ഒക്ടോബർ 22 മുതൽ 31 വരെ ബഹ്റൈനിൽ നടക്കുന്ന ഏഷ്യൻ യൂത്ത് ഗെയിംസിനുള്ള ഒരുക്കങ്ങൾക്ക് തുടക്കമായി

ഒക്ടോബർ 22 മുതൽ 31 വരെ ബഹ്റൈനിൽ നടക്കുന്ന ഏഷ്യൻ യൂത്ത് ഗെയിംസിനുള്ള ഒരുക്കങ്ങൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി സാങ്കേതിക പ്രതിനിധികളുടെ യോഗം മനാമയിൽ നടന്നു. ഏഷ്യൻ ദേശീയ ഒളിമ്പിക് കമ്മിറ്റികളുടെയും ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
42 ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള 3,500ലധികം അത്ലറ്റുകൾ 31 ഉപവിഭാഗങ്ങളിലായി 24 കായിക ഇനങ്ങളിൽ മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുരുഷന്മാർക്കും സ്ത്രീകൾക്കും മിക്സഡ് ടീമുകൾക്കുമായി ആകെ 253 ഇനങ്ങളുണ്ട്. ഇസ സ്പോർട്‌സ് സിറ്റി, ഖലീഫ സ്പോർട്‌സ് സിറ്റി, എക്‌സിബിഷൻ വേൾഡ് ബഹ്റൈൻ, എൻഡുറൻസ് വില്ലേജ്, സാമ ബേ എന്നിവയുൾപ്പെടെയുള്ള വേദികളിൽ മത്സരങ്ങൾ നടക്കും.
ജൂണിൽ അക്രഡിറ്റേഷൻ സംവിധാനം ആരംഭിക്കുമെന്നും ജൂലൈ 31 വരെ സമർപ്പിക്കാനുള്ള സമയപരിധിയുണ്ടെന്നും സംഘാടകർ സ്ഥിരീകരിച്ചു. സെപ്റ്റംബറിൽ ഡിജിറ്റൽ അക്രഡിറ്റേഷൻ കാർഡുകൾ വിതരണം ചെയ്യും. ഒക്ടോബർ 13ന് ഔദ്യോഗിക അക്രഡിറ്റേഷൻ കേന്ദ്രം തുറക്കുമെന്നും അധികൃതർ വ്യക്തമാക്കി.