ഐ.സി.എഫ്. ബഹ്റൈൻ മുഹറം ക്യാമ്പ് സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ: സാമൂഹ്യ സേവന രംഗത്ത് സമഗ്രമായ നേതൃ പരിശീലനം ലക്ഷ്യമാക്കി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ബഹ്റൈൻ യൂണിറ്റ്, റീജിയൻ ഭാരവാഹികൾക്കായി റസിസ്റ്റൻസിയ എന്ന പേരിൽ സംഘടിപ്പിച്ച ഏകദിന ക്യാമ്പ് ശ്രദ്ധേയമായി.
ഹമദ് ടൗൺ ഫാത്തിമ ഷകർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ക്യാമ്പ് അമീർ ഉസ്മാൻ സഖാഫി തളിപ്പറമ്പിന്റെ അദ്ധ്യക്ഷതയിൽ ഐ.സി എഫ് ഇന്റർനാഷനൽ ഡപ്യൂട്ടി പ്രസിഡണ്ട് കെ. സി സൈനുദ്ധീൻ സഖാഫി ഉദ്ഘാടനം ചെയ്തു. പ്രസ്ഥാനം, സംഘാടനം, ആദർശം എന്നീ സെഷനുകൾ യഥാക്രമം സുബൈർ സഖാഫി കോട്ടയം, അഡ്വ: എം.സി അബ്ദുൽ കരീം, അബൂബക്കർ ലത്വീഫി എന്നിവർ അവതരിപ്പിച്ചു.
വിവിധ സെഷനുകളിലായി നടത്തിയ വിജ്ഞാനപ്പരീക്ഷയിൽ മുഹമ്മദ് പുന്നക്കൽ (മുഹറഖ്), നസീഫ് അൽ ഹസനി (ഉമ്മുൽ ഹസം ), സുൽഫിക്കർ അലി (റിഫ) എന്നിവർ വിജയികളായി. വിജയികൾക്കുള്ള സമ്മാനദാനം സയ്യിദ് അസ്ഹർ അൽ ബുഹാരി നിർവ്വഹിച്ചു. ഷമീർ പന്നൂർ, അബ്ദുൽ ഹകീം സഖാഫി കിനാലൂർ, റഫീക്ക് ലത്വീഫി വരവൂർ, അബ്ദുൽ സലാം മുസ്ല്യാർ കോട്ടക്കൽ എന്നിവർ സംസാരിച്ചു.
സമാപനത്തോടനുബന്ധിച്ച് നടത്തിയ കമ്പവലി മത്സരത്തിൽ മനാമ റീജിയൻ ടീം ചാമ്പ്യൻമാരായി. ഐ. സി എഫ് നാഷനൽ സംഘടനാ സിക്രട്ടറി ഷംസുദ്ധീൻ പൂക്കയിൽ സ്വാഗതവും ശിഹാബുദ്ധീൻ സിദ്ദീഖ്വി നന്ദിയും പറഞ്ഞു.
aa