ഗാസ, ഇറാൻ - യു എസ് ആണവചർച്ച, സിറിയ ബാഗ്‌ദാദ് ; അറബ് ഉച്ചകോടിയിൽ ചൂടേറിയ വിഷയങ്ങൾ നിരവധി

അക്ബർ പൊന്നാനി
ജിദ്ദ: 34-ാമത് അറബ് ലീഗ് ഉച്ചകോടി ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ ഇന്ന് ശനിയാഴ്ച ആരംഭിച്ചു. ഗ്രീൻ സോണിലെ സർക്കാർ മന്ദിരത്തിൽ അറബ് രാഷ്ട്രങ്ങളുടെ ഭരണാധികാരികളും ഉന്നതരും സംബന്ധിക്കുന്ന ഉച്ചകോടിയിൽ ഐക്യ രാഷ്ട്രസഭാ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ്, ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുകയും അതിന്റെ പേരിൽ ഇസ്രായീൽ ഏറ്റവുമധികം എതിർക്കുന്ന യൂറോപ്യൻ ഭരണാധികാരിയുമായ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് എന്നിവരും പങ്കെടുക്കുന്നുണ്ട്.
നാല് പതിറ്റാണ്ടുകളായി നീണ്ടുനിന്ന യുദ്ധത്തിനും സംഘർഷങ്ങൾക്കും ശേഷം, താരതമ്യേന സ്ഥിരത തിരിച്ചെത്തിയ ഇറാഖ് തലസ്ഥാനത്തിന്റെ തെരുവുകൾ 22 അറബ് രാജ്യങ്ങളുടെയും പതാകകൾ പാറിക്കളിക്കുകയാണ്.
ഗാസയിൽ നിന്ന് അവിടുത്തെ നിവാസികളെ നാടുകടത്തി, ആ പ്രദേശം വാഷിംഗ്ടണിന്റെ നിയന്ത്രണത്തിലാക്കണമെന്ന അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വെച്ച നിർദേശത്തിന്റെ പശ്ചാത്തലത്തിൽ അതിന് പകരമായി ഗാസ പുനർനിർമ്മിക്കാനുള്ള പദ്ധതിയ്ക്ക് രൂപം കൊടുക്കാൻ കഴിഞ്ഞ മാർച്ചിൽ ഈജിപ്ത്യൻ തലസ്ഥാനമായ കെയ്‌റോയിൽ ചേർന്ന അടിയന്തര യോഗത്തിൽ ഉച്ചകോടിയ്ക്ക് തുടർച്ചയെന്നോണമാണ് ബാഗ്ദാദ് ഉച്ചകോടി അരങ്ങേറുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ഗൾഫ് പര്യടനത്തിനിടയിലും ഗാസ മുനമ്പ് "സ്വന്തമാക്കാനുള്ള" മോഹം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ചിരുന്നു.
അതോടൊപ്പം, ഗാസയിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന നിരന്തരമായ വ്യോമാക്രമണത്തിലൂടെ മാനുഷികവും മറ്റുമായി പ്രതിസന്ധികളും ദാരുണാവസ്ഥയും അനുനിമിഷം വഷളായി കൊണ്ടിരിക്കുകയും ചെയ്യുന്നതിനിടയിലാണ് ഇറാഖ് തലസ്ഥാനത്തെ പുതിയ ഉച്ചകോടി.
അസദ് വംശത്തിന്റെ ഭരണത്തിന് ശേഷം അഹമ്മദ് അൽഷറയുടെ നേതൃത്വത്തിൽ നിലവിൽ വന്ന പുതിയ സിറിയൻ ഭരണകൂടം മറ്റു അറബ് രാഷ്ട്രങ്ങളുമായും അമേരിക്ക ഉൾപ്പെടെയുള്ള ലോക രാജ്യങ്ങളുമായും ഒരു പുതിയ അധ്യായം തുറന്ന് കൊണ്ടിരിക്കുന്നത്, ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യ, വാഷിംഗ്ടണും ടെഹ്‌റാനും നടത്തിക്കൊണ്ടിരിക്കുന്ന ആണവ ചർച്ച എന്നിവയുൾപ്പെടെ നിരവധി മേഖലാ - രാജ്യാന്തര വിഷയങ്ങൾ ഉച്ചകോടിയുടെ അജണ്ടയിൽ സ്ഥാനം പിടിച്ചിട്ടുള്ളവ.
"ഇന്ന്, ഞങ്ങൾ ഇറാഖിനെ പുനർനിർമ്മിക്കുക മാത്രമല്ല, സന്തുലിതമായ വിദേശനയം, ബോധപൂർവമായ നേതൃത്വം, വികസന സംരംഭങ്ങൾ, തന്ത്രപരമായ പങ്കാളിത്തങ്ങൾ എന്നിവയിലൂടെ മൊത്തം മിഡിൽ ഈസ്റ്റിനെയാണ് പുനർനിർമ്മിക്കുന്നതിൽ പങ്കാളികളാവുകയാണ് ചെയ്യുന്നത്": ആതിഥേയ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽസുദാനി പറഞ്ഞു. 2012 ലാണ് ഇറാഖ് അവസാനമായി അറബ് ഉച്ചകോടിയ്ക്ക് ആതിഥ്യം വഹിച്ചത്.
aa