സർക്കാർ ജീവനക്കാരുടെ ശന്പളവർദ്ധനവ് തൽക്കാലമില്ല


      
മനാമ: സർക്കാർ ജീവനക്കാർക്ക് വാഗ്ദാനം ചെയ്ത 15 ശതമാനം വർദ്ധനവ്‌ തൽക്കാലം മാറ്റിവയ്ക്കാൻ ഷൂറ കൌൺസിൽ തീരുമാനിച്ചു. നിലവിലെ സാന്പത്തിക സാഹചര്യം വിലയിരുത്തിയാണ് തീരുമാനമെടുത്തിരിക്കുന്നത്. അടുത്ത വർഷം ഇത് വീണ്ടും പരിഗണിക്കാമെന്ന ഉറപ്പിന്മേലാണ് നടപടി.
 
എണ്ണവിലയിടിവ് കാരണം 2015, 2016 വർഷങ്ങളിൽ രാജ്യത്തിന്റെ ബജറ്റ് കമ്മി 5 ബില്ല്യൺ വരെയെത്താമെന്ന ഫൈനാൻഷ്യൽ, ഇക്കണോമിക് കമ്മറ്റി ചെയർമാൻ ഖാലിദ് അൽ മസ്കതി മുന്നറിയിപ്പ് നൽകിയിരുന്നു. 'സാന്പത്തിക വിഷയങ്ങളിൽ സർക്കാർ ഭീമമായ വെല്ലുവിളിയാണ് നേരിടുന്നത്. ഇതിനെ അതിജീവിക്കാൻ സർക്കാർ ചിലവുകൾ വെട്ടിച്ചുരുക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കുകയാണ്' അദ്ദേഹം പറഞ്ഞു.   
 
കഴിഞ്ഞ വർഷം ബജറ്റ് കമ്മി 2 ബില്ല്യണായിരുന്നു. എണ്ണവില ഒരു ബാരലിന് ശരാശരി 60 ഡോളർ കണക്കിൽ ഈ വർഷം ഇത് 3 ബില്ല്യണാകുമെന്നാണ് കരുതുന്നത്. ബ്രെന്റ് ക്രൂഡോയിലിന് ഇപ്പോഴത്തെ വിലയായ 29 ഡോളർ കഴിഞ്ഞ 12 വർഷത്തിനിടയിലെ ഏറ്റവും ചുരുങ്ങിയ വിലയാണെന്ന് അൽ മസ്കതി പറയുന്നു. ഈ രീതിയിൽ പോവുകയാണെങ്കിൽ കമ്മി 66 ശതമാനം വരെയാകാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുണ്ട്.       
 
സർക്കാരിന്റെ കണക്കുകളുദ്ധരിച്ച അദ്ദേഹം, ഈ അവസരത്തിൽ ശന്പളവർദ്ധനവ് പ്രായോഗികമല്ലെന്ന് കൂട്ടിച്ചേർത്തു.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed