡലുകൾ ഉൾപ്പെടെ 48 മെഡലുകളുമായി ഇന്ത്യ ആറാം സ്ഥാനത്തും, അഞ്ച് സ്വർണ്ണം ഉൾപ്പെടെ 13 മെഡലുകൾ നേടി ആതിഥേയരായ ബഹ്‌റൈൻ പതിനാലാം സ്ഥാനത്തും എത്തി. നാലായിരത്തോളം കായിക താരങ്ങളും, 13000 രത്തോളം പ്രതിനിധികളുമാണ് ഏഷ്യൻ യൂത്ത് ഗെയിംസിനായി ബഹ്റൈനിലെത്തിയത്.
ാാീ
