മലയാളി കടയുടമ തട്ടിപ്പിനിരയായതായി പരാതി

മനാമ: ഹമദ്ടൗൺ സൂക്കിൽ ചെരുപ്പ് കട നടത്തുന്ന മലയാളി തട്ടിപ്പിനിരയായതായി പരാതി. കാസർ ഗോഡ് സ്വദേശിയ്ക്ക് 129 ദിനാർ ആണ് നഷ്ടമായത്.
സംഭവത്തെ കുറിച്ച് കടക്കാരൻ പറയുന്നതിങ്ങനെ: ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി പത്ത് മണിയോടെ കാറിൽ എത്തിയ സ്വദേശി സ്ത്രീയും പുരുഷനും ചെരുപ്പുകൾ ആവശ്യപ്പെടുകയും പത്ത് ജോഡി ചെരുപ്പ് തിരഞ്ഞെടുക്കുകയും ചെയ്തു. സാധനങ്ങൾ പാക്ക് ചെയ്ത ശേഷം തുക എത്ര ആയെന്ന് ചോദിക്കുകയും 126 ദിനാർ ബിൽ ആയെന്ന് പറയുകയും ചെയ്തു. കൂടെയുള്ള സ്ത്രീക്ക് മറ്റൊരിടത്തേയ്ക്ക് പോകാനുണ്ടെന്നും സാധനങ്ങളുമായി അവർ പൊയ്ക്കോട്ടെയെന്നും തനിക്ക് വേറെ കുറച്ച് കൂടി ചെരുപ്പുകൾ ആവശ്യമുണ്ടെന്ന് പറയുകയും ചെയ്തു. വീണ്ടും ചെരുപ്പുകൾ തിരഞ്ഞെടുത്ത ശേഷം ബിൽ ആവശ്യപ്പെട്ടു. 173 ദിനാർ ബിൽ ആയെന്ന് പറഞ്ഞപ്പോൾ ക്യാഷ് ഇല്ല ചെക്ക് തരാം എന്നായി സ്വദേശി.
എന്നാൽ ചെക്ക് സ്വീകരിക്കില്ലെന്നും ക്യാഷ് മതിയെന്നും പറഞ്ഞുവെങ്കിലും കടയുടമയെ സമ്മതിപ്പിക്കാം എന്ന് പറഞ്ഞ് കടയുടമയുമായി ഫോണിൽ സംസാരിച്ചു. തുടർന്ന് ചെക്ക് വാങ്ങാൻ തീരുമാനമായി. എന്നാൽ രണ്ട് തവണ ചെക്ക് എഴുതിയെങ്കിലും ചെക്കിൽ എഴുതിയ തുകയിലും മറ്റും വ്യത്യാസം കണ്ടതിനെ തുടർന്ന് ചെക്ക് വാങ്ങുന്നതിൽ വീണ്ടും കടക്കാരിൽ ആശയക്കുഴപ്പം ഉണ്ടാവുകയും ചെക്ക് വേണ്ട പകരം ക്യാഷ് മതി എന്ന് തീരുമാനിക്കുകയും ചെയ്തു. ഇതേ തുടർന്ന് വീണ്ടും കടയുടമ സ്വദേശിയുമായി ഫോണിൽ സംസാരിച്ചു.എന്നാൽ കടയുടെ പുറത്ത് നിന്ന് ഫോണിൽ സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായി കടയുടെ പുറകിലേയ്ക്ക് പോവുകയും അവിടെ നിർത്തിയിട്ട കാറിൽ കയറി സ്ഥലം വിടുകയും ചെയ്യുകയായിരുന്നു.കാറിൽ നേരെത്തെ ഒപ്പം വന്ന സ്ത്രീ ഉണ്ടായിരുന്നതായും കടക്കാർ പറയുന്നു.
സംഭവത്തെക്കുറിച്ച് ഹമദ് ടൗൺ പോലീസ് േസ്റ്റഷനിൽ പരാതി കൊടുത്തിട്ടുണ്ട്.