പുതിയ തൊഴിൽ കരാറുകളിൽ പതിനൊന്ന് ഭാഷകൾക്ക് അംഗീകാരം

യു എ ഇ : പുതിയ തൊഴിൽ കരാറുകളിൽ പതിനൊന്ന് ഭാഷകൾക്ക് അംഗീകാരം നൽകിയതായി യു എ ഇ തൊഴിൽ മന്ത്രാലയം അറിയിച്ചു. ജോബ് ഓഫറുകൾ, തൊഴില കരാറുകൾ, അനുബന്ധ രേഖകൾ തുടങ്ങിയവയെല്ലാം ഇനി മുതൽ 11 ഭാഷകളിൽ ലഭ്യമാകും. ഇതുൾപ്പെട്ട പുതിയ തൊഴിൽ ചട്ടങ്ങൾ തൊഴിൽ മന്ത്രി സഖ്‌ർ ഘോബഷിന്റെ നേതൃത്വത്തിൽ വർഷാരംഭത്തിൽ തന്നെ നടപ്പിലാക്കി തുടങ്ങിയിരുന്നു.
ഓരോ ജോബ് ഓഫറിലും അറബിയും ഇംഗ്ലീഷും ആയിരിക്കും പ്രധാന ഭാഷകൾ, തൊഴിലാളിക്ക് നൽകുന്ന കരാറിലും മറ്റു അനുബന്ധ രേഖകളിലും ഈ ഭാഷകൾക്കൊപ്പം തൊഴിലാളിക്ക് മനസിലാവുന്ന മൂന്നാമതായി ഒരു ഭാഷ കൂടി ഉണ്ടായിരിക്കും. പുറത്ത് നിന്ന് വരുന്ന ഓരോ തൊഴിലാളിക്കും, അതുപോലെ തന്നെ നിലവിൽ യു എ ഇ യിൽ ജോലി ചെയ്യുന്നതും പുതിയ ജോലി അന്വേഷിക്കുന്നവർക്കും ഇത് ബാധകമായിരിക്കുമെന്ന് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഫോർ ലേബർ അഫയേഴ്സ്, ഹുമൈദ് ബിൻ ദീമാസ് അറിയിച്ചു.
ബംഗാളി, ചൈനീസ്,ദാരി, ഹിന്ദി,മലയാളം, നേപ്പാളീസ്,ശ്രീലങ്കൻ, തമിഴ്,ഉറുദു, തുടങ്ങിയവയാണ് ഇതിനായി അംഗീകരിച്ചിരിക്കുന്ന മറ്റു ഭാഷകൾ എന്ന് അദ്ദേഹം വ്യക്തമാക്കി. കൂടുതൽ തൊഴിലാളികൾ ഉപയോഗിക്കുന്ന ഭാഷകളുടെ അടിസ്ഥാനത്തിലാണ് ഈ ഭാഷകൾ തെരഞ്ഞെടുത്തിരിക്കുന്നത്.
ഇതിലൂടെ തൊഴിൽ നിയമങ്ങളും, അതിലെ ഉപാധികളും, തൊഴിലാളികളുടെ അവകാശങ്ങളും കടമകളുമെല്ലാം എല്ലാവരിലേക്കും എത്തിക്കാൻ സാധിക്കുമെന്നാണ് തൊഴിൽ മന്ത്രാലയം പ്രതീക്ഷിക്കുന്നു.