പി.പി.എഫ്. പ്രൊഫഷണൽ മീറ്റ് നാളെ: ജോൺ ബ്രിട്ടാസ് എം.പി., ഡോ. അരുൺകുമാർ, ബഹ്‌റൈൻ എം.പി. തുടങ്ങിയവർ പങ്കെടുക്കും

പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിലെ പ്രൊഗ്രസ്സീവ് പ്രൊഫഷണൽ ഫോറം തങ്ങളുടെ അംഗങ്ങൾക്കും ക്ഷണിക്കപ്പെട്ടവർക്കുമായി സംഘടിപ്പിക്കുന്ന പ്രൊഫഷണൽ മീറ്റ് നാളെ (ഒക്ടോബർ 10, വെള്ളിയാഴ്ച്ച) വൈകീട്ട് ടൂബ്ലി മർമാരീസ് ഹാളിൽ വെച്ച് നടക്കും.
വിശിഷ്ടാതിഥികളുടെ സൗകര്യത്തിനായി മെയ് മാസത്തിൽ നടക്കേണ്ടിയിരുന്ന പരിപാടിയാണ് ഇപ്പോൾ പുനഃക്രമീകരിച്ചിരിക്കുന്നത്. ലോക കേരളസഭാ മെമ്പർ പി. കെ. ഷാനവാസ് ജനറൽ കൺവീനറായ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രൊഫഷണൽ മീറ്റ് സംഘടിപ്പിക്കുന്നത്.
പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് ഈ സംഗമം ശ്രദ്ധേയമാകും. രാജ്യസഭാ മെമ്പർ ജോൺ ബ്രിട്ടാസ് എം.പി., പ്രശസ്ത മാധ്യമ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. അരുൺകുമാർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. കൂടാതെ, ബഹ്‌റൈൻ പാർലമെന്റ് അംഗം അഡ്വ. അബ്ദുല്ല ബിൻ ഖലീഫ അൽ റുമൈഹി വിശിഷ്ടാതിഥിയായിരിക്കും.
ബഹ്‌റൈനിൽ താമസിക്കുന്ന മലയാളികളായ പ്രൊഫഷണലുകൾ ചേർന്ന് രൂപം നൽകിയ കൂട്ടായ്മയാണ് പ്രൊഗ്രസ്സീവ് പ്രൊഫഷണൽ ഫോറം. എഞ്ചിനീയർമാർ, ഡോക്ടർമാർ, അധ്യാപകർ, മാനേജർമാർ തുടങ്ങി വിവിധ മേഖലകളിലെ പ്രൊഫഷണലുകൾ ഈ കൂട്ടായ്മയിൽ സജീവമാണ്. കേരളത്തിന്റെ പുനർനിർമ്മാണ പദ്ധതികളായ റീബിൽഡ് കേരളയുമായി ബന്ധപ്പെട്ട് സർക്കാരുമായി സജീവമായി ഇടപെട്ട് പ്രവർത്തിക്കുന്ന സംഘടനകളിൽ ഒന്നുകൂടിയാണ് പി.പി.എഫ്.
aa