ഭാരതി അസോസിയേഷൻ ബഹ്‌റൈൻ ദീപാവലി ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു

പ്രദീപ് പുറവങ്കര
മനാമ l ബഹ്റൈനിലെ തമിഴ് നിവാസികളുടെ കൂട്ടായ്മയായ ഭാരതി അസോസിയേഷൻ ബഹ്‌റൈൻ ദീപാവലി പ്രമാണിച്ച് വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. ഒക്ടോബർ 17-ന് സൽമാബാദിലെ ഗോൾഡൻ ഈഗിൾ ക്ലബ് ഇൻഡോർ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയുടെ മുഥ്യ ആകർഷണം തമിഴ് സംവാദവേദിയാണ്. പ്രഭാഷണരംഗത്ത് പ്രശസ്തനും, തമിഴ്‌നാട് സർക്കാരിന്റെ ടെക്സ്റ്റ് ബുക്ക് ആൻഡ് എഡ്യൂക്കേഷണൽ സർവീസസ് കോർപ്പറേഷൻ ചെയർമാനുമായ ദിണ്ടിഗൽ ഐ. ലിയോണിയാണ് സംവാദത്തിന് നേതൃത്വം നൽകുന്നത്.
"തമിഴ് സിനിമ: പഴയ സിനിമകൾ പുതിയ സിനിമകളേക്കാൾ മികച്ചതാണോ? എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സംവാദം നടക്കുന്നത്. കവിഞ്ഞർ ഇനിയവൻ, പ്രൊഫസർ ഡോ. വിജയകുമാർ എന്നി പ്രശസ്ത പ്രഭാഷകരാണ് ഇരുവിഭാഗത്തെയും നയിക്കുന്നത്. വൈകീട്ട് 5.30ന് നടക്കുന്ന പൊതുസമ്മേളനത്തിന് ശേഷം മൂന്ന് മണിക്കൂർ നീളുന്ന നടക്കുന്ന സംവാദം ചിരിയും ചിന്തയും ഉണർത്തുന്ന മികച്ച കലാവിരുന്നായിരിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇതിന് ശേഷം അസോസിയേഷൻ അംഗങ്ങളുടെ കുട്ടികൾ നൃത്താദ്ധ്യപിക ഹൻസുൽ ഗനിയുടെ ശിക്ഷണത്തിൽ അവതരിപ്പിക്കുന്ന പരമ്പരാഗത നൃത്തപരിപാടി അരങ്ങേറും. പ്രവേശനം സൗജന്യമായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.
വാർത്തസമ്മേളനത്തിൽ പ്രസിഡണ്ട് വള്ളം ബഷീർ, ജനറൽ സെക്രട്ടറി അബ്ദുൾ ഖയൂം, ഈവന്റ് കോർഡിനേറ്റർ മുത്തുവേൽ, ബാബു സുന്ദർരാജ്, ട്രഷറർ മൻസൂർ, അസ്റ്റിസ്റ്റന്റ് ജനറൽ സെക്രട്ടരി സുബ്രമണ്യൻ സുഭാഷ്, ഇളയരാജ, സബീക്ക് മീരാൻ, യൂനിസ് അബ്ദുൽ, സ്റ്റാർവിഷൻ മാനേജിങ്ങ് ഡയറക്ടർ സേതുരാജ് കടയ്ക്കൽ എന്നിവർ പങ്കെടുത്തു.
്ുി്ു